നേതാക്കളുടെ ‘ഗുണ്ട പിരിവ്’ ഭീഷണി; ബി.ജെ.പി നേതൃത്വം മൗനത്തിൽ
text_fieldsകോഴിക്കോട്: ‘ഗുണ്ട പിരിവായി’ 25 ലക്ഷം രൂപ നൽകാത്തതിന് കോടിക്കണക്കിന് രൂപ ചെലവഴിച്ച് നിർമിച്ച എക്സിബിഷൻ സെറ്റ് അഗ്നിക്കിരയാക്കുമെന്ന് നേതാക്കൾ ഭീഷണിപ്പെടുത്തിയെന്ന ആരോപണത്തിൽ പ്രതികരിക്കാതെ ബി.ജെ.പി ജില്ല-സംസ്ഥാന നേതൃത്വം.
എരഞ്ഞിപ്പാലം സ്വപ്ന നഗരയിലെ ‘മറൈൻ വേൾഡ് ഇൻ ദി സീ ബൈ’ പ്രദർശന സെറ്റ് കത്തിക്കുമെന്ന് പറഞ്ഞ് ബി.ജെ.പി സംസ്ഥാന കമ്മിറ്റി അംഗം സതീഷ് പാറന്നൂർ, കോഴിക്കോട് നോർത്ത് മണ്ഡലം സെക്രട്ടറി അജയ് ലാൽ എന്നിവർ ഭീഷണിപ്പെടുത്തിയെന്ന് ആരോപിച്ച് എക്സിബിഷൻ സംഘാടകരായ ഡി.ക്യു.എഫ് ഏജൻസി എം.ഡി. ഫയാസ് റഹ്മാനും ലീഗൽ അഡ്വൈസർ അഡ്വ. ഫാത്തിമ സിദ്ദീഖുമാണ് രംഗത്തുവന്നത്.
സംഭവത്തിൽ സതീഷിനും അജയ് ലാലിനുമെതിരെ നടക്കാവ് പൊലീസ് ജാമ്യമില്ല വകുപ്പുകൾ പ്രകാരം കേസെടുത്തിട്ടും പാർട്ടി നേതൃത്വം മൗനം പാലിക്കുന്നതിൽ നഗരപരിധിയിലെ പ്രാദേശിക ഘടകങ്ങളിൽ മുറുമുറുപ്പും തുടങ്ങിയിട്ടുണ്ട്. ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ട് പാർട്ടിയെ പൊതുമധ്യത്തിൽ താറടിച്ചവരെ പുറത്താക്കണമെന്നാണ് ഉയരുന്ന ആവശ്യം.
ഇക്കാര്യം ചൂണ്ടിക്കാട്ടി പാർട്ടി അനുഭാവികളുടെയടക്കം വാട്സ്ആപ് ഗ്രൂപ്പുകളിൽ ചർച്ചയും തുടങ്ങി. അതേസമയം വിഷയത്തിൽ മൗനം പാലിക്കുകയാണ് നേതൃത്വം. നേരത്തെ പട്ടികജാതി, വർഗ സംരക്ഷണ സമിതിയടക്കം സംഘടനകളുടെ ഭാരവാഹിയായിരുന്ന സതീഷ് പാറന്നൂരിനെ കെ. സുരേന്ദ്രൻ സംസ്ഥാന പ്രസിഡന്റായതോടെയാണ് ബി.ജെ.പി സംസ്ഥാന കമ്മിറ്റി അംഗമാക്കിയത്.
സതീഷും അജയ്ലാലും നേതൃനിരയിലെത്തിയതോടെ നഗരത്തിലെ വിവിധ ബിസിനസ് ഗ്രൂപ്പുകളെ സമീപിച്ച് പണം കൈപ്പറ്റുന്നതായി നേരത്തെ തന്നെ ആക്ഷേപമുണ്ടായിരുന്നുവെങ്കിലും പരാതിയും പൊലീസ് കേസുമാകുന്നത് ഇപ്പോഴാണ്.
ഇരുവരും പണമാവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടി ഡി.ക്യു.എഫ് ഏജൻസി നടത്തിയ വാർത്തസമ്മേളനത്തിൽ പങ്കെടുത്ത് കാലിക്കറ്റ് ട്രേഡ് സെന്റർ, ഫൗണ്ടെയിൻ ബിനാലെ, എമറാൾഡ് ഗ്രൂപ് എന്നിവയുടെ പ്രതിനിധികളും ആരോപണങ്ങളുന്നയിച്ചിട്ടുണ്ട്. ഇവർ പൊലീസിലും ബി.ജെ.പി നേതൃത്വത്തിനും പരാതി അയച്ചിട്ടുണ്ട്.
കഴിഞ്ഞ വർഷം സ്വപ്ന നഗരിയിൽ പ്രദർശനം സംഘടിപ്പിച്ച എക്സിബിഷൻ ഗ്രൂപ്പിനെ ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ടത് യുവമോർച്ച നേതാവിന്റെ ശ്രദ്ധയിൽ വരികയും അദ്ദേഹമത് അറിയിച്ചെങ്കിലും പാർട്ടി നേതൃത്വം അന്വേഷണം നടത്തിയിരുന്നില്ല.
അതിനിടെ പ്രതികളെ അറസ്റ്റുചെയ്യാതെ നടക്കാവ് പൊലീസ് ഒത്തുകളിക്കുകയാണെന്ന ആക്ഷേപവുമുണ്ട്. പ്രതികൾക്ക് മുൻകൂർ ജാമ്യം ലഭിക്കാനായി അറസ്റ്റ് വൈകിപ്പിക്കുന്നുവെന്നാണ് പൊലീസിനെതിരായ പരാതി. അതേസമയം തങ്ങൾ ഒളിവിലല്ലെന്നും എക്സിബിഷൻ ഗ്രൂപ്പിന്റെ ആരോപണം അടിസ്ഥാനരഹിതമാണെന്നും ചൂണ്ടിക്കാട്ടി പ്രതികൾ കഴിഞ്ഞ ദിവസം പത്രക്കുറിപ്പിറക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.