ഉരുൾപൊട്ടൽ; 31 കുടുംബങ്ങളെ മാറ്റി, എട്ടു േറാഡുകൾ തകർന്നു
text_fieldsകുറ്റ്യാടി: കാവിലുമ്പാറ മുളവട്ടത്തും ചാപ്പൻതോട്ടത്തും ചൊവ്വാഴ്ച വൈകീട്ടുണ്ടായ ഉരുൾപൊട്ടലിനെ തുടർന്ന് 31 കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിപ്പാർപ്പിച്ചു. 121 കുടുംബങ്ങളെ ബന്ധുവീടുകളിലേക്കും മാറ്റിയിട്ടുണ്ട്. ചൊവ്വാഴ്ച ആറു കുടുംബങ്ങളെയാണ് മാറ്റിയതെങ്കിലും മണ്ണിടിച്ചിൽ ഭീഷണി നിലനിൽക്കുന്നതിനാൽ ബുധനാഴ്ച ജില്ല ഭരണകൂടത്തിെൻറ നിർദേശപ്രകാരമാണ് ബാക്കിയുള്ളവരെക്കൂടി മാറ്റിയത്. മലഞ്ചരിവുകളിലും താഴ്വാരങ്ങളിലും താമസിക്കുന്ന കുടുംബങ്ങളാണ് ചാത്തേങ്കാട്ടുനട ൈഹസ്കൂൾ, ചാപ്പൻതോട്ടം ശിശുമന്ദിരം എന്നിവിടങ്ങളിലുള്ളത്. ഇതിൽ 21 കുടുംബങ്ങളിലെ 88 പേർ സ്കൂളിലും 10 കുടുംബങ്ങളിലെ 29 പേർ ശിശുമന്ദിത്തിലുമാണുള്ളത്. ക്യാമ്പിലുള്ളവർക്ക് റവന്യൂ വകുപ്പിെൻറ ആഭിമുഖ്യത്തിൽ സൗജന്യ ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്തു.
ബുധനാഴ്ച മഴക്ക് ശമനമുണ്ട്. എന്നാലും രണ്ടു ദിവസം ഇവർ ക്യാമ്പിൽ കഴിയണമെന്ന് റവന്യൂ അധികൃതർ പറഞ്ഞു. ആർ.ഡി.ഒ സി. ബിജു, വടകര തഹസിൽദാർ ആഷിക് തോട്ടാൽ, വില്ലേജ് ഒാഫിസർ എൻ.പി. നന്ദകുമാർ എന്നിവർ സ്ഥലം സന്ദർശിച്ചു. വടകര താലൂക്ക് ഒാഫിസിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് കൺട്രോൾ റൂം പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. കാവിലുമ്പാറയിൽ ഭൂമി പോയവരുടെ കണക്ക് ശേഖരിച്ചു വരുകയാണെന്നും തകർന്നത് മുഴുവൻ കൈവശഭൂമിയാണെന്നും വില്ലേജ് ഒാഫിസർ പറഞ്ഞു.
കാവിലുമ്പാറ പഞ്ചായത്തിലെ നാല്, അഞ്ച് വാർഡുകളിലാണ് ഉരുൾ നാശംവിതച്ചത്. എട്ടു േറാഡുകൾ തകർന്നു. 1500 മീറ്റർ നീളത്തിലും 10 മീറ്റർ വീതിയിലും കൈവശ ഭൂമിയാണ് ഉരുൾപൊട്ടലിൽ ഒലിച്ചുപോയത്. കുറ്റ്യാടി-വയനാട് േറാഡിൽ മലവെള്ളത്തോടൊപ്പം കൂറ്റൻ കരിങ്കല്ലുകളും മണ്ണും ഒഴുകിെയത്തി. പൊലീസ്, അഗ്നിരക്ഷസേന, സന്നദ്ധപ്രവർത്തകർ എന്നിവരുടെ സഹകരണത്തോടെ െചാവ്വാഴ്ച വൈകീട്ടുതന്നെ നീക്കി ഗതാഗതം പുനരാരംഭിച്ചിരുന്നു. ബാക്കി തടസ്സങ്ങൾ ബുധനാഴ്ചയും നീക്കിയിട്ടുണ്ട്. വള്ളുവൻകുന്ന് മലയാണ് ഇടിഞ്ഞത്. ഇത് രണ്ടു ചാലുകളായി ഒന്ന് ചുരം റോഡിലേക്കും മറ്റൊന്ന് ചാപ്പൻതോട്ടം ഭാഗത്തേക്കുമാണ് നീങ്ങിയത്. ചാപ്പൻതോട്ടം-പൊയിലോഞ്ചാൽ തകർന്ന് ഒരു ഭാഗം വലിയ കൊല്ലി രൂപെപ്പട്ടിട്ടുണ്ട്.
വാഹനങ്ങൾ കടന്നുപോകുന്നുണ്ടെങ്കിലും ഭീതിയിലാണ്. പി.ഡബ്ല്യു.ഡി അധികൃതർ ചുരം റോഡ് സന്ദർശിച്ച് നാശനഷ്ടങ്ങൾ വിലയിരുത്തി. വൻ കൃഷിനാശമുണ്ടായിട്ടും ഉയർന്ന കൃഷി ഉദ്യോഗസ്ഥരൊന്നും സ്ഥലത്തെത്തിയിട്ടില്ല.
പട്ടികജാതി കോളനിയിലെ ബാലനും കുടുംബവും ഭാഗ്യത്തിനാണ് രക്ഷപ്പെട്ടത്. ഇവരുടെ വീടിെൻറ രണ്ടു ഭാഗത്തുകൂടിയും ഉരുൾ രൂപപ്പെട്ടിട്ടുണ്ട്.
ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സ്ഥലം സന്ദർശിച്ചു
കുറ്റ്യാടി: കുറ്റ്യാടി ചുരം റൂട്ടിൽ മുളവട്ടത്തുണ്ടായ ഉരുൾപൊട്ടൽ ജില്ല പഞ്ചായത്ത് പ്രസിഡൻറ് ഷീജ ശശി, മെംബർ സി.എം. യശോദ, കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ.പി. ചന്ദ്രി, വൈസ് പ്രസിഡൻറ് മുഹമ്മദ് കക്കട്ടിൽ, പി.ഡബ്ല്യു.ഡി അസി.എക്സി. എൻജിനീയർ അബ്ദുൽഗഫൂർ എന്നിവർ സന്ദർശിച്ചു. തകർന്ന ചുരംറോഡ് അറ്റകുറ്റപ്പണി നടത്തുമെന്ന് അധികൃതർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി.ജി. ജോർജിന് ഉറപ്പുകൊടുത്തു.
കക്കയത്തെ മഴമാപിനിയിൽ രേഖപ്പെടുത്തിയത് 112 മില്ലി മീറ്റർ
കോഴിക്കോട്: ജില്ലയിൽ മലയോര മേഖലകളിലെ ഒരു ഭാഗത്ത് കഴിഞ്ഞ ദിവസം പെയ്തത് കനത്ത മഴ. കുറ്റ്യാടി ചുരത്തിലും വയലട തോരാട് മലയിലും ഉരുൾപൊട്ടലിന് കാരണമായത് ഈ പ്രദേശങ്ങളിൽ കുറഞ്ഞ സമയത്തിനകം പെയ്ത ശക്തമായ മഴയാണ്. ബുധനാഴ്ച രാവിലെ 8.30ന് അവസാനിച്ച 24 മണിക്കൂറിലെ കണക്ക് പ്രകാരം മലയോര മേഖലയിൽ 112 മില്ലിമീറ്ററാണ് മഴ പെയ്തത്.
കക്കയത്തെ ഓട്ടോമാറ്റിക് വെതർ സ്റ്റേഷനിൽ രേഖപ്പെടുത്തിയ മഴയളവാണിത്. 112 മില്ലിമീറ്ററിൽ ഭൂരിഭാഗവും ചൊവ്വാഴ്ച്ച ഉച്ചക്കു ശേഷം മൂന്നു മണിക്കൂറിനിടെ പെയ്ത മഴയാണ്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ മഴ ചൊവ്വാഴ്ച രേഖപ്പെടുത്തിയത് കക്കയത്തെ ഓട്ടോമാറ്റിക് വെതർ സ്റ്റേഷനിലാണ്. കക്കയത്തിന് തൊട്ടപ്പുറം വയനാട് ഭാഗത്ത് ചൊവ്വാഴ്ച കാര്യമായി മഴ കിട്ടിയില്ലെന്ന പ്രേത്യകതയുമുണ്ട്. കോഴിക്കോട് നഗരത്തിലെ മഴമാപിനിയിൽ 75.5, വടകരയിൽ 67, െകായിലാണ്ടിയിൽ 30 മില്ലിമീറ്റർ മഴയാണ് അടയാളപ്പെടുത്തിയത്. കഴിഞ്ഞ ഒരു മാസത്തെ കണക്കനുസരിച്ച് ജില്ലയിൽ 135 ശതമാനം അധികമഴയാണ് ലഭിച്ചത്. 310 മില്ലിമീറ്ററാണ് പ്രതീക്ഷിച്ചതെങ്കിലും ലഭിച്ചത് 728 മില്ലിമീറ്ററാണ്.
കനത്തമഴയിൽ വെള്ളം കുത്തിയൊലിച്ചെത്തുന്നതും മണ്ണിടിച്ചിലും മലയോരവാസികൾക്ക് ഭീഷണിയുയർത്തുന്നുണ്ട്.ചൊവ്വാഴ്ചയുണ്ടായ ഉരുൾപൊട്ടലും മണ്ണിടിച്ചിലും പകലായതിനാലാണ് വയലടയിലും കുറ്റ്യാടി ചുരത്തിലും മനുഷ്യജീവനുകൾ നഷ്ടമാകാതിരുന്നത്. കുറഞ്ഞ ഇടവേളയില്‍ കൂടുതല്‍ മഴ ലഭിക്കുന്ന രീതിയില്‍ ചില പ്രത്യേക മേഖലകള്‍ കേന്ദ്രീകരിച്ചാണ് മഴ സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷകർ മുന്നറിയിപ്പ് നൽകുന്നു.
മലയോരത്തും ഇടനാട്ടിലും വെള്ളിയാഴ്ച വരെ ജാഗ്രത പുലര്‍ത്തണമെന്ന് നിരീക്ഷക കൂട്ടായ്മയായ 'മെറ്റ്ബീറ്റ്' ഓർമപ്പെടുത്തുന്നു. മലയോരത്ത് രാത്രിയാത്ര സുരക്ഷിതമല്ല. കിഴക്കന്‍ വനമേഖലകളില്‍ അതിശക്തമായ മഴക്ക് സാധ്യതയുണ്ട്. മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യതയുള്ളതിനാല്‍ വിനോദസഞ്ചാരവും അനാവശ്യ യാത്രകളും ഉച്ചക്ക്ശേഷം സുരക്ഷിതമല്ല. ബുധനാഴ്ച പകൽ ജില്ലയിൽ കാര്യമായി മഴ പെയ്തിരുന്നില്ല. കേന്ദ്ര കാലാവസ്ഥവകുപ്പ് പുറപ്പെടുവിച്ച നാളെ വരെയുള്ള അതിശക്തമായ മഴ മുന്നറിയിപ്പ് (ഓറഞ്ച് അലർട്ട്) നിലനിൽക്കുന്നുണ്ട്. പിന്നീട് മഴയുടെ ശക്തി കുറയുമെന്നാണ് കാലാവസ്ഥവകുപ്പിെൻറ നിഗമനം.
ഉരുൾപൊട്ടൽ: ഒഴുകിപ്പോയത് 25 ഏക്കർ കൃഷിഭൂമി
കുറ്റ്യാടി: ചൊവ്വാഴ്ച വൈകീട്ട് കുറ്റ്യാടി-വയനാട് ചുരം റൂട്ടിൽ മുളവട്ടത്തുണ്ടായ ഉരുൾപൊട്ടലിൽ ഇരുപത്തഞ്ച് ഏക്കർ (10 ഹെക്ടർ) കൃഷിഭൂമി ഒഴുകിപ്പോയതായി കൃഷി വകുപ്പിെൻറ പ്രാഥമിക കണക്കുകൾ വ്യക്തമാക്കുന്നു. കനത്ത മഴയിൽ വള്ളുവൻ കുന്നിടിഞ്ഞ് 35 പേരുടെ ഭൂമിയാണ് നശിച്ചത്. തോമസ് പുളിമൂട്ടിൽ, പ്രഭാകരൻ സുപ്രഭ, ജോസ് കുനിച്ചകം, മറിയം കാരപ്പാറ വെള്ളംകുന്ന്, ജാനകി വലിയവീട്ടിൽ, വക്കച്ചൻ എളവനാൽ, ആനി മാത്യു വള്ളിക്കാടൻ, ജയിൻ മാത്യൂ മൂക്കൻത്തോട്ടത്തിൽ, സാലി ജോസഫ് കുഴിമറ്റം, കാരിയാട്ട് ജോസ്, കാരിയാട്ട് ഐസക്, ജോസ് കുഴികണ്ടം, ശാന്ത കള്ളിയടിക്കൽ എന്നിവരുടെ ഭൂമി ഒഴുപ്പോവുകയും കാർഷിക വിളകൾ നശിക്കുകയും ചെയ്തു.
കാവിലുമ്പാറ പഞ്ചായത്തിലെ 4, 5 വാർഡുകളിലാണ് ദുരന്തം ബാധിച്ചത്. ഒന്നര കിലോ മീറ്റർ നീളത്തിലും 10 മീറ്റർ വീതിയിലും ഉരുൾ ചാലുകൾ രൂപപ്പെട്ടിട്ടുണ്ട്. മൂന്ന് സെൻറ് മുതൽ ഏക്കർ ഭൂമി വരെ നശിച്ചവരുണ്ട്. ദീർഘകാലത്തെ കഠിനാധ്വാനത്തിൽ വിളയിച്ചെടുത്ത നൂറ് കണക്കിന് ഫലവൃക്ഷങ്ങൾ കടപുഴകി. ഇടവിളകൾ ഒഴുകിപ്പോയി. 1500 റബർ, 75 തെങ്ങ്, 1250 വാഴ, 1000 കവുങ്ങ്, 175 കൊക്കോ, 50 ഗ്രാമ്പൂ, 50 ജാതി, 50 കശുമാവ് എന്നിങ്ങനെയാണ് മൊത്തം നശിച്ചത്. മണ്ണ് മുഴുവൻ ഒഴുകിപ്പോയതിനാൽ പാറക്കല്ലുകൾ മാത്രമാണ് അവശേഷിക്കുന്നത്. അടുത്ത കാലത്തൊന്നും ഇവ വീണ്ടെടുക്കാനാവില്ല. മുകൾ ഭാഗത്തുനിന്ന് കൂറ്റൻ കല്ലുകളും ഒഴുകിയെത്തിയിട്ടുണ്ട്. ഇവ പൊട്ടിച്ചു മാറ്റിയാലേ എന്തെങ്കിലും നട്ടുപിടിപ്പിക്കാൻ കഴിയൂ. ഉരുൾ ചാലിലൂടെ വെള്ളം ഇപ്പോഴും ഒഴുകിക്കൊണ്ടിരിക്കുകയാണ്. മഴ കനത്തു പെയ്താൽ ബാക്കി മണ്ണുകൂടി ഒഴുകിപ്പോകും. കാവിലുമ്പാറ കൃഷി ഓഫിസർ അർച്ചന, അസിസ്റ്റൻറുമാരായ ഷാജി, ക്ലമൻറ് എന്നിവർ സ്ഥലത്ത് സന്ദർശിച്ച് കണക്കുകൾ ശേഖരിച്ചു. മണ്ണിടിച്ചിൽ ഭീഷണിയും ഭൂമി ചളിയിൽ പുതഞ്ഞു കിടക്കുന്നതിനാലും എല്ലാ സ്ഥലങ്ങളിലും എത്തിപ്പെടാനായില്ലെന്ന് ഓഫിസർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.