ഭൂമി തരംമാറ്റൽ; കെട്ടിക്കിടക്കുന്നത് ആയിരക്കണക്കിന് അപേക്ഷ
text_fieldsകോഴിക്കോട്: ഭൂമി തരംമാറ്റവുമായി ബന്ധപ്പെട്ട ആയിരക്കണക്കിന് അപേക്ഷകൾ കെട്ടിക്കിടക്കെ, അതിവേഗം തീർപ്പാക്കൽ നടപടികളുടെ ഭാഗമായി നിയോഗിച്ച താൽക്കാലിക ജീവനക്കാരുടെ കാലാവധി അവസാനിക്കുന്നു. ജില്ലയിലെ ആർ.ഡി.ഒ, താലൂക്ക്, വില്ലേജ് ഓഫിസുകളിലായി നിയോഗിച്ച അമ്പതിലേറെ താൽക്കാലിക ജീവനക്കാരുടെ കാലാവധിയാണ് ദിവസങ്ങൾക്കുള്ളിൽ തീരുന്നത്. ജീവനക്കാരുടെ ക്ഷാമം ഭൂമി തരംമാറ്റൽ അപേക്ഷകൾ കെട്ടിക്കിടക്കുന്നതിനിടയാക്കുന്നതായി വിവിധ കോണുകളിൽനിന്ന് പരാതി ഉയർന്നതോടെയാണ് താൽക്കാലിക ജീവനക്കാരെ നിയോഗിച്ചിരുന്നത്. മാസത്തിൽ 26,500 രൂപ ശമ്പളത്തിൽ പരീക്ഷയും അഭിമുഖവും നടത്തി 179 ദിവസത്തേക്കായിരുന്നു ഇവരുടെ നിയമനം. ജില്ലയിൽ നിയമിച്ച 53 പേരിൽ മിക്കവരുടെയും കാലാവധി അടുത്ത ആഴ്ചയോടെയാണ് അവസാനിക്കുന്നത്. ഇതോടെ ഭൂമി തരംമാറ്റ അപേക്ഷകളിലെ നടപടികൾ വീണ്ടും മന്ദഗതിയിലാവുമെന്നാണ് റവന്യൂവകുപ്പിലെ ഉദ്യോഗസ്ഥർ പറയുന്നത്.
ഭൂമി തരംമാറ്റലുമായി ബന്ധപ്പെട്ട് ആർ.ഡി.ഒയിലെത്തുന്ന അപേക്ഷകൾ ബന്ധപ്പെട്ട വില്ലേജ് ഓഫിസുകളിലേക്കയച്ചാൽ പ്രസ്തുത സ്ഥലം നേരിൽ കണ്ട് പരിശോധിച്ച് റിപ്പോർട്ട് തയാറാക്കുന്നത് ഈ താൽക്കാലിക ജീവനക്കാരായിരുന്നു.
ഫീൽഡ് മാർജിൻ ബുക്ക്, ഡേറ്റാബാങ്ക്, ബേസിക് ടാക്സ് രജിസ്റ്റർ എന്നിവയടക്കം പരിശോധിച്ചാണ് റിപ്പോർട്ടുകൾ തയാറാക്കുന്നത്. മാത്രമല്ല, വില്ലേജ് ഓഫിസുകളിലെ മറ്റു ജോലികളും ഇവർ ചെയ്തിരുന്നു.
നിലവിൽ കെട്ടിക്കിടക്കുന്ന അപേക്ഷകളിലേറെയും വില്ലേജ് ഓഫിസിൽനിന്ന് റിപ്പോർട്ടാക്കി കോഴിക്കോട്, വടകര ആർ.ഡി.ഒ ഓഫിസുകളിലേക്ക് അയച്ചിട്ടുണ്ട്. ഏതാനും അപേക്ഷകൾ ആർ.ഡി.ഒ ഓഫിസുകളിൽ ഉത്തരവ് കാത്തുകിടക്കുന്നുണ്ട്. ഗാർഹിക-വാണിജ്യ സ്ഥാപനങ്ങൾക്ക് നമ്പറും ലൈസൻസുമെല്ലാം ലഭിക്കുന്നതിനാണ് ഭൂമി തരംമാറ്റ അപേക്ഷകൾ കൂടുതലായി എത്തുന്നത്. വടകര ആർ.ടി.ഒ ഓഫിസിൽ ആറായിരത്തിന് മുകളിൽ അപേക്ഷകളാണ് നിലവിൽ കെട്ടിക്കിടക്കുന്നത്. ജനുവരി മുതൽ ലഭിച്ച 7200 ഓൺലൈൻ അപേക്ഷകളിൽ 1200 എണ്ണത്തോളമാണ് തീർപ്പാക്കിയത്. എഴുതിനൽകിയ അപേക്ഷകളിൽ 8000 എണ്ണവും തീർപ്പാക്കി. ഈ ഇനത്തിൽ നൂറിൽ താഴെ അപേക്ഷകളാണ് കെട്ടിക്കിടക്കുന്നത്. കോഴിക്കോട് ആർ.ഡി.ഒ ഓഫിസിൽ പതിനായിരത്തിന് മുകളിലും അപേക്ഷ കെട്ടിക്കിടക്കുന്നു. ദിവസേന നൂറുവരെ അപേക്ഷകളാണ് ഭൂമി തരംമാറ്റുന്നതിനായി ലഭിക്കുന്നത്.
താൽക്കാലികമായി നിയമിച്ചവരുടെ കാലാവധി ആറുമാസം കൂടി ദീർഘിപ്പിച്ചോ അല്ലെങ്കിൽ വീണ്ടും അപേക്ഷ ക്ഷണിച്ച് ആളുകളെ നിയമിച്ചോ ഭൂമി തരംമാറ്റ അപേക്ഷകളിൽ വേഗത്തിൽ തീർപ്പുണ്ടാക്കണമെന്നാണ് അപേക്ഷകരുടെ ആവശ്യം. ഡിജിറ്റൽ സർവേകൂടി കണക്കിലെടുത്ത് വില്ലേജ് ഓഫിസുകളുടെ സുഗമമായ പ്രവർത്തനങ്ങൾക്ക് കൂടുതൽ ജീവനക്കാർ അനിവാര്യമാണെന്ന് റവന്യൂ അധികൃതരും സാക്ഷ്യപ്പെടുത്തുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.