രജിസ്ട്രേഷനൊപ്പം പോക്കുവരവ് ചെയ്ത ആധാരം ലഭ്യമാക്കും- മന്ത്രി വി.എൻ വാസവൻ
text_fieldsതിരുവള്ളൂർ: ആധാരം രജിസ്ട്രേഷൻ കഴിഞ്ഞയുടൻ തന്നെ പോക്കുവരവ് ചെയ്ത ആധാരം ലഭ്യമാക്കാൻ കഴിയുമെന്ന് സഹകരണമന്ത്രി വി.എൻ. വാസവൻ പറഞ്ഞു. തിരുവള്ളൂർ, വില്യാപ്പള്ളി സബ് രജിസ്ട്രാർ ഓഫിസുകളുടെ നിർമാണം പൂർത്തിയാക്കിയ കെട്ടിടങ്ങൾ ഓൺലൈനിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഒരുകോടി 14 ലക്ഷം രൂപ വില്യാപ്പള്ളി സബ് രജിസ്ട്രാർ ഓഫിസിനും, ഒരു കോടി ഒമ്പത് ലക്ഷം രൂപ തിരുവള്ളൂർ സബ് രജിസ്ട്രാർ ഓഫിസ് നിർമാണത്തിനും അനുവദിച്ചത്. വടകര താലൂക്കിലെ വില്യാപ്പള്ളി വില്ലേജിലെ കീഴൽ, കുട്ടോത്ത്, മേമുണ്ട, മയ്യന്നൂർ, വില്യാപ്പള്ളി, തിരുമന എന്നീ ദേശങ്ങളും, ആയഞ്ചേരി വില്ലേജിലെ പൊൻമേരി പറമ്പിൽ, കടമേരി എന്നീ ദേശങ്ങളും പുറമേരി വില്ലേജിലെ ഇളയിടമെന്ന ദേശവും ഉൾപ്പെടുന്ന പ്രദേശമാണ് വില്യാപ്പള്ളി സബ് രജിസ്ട്രാർ ഓഫിസിന്റെ പ്രവർത്തന പരിധിയിലുള്ളത്.
നാല് വില്ലേജുകളിലെ 13 ദേശങ്ങൾ തിരുവള്ളൂർ സബ് രജിസ്ട്രാർ ഓഫിസിന്റെ പരിധിയിൽപെടുന്നു. കെ.പി. കുഞ്ഞമ്മത് കുട്ടി എം.എൽ.എ അധ്യക്ഷത വഹിച്ചു. കെ. മുരളീധരൻ എം.പി മുഖ്യാതിഥിയായി. വില്യാപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ബിജുള, തിരുവള്ളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സബിത മണക്കുനി, ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, രജിസ്ട്രേഷൻ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.