രാജിഭീഷണിയുമായി നേതാക്കൾ; തിരുവള്ളൂർ മുരളിയുടെ കോൺഗ്രസ് അംഗത്വം റദ്ദാക്കി
text_fieldsകോഴിക്കോട്: കോൺഗ്രസ് വിട്ട് കാമരാജ് കോൺഗ്രസിന്‍റെ സംസ്ഥാന അധ്യക്ഷനായ തിരുവള്ളൂർ മുരളിക്ക് നൽകിയ കോൺഗ്രസ് അംഗത്വം റദ്ദാക്കി. പ്രാദേശിക നേതാക്കൾ രാജി ഭീഷണി മുഴക്കുകയും അംഗത്വ കാമ്പയിൻ ബഹിഷ്കരിക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തതോടെയാണ് മുരളിയുടെ അംഗത്വം റദ്ദാക്കിയത്.
കോൺഗ്രസിനെ വെല്ലുവിളിച്ച് എൻ.ഡി.എ കൂടാരത്തിലെത്തിയ മുരളിക്ക് കെ.പി.സി.സി പ്രസിഡന്‍റ് കെ. സുധാകരൻ എം.പി അദ്ദേഹത്തിന്‍റെ കണ്ണൂരിലെ വീട്ടിൽ വെച്ചാണ് ഏപ്രിൽ 10ന് അംഗത്വം നൽകിയത്. അംഗത്വത്തോടൊപ്പം അംഗങ്ങളെ ചേർക്കാനുള്ള ചുമതലയും നൽകിയിരുന്നു. സംഭവം പുറത്തറിഞ്ഞതു മുതൽ
ജില്ലയിലെ പല നേതാക്കളും അമർഷത്തിലായിരുന്നു. പ്രതിഷേധം കെ.പി.സി.സി നേതൃത്വത്തിനെതിരായ കലാപക്കൊടിയായി ഉയരുകയും വില്യാപ്പള്ളിയിലെയടക്കം ബ്ലോക്ക് കോൺഗ്രസ് ഭാരവാഹികൾ കടുത്ത നിലപാടിലേക്ക് പോകുമെന്നും അറിയിച്ചതോടെയാണ് അംഗത്വം റദ്ദാക്കിയത്. പ്രാദേശിക ഘടകങ്ങളുടെ പരാതിയെ തുടർന്ന് തിരുവള്ളൂർ മുരളിയുടെ അംഗത്വം കെ.പി.സി.സി പ്രസിഡന്‍റ് റദ്ദാക്കിയതായി ഡി.സി.സി പ്രസിഡന്‍റ് അഡ്വ. കെ. പ്രവീൺകുമാറാണ് അറിയിച്ചത്.
നേരത്തേ മുല്ലപ്പള്ളി രാമചന്ദ്രൻ വടകര ലോക്സഭ മണ്ഡലത്തിൽനിന്ന് ജനവിധി തേടിയപ്പോൾ അദ്ദേഹത്തിന്‍റെ തെരഞ്ഞെടുപ്പ് ഫണ്ടിൽനിന്ന് 25 ലക്ഷം രൂപ കാണാതായതിലടക്കം വലിയ ആരോപണങ്ങൾ നേരിട്ടയാളാണ് തിരുവള്ളൂർ മുരളി. പിന്നീട് തോടന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റായിരിക്കെയാണ് കോൺഗ്രസിൽനിന്ന് പുറത്തുപോയത്. രമേശ് ചെന്നിത്തല അടക്കമുള്ള മുതിർന്ന നേതാക്കളെ പരസ്യമായി വിമർശിച്ചതിന്‍റെ പേരിലായിരുന്നു ഇത്. തുടർന്നാണ് കാമരാജ് കോൺഗ്രസിൽ ചേർന്നതും അതിന്‍റെ ഭാരവാഹിയായതും. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പി സ്ഥാനാർഥികളുടെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിലും ഇദ്ദേഹം സജീവമായിരുന്നു. തിരുവള്ളൂർ മുരളിക്ക് പാർട്ടി അംഗത്വം കൊടുത്തതിനെതിരെ ജില്ല കോൺഗ്രസ് കമ്മിറ്റിയിലും വിമർശനങ്ങൾ ഉയർന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.