ഉരുൾപൊട്ടൽ: ശാസ്ത്രീയ പരിശോധനക്കായി വിദഗ്ധ സംഘം ഇന്ന് വിലങ്ങാടെത്തും
text_fieldsകോഴിക്കോട്: വിലങ്ങാട് ദുരന്തത്തെക്കുറിച്ച് സമഗ്രമായി പഠിക്കാൻ നാലംഗ വിദഗ്ധസംഘം തിങ്കളാഴ്ച വിലങ്ങാട് എത്തും. ഉരുൾപൊട്ടൽ സംബന്ധിച്ച് മന്ത്രിമാരായ കെ. രാജൻ, പി.എ. മുഹമ്മദ് റിയാസ് എന്നിവർ പങ്കെടുത്ത ഓൺലൈൻ യോഗത്തിലാണ് ജില്ല കലക്ടർ സ്നേഹിൽ കുമാർ സിങ് ഇക്കാര്യം അറിയിച്ചത്. ജിയോളജിസ്റ്റ്, ഹൈഡ്രോളജിസ്റ്റ്, സോയിൽ കൺസർവേഷനിസ്റ്റ്, ഹസാർഡ് അനലിസ്റ്റ് എന്നിവരടങ്ങുന്നതാണ് സംഘം. ഡ്രോൺ പരിശോധന തുടങ്ങിക്കഴിഞ്ഞു. മേഖലയിലെ ഉരുൾപൊട്ടൽ സാധ്യതാ കേന്ദ്രങ്ങൾ അറിഞ്ഞശേഷമാകും പുനരധിവാസം സംബന്ധിച്ച് റിപ്പോർട്ട് നൽകുക. വകുപ്പുതല നാശനഷ്ടങ്ങളുടെ കണക്കിനുപുറമേ വ്യക്തികളോട് നേരിൽ സംസാരിച്ചു തയാറാക്കിയ കണക്കും സർക്കാറിലേക്ക് നൽകും.
സമഗ്ര പുനരധിവാസം വരും
വിലങ്ങാടിനായി സമഗ്രമായ പുനരധിവാസം ആസൂത്രണം ചെയ്ത് നടപ്പാക്കുമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് യോഗത്തിൽ അറിയിച്ചു. പുനരധിവാസം ആസൂത്രണം ചെയ്ത് നടപ്പാക്കുംവരെ വാടക വീട് ഉൾപ്പെടെയുള്ള താൽക്കാലിക പുനരധിവാസ പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകും. ഉരുൾപൊട്ടലിനെതുടർന്ന് നാല് ഗ്രാമപഞ്ചായത്തുകളിലെ പുഴകളിൽ കല്ലുകളും മരങ്ങളും അടിഞ്ഞത് നീക്കം ചെയ്യാനും കലക്ടർക്ക് നിർദേശം നൽകി.
അന്തിമ റിപ്പോർട്ട് ഉടൻ
ജില്ല കലക്ടറുടെ വിശദമായ അന്തിമ റിപ്പോർട്ടിനായി കാക്കുകയാണെന്ന് യോഗത്തിൽ റവന്യു മന്ത്രി കെ. രാജൻ പറഞ്ഞു. സംസ്ഥാന ദുരന്തനിവാരണ ഫണ്ട് ആണ് പ്രധാനമായി വിലങ്ങാടിനായി ഉദ്ദേശിക്കുന്നത്. പക്ഷേ, അതിലുപരിയായി ഗൗരവമായി കാണേണ്ട വിഷയമാണെന്ന് മുഖ്യമന്ത്രിയെ ധരിപ്പിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.
ടൗൺഷിപ് ഒരുക്കണം
ദുരന്തബാധിതരെ സുരക്ഷിതമായ സ്ഥലത്ത് ടൗൺഷിപ് മാതൃകയിൽ പുനരധിവസിപ്പിക്കാൻ കഴിയുന്ന മാസ്റ്റർപ്ലാൻ തയാറാക്കണമെന്ന് ഷാഫി പറമ്പിൽ എം.പി ആവശ്യപ്പെട്ടു. വിലങ്ങാടിനായി സുമനസ്സുകൾ വാഗ്ദാനം ചെയ്ത വീട് ഉൾപ്പെടെ സഹായങ്ങൾ ഈ മാസ്റ്റർ പ്ലാനുമായി ഏകോപിപ്പിച്ച് പാക്കേജ് ആക്കണം. ഉരുൾപൊട്ടലിനെ തുടർന്ന് വാണിമേൽ, നാദാപുരം, എടച്ചേരി വളയം പുഴകളിൽ ആയിരക്കണക്കിന് മരങ്ങളും ടൺ കണക്കിന് കല്ലുകളും അടിഞ്ഞിട്ടുണ്ടെന്നും ഇത് യുദ്ധകാലാടിസ്ഥാനത്തിൽ നീക്കം ചെയ്തില്ലെങ്കിൽ പുഴ ഗതി മാറി ഒഴുകാൻ സാധ്യതയുണ്ടെന്നും ഇ.കെ. വിജയൻ എം.എൽ.എ പറഞ്ഞു.
14 വീട് ഇല്ലാതായി, കോടികൾ നഷ്ടം
യോഗത്തിൽ വിവിധ വകുപ്പുകൾ നഷ്ടക്കണക്കുകൾ അവതരിപ്പിച്ചു. 14 വീടുകൾ പൂർണമായും ഒഴുകിപ്പോയതായി വടകര ആർ.ഡി.ഒയും വിലങ്ങാട് ദുരന്തനിവാരണത്തിന്റെ നോഡൽ ഓഫിസറുമായ പി. അൻവർ സാദത്ത് അറിയിച്ചു. ഇതുൾപ്പെടെ 112 വീടുകൾ വാസയോഗ്യമല്ല.
നാല് കടകളാണ് നശിച്ചത്. 5.8 കോടി രൂപയുടെ നഷ്ടം കണക്കാക്കുന്നതായി കേരള റോഡ് ഫണ്ട് ബോർഡ് (കെ.ആർ.എഫ്.ബി) വ്യക്തമാക്കി. 156 ലക്ഷം രൂപയുടെ നഷ്ടമാണ് പി.ഡബ്ല്യു.ഡി റോഡ് വിഭാഗം കണക്കാക്കിയത്. ജലസേചന വകുപ്പിന്റെ നഷ്ടം 35 കോടിയാണ്. 162 ഹെക്ടറിൽ കൃഷി നാശമുണ്ടായി. 225 കർഷകരെ ബാധിച്ചു. 11.85 കോടിയുടെ നഷ്ടം കാർഷിക മേഖലയിൽ സംഭവിച്ചതായാണ് പ്രാഥമിക കണക്ക്. 2.7 ലക്ഷത്തിന്റെ നഷ്ടമുണ്ടായതായി പി.ഡബ്ല്യു.ഡി കെട്ടിട വിഭാഗവും 35.3 ലക്ഷത്തിന്റെ നഷ്ടം സംഭവിച്ചതായി ജല അതോറിറ്റിയും അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.