കോഴിക്കോട്-ബംഗളൂരു സ്വിഫ്റ്റ് സർവിസിന് തുടക്കം
text_fieldsകോഴിക്കോട്: കോഴിക്കോട്-ബംഗളൂരു റൂട്ടിൽ കെ.എസ്.ആർ.ടി.സിയുടെ സ്വിഫ്റ്റ് സർവിസിന് തുടക്കം. ചൊവ്വാഴ്ച ഉച്ചക്ക് 12 മണിക്കും രാത്രി ഏഴു മണിക്കുമാണ് ആദ്യ ദിനം സർവിസ് നടത്തിയത്. ഉച്ചക്ക് നാലു പേരും രാത്രി അഞ്ചു പേരുമായാണ് സർവിസ് നടത്തിയത്.
നിലവിലുള്ള കെ.എസ്.ആർ.ടി.സിയുടെ ബംഗളൂരു സർവിസിനൊപ്പം തന്നെയാണ് ആദ്യദിനസ്വിഫ്റ്റ് സർവിസുമെന്നതിനാലാണ് ആളുകൾ കുറഞ്ഞത് എന്നാണ് അധികൃതരുടെ വിശദീകരണം. വരും ദിവസങ്ങളിൽ കൂടുതൽ സ്വിഫ്റ്റ് ബസുകൾ കോഴിക്കോട്ടുനിന്ന് ബംഗളൂരുവിലേക്ക് സർവിസ് നടത്തും. നിലവിൽ ദിവസേന നാല് എ.സി. സെമി സ്ലീപർ ബസുകളാണ് ഷെഡ്യൂൾ ചെയ്തിരിക്കുന്നത്.
സമയക്രമം:
രാവിലെ 8.30 (വഴി : കൽപറ്റ ബത്തേരി മൈസൂർ- ടിക്കറ്റ് നിരക്ക്: 703 രൂപ), ഉച്ചക്ക് 12 മണി (വഴി: കൽപറ്റ ബത്തേരി മൈസൂർ ടിക്കറ്റ് നിരക്ക്: 691), രാത്രി ഏഴു മണി (കോഴിക്കോട്-ബാംഗളൂരു വഴി: കൽപറ്റ മാനന്തവാടി മൈസൂരു ടിക്കറ്റ് നിരക്ക് 761 രൂപ), രാത്രി പത്തു മണി (വഴി: കൽപറ്റ മാനന്തവാടി-മൈസൂരു -ടിക്കറ്റ് നിരക്ക് : 771 രൂപ).
ബംഗളൂരുവിൽനിന്ന് കോഴിക്കോട്ടേക്കുള്ള സർവിസുകൾ: ഉച്ച 12:00 (വഴി: മൈസൂരു ബത്തേരി കൽപറ്റ ടിക്കറ്റ് നിരക്ക്: 759), രാത്രി 08:30 (വഴി: മൈസൂരു മാനന്തവാടി -കൽപറ്റ ടിക്കറ്റ് നിരക്ക്: 848) രാത്രി 10:30 ( വഴി: മൈസൂരു ബത്തേരി കൽപറ്റ ടിക്കറ്റ് നിരക്ക്: 774) രാത്രി 11:45 (വഴി: മൈസൂരു ബത്തേരി കൽപറ്റ ടിക്കറ്റ് നിരക്ക്: 759) www.online.keralartc.com എന്ന സൈറ്റിൽനിന്നോ 'ENTE KSRTC ' ആപ്ലിക്കേഷനിൽ നിന്നോ മുൻകൂട്ടി സീറ്റുകൾ റിസർവ് ചെയ്യാം.
ഉരസി, ഉരസി ഉദ്ഘാടനം
കോഴിക്കോട്: തിരുവനന്തപുരത്തുനിന്ന് കോഴിക്കോട്ടേക്ക് സർവിസ് ആരംഭിച്ച ആദ്യബസ് മാവൂർ റോഡ് ബസ് ടെർമിനലിൽ കയറിയ ആദ്യ ദിനം തന്നെ മറ്റൊരു ബസിൽ ഉരസി പെയിന്റ് ഇളകി. ഇൻഡിക്കേറ്ററിനടുത്ത് കേടുപാടു സംഭവിച്ചു. വളരെ പ്രയാസപ്പെട്ടാണ് സ്വിഫ്റ്റ് ബസുകൾ കോഴിക്കോട് ബസ്സ്റ്റാൻഡിൽ പ്രവേശിക്കുന്നത്. അശാസ്ത്രീയമായി നിർമിച്ച സ്റ്റാൻഡിൽ നിറയെ തൂണുകളായതിനാൽ ഇതിനിടയിൽ ബസുകൾ പ്രവേശിപ്പിക്കൽ വലിയ സാഹസമാണ്. സ്വിഫ്റ്റ് ഡ്രൈവർമാർ പുതുമുഖങ്ങളായതിനാൽ സ്റ്റാൻഡിനകത്തെ ഡ്രൈവിങ് കടുത്ത പരീക്ഷണമാവുകയാണ്.
പരിചയസമ്പന്നരായ കെ.എസ്.ആർ.ടി.സി ഡ്രൈവർമാർപോലും ഇവിടെ തൂണിലുരക്കൽ പതിവാണ്. കോഴിക്കോട് ബസ്സ്റ്റാൻഡിൽ ഉരസിയ ബസ് കന്നിയാത്രയിൽ കല്ലമ്പലത്ത് അപകടമുണ്ടാക്കിയിരുന്നു. 35,000 രൂപയോളം വിലയുള്ള സൈഡ് മിറർ ഇളകിപ്പോയിരുന്നു. ഇതേ ബസ് തിരിച്ച് തിരുവനന്തപുരത്തേക്ക് പോകുമ്പോൾ മലപ്പുറം ചങ്കുവെട്ടിയിൽ സ്വകാര്യബസിലുരസി പെയിന്റിളകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.