ഫുട്ബാൾ ആവേശം; ഭീമൻ ബൂട്ട് ഞായറാഴ്ച പുറപ്പെടും
text_fieldsകോഴിക്കോട്: പ്രമുഖ ബിരിയാണി അരി നിർമാതാക്കളും ജീരകശാല അരിയുടെ കയറ്റുമതിക്കാരുമായ ഐമാക്സ് ഗോൾഡ് റൈസ് ഇൻഡസ്ട്രീസ് നിർമ്മിച്ച ഭീമൻ ഫുട്ബാൾ ബൂട്ട് പ്രദർശനത്തിനൊരുങ്ങി. ആർട്ടിസ്റ്റും ക്യുറേറ്ററുമായ എം. ദിലീഫിന്റെ മേൽനോട്ടത്തിൽ നിർമ്മിച്ച ബൂട്ട് ഫിഫ വേൾഡ് കപ്പിനോടനുബന്ധിച്ച് ഖത്തറിൽ പ്രദർശിപ്പിക്കുന്നതിനായി കോഴിക്കോട്ടു നിന്ന് പുറപ്പെടും. യുവജന സംഘടനയായ ഫോക്കസ് ഇന്റർനാഷണലിന്റെ നേതൃത്വത്തിൽ ഖത്തറിൽ ബൂട്ട്സ്വീകരിക്കും. ഇതിന് മുന്നോടിയായി കോഴിക്കോട് ബീച്ചിൽ ഞായറാഴ്ച വൈകിട്ട് പ്രദർശന ചടങ്ങ് നടക്കും.
കോഴിക്കോട് കടപ്പുറത്തെ കൾച്ചറൽ സ്റ്റേജിൽ വൈകിട്ട് 5 മുതൽ 9 വരെയാണ് പ്രദർശനം. ഡെപ്യൂട്ടി മേയർ മുസഫർ അഹമ്മദും കേരള മുൻ ഫുട്ബാൾ ക്യാപ്റ്റൻ ആസിഫ് സഹീറും സംയുക്തമായി ബൂട്ട് പ്രദർശനോദ്ഘാടനം നിർവഹിക്കും. തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ ഫോക്കസ് ഇന്റർനാഷണൽ ഇവന്റ്‌സ് ഡയരക്റ്റർ അസ്‌കർ റഹ്‌മാന് ബൂട്ട് കൈമാറും. ഫുട്ബോൾ താരങ്ങളും രാഷ്ട്രീയ സാമൂഹിക സാംസ്ക്കാരിക രംഗത്തെ പ്രമുഖരും പങ്കെടുക്കും.
പതിനേഴടി നീളവും ആറടി ഉയരവുമുള്ള ഭീമൻ ബൂട്ട് ഗിന്നസ് ബുക്ക് ഒഫ് റെക്കോഡ്‌സിൽ ഇടം നേടുമെന്നാണ് കരുതുന്നത്. ലെതർ, ഫൈബർ, റെക്സിൻ, ഫോംഷീറ്റ്, ആക്രിലിക് ഷീറ്റ് എന്നിവകൊണ്ടാണ് ബൂട്ട് നിർമിച്ചത്. ഖത്തറിൽ പ്രധാന വിനോദ സഞ്ചാര മേഖലകളിൽ ബൂട്ട് പ്രദർശിപ്പിക്കും.
വാർത്താ സമ്മേളനത്തിൽ ഐമാക്സ് ഗോൾഡ് ചെയർമാൻ സി.പി അബ്ദുൽ വാരിഷ്, സിഇഒ അബ്ദുൽ ബാസിത്, ഇവന്റ് കോ ഓർഡിനേറ്റർ മജീദ് പുളിക്കൽ, മാർക്കറ്റിങ് ഡയരക്റ്റർ ഷമീർ സുറുമ തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.