കാരശ്ശേരിയിൽ ഭരണസമിതി യോഗത്തിൽ നിന്ന് എൽ.ഡി.എഫ് ഇറങ്ങിപ്പോയി
text_fieldsമുക്കം: കാരശ്ശേരി പഞ്ചായത്ത് ഭരണസമിതി യോഗത്തിൽ എൽ.ഡി.എഫ് അംഗങ്ങളുടെ പ്രതിഷേധവും ഇറങ്ങിപ്പോക്കും. കറുത്തപറമ്പിൽ പുതിയ കരിങ്കൽ ക്വാറിക്ക് നൽകിയ അനുമതിയും ബഡ്സ് സ്കൂളിന് സ്ഥലം കണ്ടെത്തുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങളുമാണ് പ്രതിഷേധത്തിൽ കലാശിച്ചത്.
ക്വാറി അനുവദിച്ചതുമായി ബന്ധപ്പെട്ട് കഴിഞ്ഞ മാസം 11ന് നടന്ന ഓംബുഡ്സ്മാൻ സിറ്റിങ്ങിൽ, പഞ്ചായത്തിന്റെ റിട്ട് ഹരജിയിൽ കോടതിയുടെ നിരോധന ഉത്തരവുണ്ടെന്ന് സെക്രട്ടറി കളവായി വിവരം നല്കിയെന്നും ഇത് ഭരണപക്ഷവും ക്വാറി ഉടമകളും തമ്മിലുള്ള ഒത്തുകളിയുടെ ഭാഗമാണെന്നും ഇടതുപക്ഷ അംഗങ്ങൾ ആരോപിച്ചു. ബഡ്സ് സ്കൂൾ നിർമാണത്തിന് സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് കലക്ടർക്ക് നൽകിയ റിപ്പോർട്ടിൽ തീരുമാനം ലഭ്യമായില്ലെന്ന പ്രസിഡൻറിന്റെ അവകാശവാദം കളവാണെന്നും കഴിഞ്ഞ 25നകം സ്ഥലം ലഭ്യമായില്ലെങ്കിൽ ഫണ്ട് നഷ്ടപ്പെടുമെന്നുകാണിച്ച് ഒന്നിലേറെ തവണ ജില്ല ഭരണകൂടത്തിൽനിന്ന് കത്ത് ലഭിച്ചിട്ടും പഞ്ചായത്ത് ഒഴിഞ്ഞുമാറുകയാണെന്നും ഇത്തരത്തിൽ പ്രസിഡൻറ് ഉൾപ്പെടെയുള്ളവരുടെ നടപടിയിൽ പ്രതിഷേധിച്ചാണ് ഇറങ്ങിപ്പോക്ക് എന്ന് ഇടത് അംഗങ്ങളായ കെ. ശിവദാസൻ, ഇ.പി. അജിത്ത്, എം.ആർ. സുകുമാരൻ, സിജി സിബി, ശ്രുതി കമ്പളത്ത്, ജിജിത സുരേഷ് എന്നിവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.