കാരശ്ശേരിയിൽ പഞ്ചായത്ത് ഭരണസമിതി യോഗത്തിൽ ഇടത്, ലീഗ് അംഗങ്ങൾ ഒന്നിച്ചു
text_fieldsമുക്കം: കാരശ്ശേരിയിൽ യു.ഡി.എഫിൽ ഉടലെടുത്ത ഭിന്നത പഞ്ചായത്ത് ഭരണസമിതി യോഗത്തിൽ മറനീക്കി പുറത്ത്. പഞ്ചായത്ത് മിനി സ്റ്റേഡിയത്തിന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പേരിടാനുള്ള അജണ്ടയെ എതിർത്ത് സി.പി.എം അംഗങ്ങൾക്കൊപ്പം ലീഗ് അംഗങ്ങൾ കൂടി വിയോജന ക്കുറിപ്പെഴുതിയത് കോൺഗ്രസിനെയും ഭരണപക്ഷത്തെയും വെട്ടിലാക്കി. ശനിയാഴ്ച നടന്ന ഭരണസമിതി യോഗത്തിലാണ് അജണ്ട തള്ളപ്പെട്ടത്.
ഗ്രൗണ്ടിന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പേരും പവിലിയന് മുൻ എം.എൽ.എ മോയിൻകുട്ടിയുടെ പേരും നൽകണമെന്ന അജണ്ട ചർച്ചക്കെടുത്തതോടെ ഇടത് അംഗങ്ങൾ എതിർക്കുകയായിരുന്നു. നിർമിക്കാത്ത പവിലിയന് മോയിൻകുട്ടിയുടെ പേര് നൽകുന്നത് അദ്ദേഹത്തെ അപമാനിക്കലാണെന്ന് ഇടത് അംഗങ്ങൾ പറഞ്ഞു. ഇടത് അംഗങ്ങൾ വിയോജനക്കുറിപ്പും രേഖപ്പെടുത്തി. ഇതോടെ മുസ്ലിം ലീഗും ഇടത് നിലപാടിനൊപ്പം നിന്നതോടെ ഭരണപക്ഷത്തിന് ഭൂരിപക്ഷം നഷ്ടമാവുകയും അജണ്ട തള്ളുകയുമായിരുന്നു. എട്ടിനെതിരെ പത്ത് വോട്ടുകൾക്കാണ് അജണ്ട തള്ളിയത്.
ഗ്രൗണ്ടിന് പേരിടുന്നകാര്യം കോൺഗ്രസ് ഏകപക്ഷീയമായാണ് തീരുമാനിച്ചതെന്നും ഇതുസംബന്ധിച്ച് മുന്നണി ചർച്ചകൾ നടത്തി തീരുമാനമെടുക്കുന്നതുവരെ അജണ്ട മാറ്റിവെക്കണമെന്ന് ലീഗ് നേതൃത്വം ആവശ്യപ്പെടുകയും ഇതുസംബന്ധിച്ച് കത്ത് നൽകുകയും ചെയ്തെങ്കിലും കോൺഗ്രസ് നേതൃത്വം മുഖവിലക്കെടുത്തില്ലെന്നാണ് ആക്ഷേപമുയർന്നത്.
മുന്നണിക്കകത്ത് അഭിപ്രായവ്യത്യാസങ്ങൾ സ്വാഭാവികമാണെന്നും പക്ഷേ, ഉമ്മൻ ചാണ്ടിയെ പോലൊരു നേതാവിന്റെ പേര് നൽകുന്ന വിഷയത്തിൽ ഇടതുപക്ഷത്തോടൊപ്പം ചേർന്ന് എതിർത്ത ലീഗ് നിലപാട് മോശമായെന്നും ഇത് ദൂരവ്യാപക പ്രത്യാഘാതമുണ്ടാക്കുന്ന തീരുമാനമായെന്നുമാണ് മറുവിഭാഗത്തിന്റെ വിലയിരുത്തൽ.
കോൺഗ്രസ് ഏഴ്, സി.പി.എം ഏഴ്, മുസ്ലീം ലീഗ് രണ്ട്, സി.പി.ഐ, വെൽഫെയർ പാർട്ടി കക്ഷികൾക്ക് ഒന്നുവീതം അംഗങ്ങളാണ് പതിനെട്ടംഗ ഭരണസമിതിയിലുള്ളത്. ഇതിൽ കോൺഗ്രസ്, ലീഗ്, വെൽഫെയർ പാർട്ടി അംഗങ്ങൾ ഒന്നിച്ച് ഭരണപക്ഷത്ത് പത്തും സി.പി.എം, സി.പി.ഐ കക്ഷികൾ ഒന്നിച്ച് പ്രതിപക്ഷത്ത് എട്ടും അംഗങ്ങളാണുള്ളത്. നിലവിൽ പ്രസിഡൻറ്, വൈസ് പ്രസിഡൻറ്, രണ്ട് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാർ എന്നീ സ്ഥാനങ്ങൾ കോൺഗ്രസിനാണ്. ഒരു സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ സ്ഥാനം സി.പി.എമ്മിന്റെ കൈവശവുമാണ്.
നേരത്തെ രണ്ടര വർഷം വൈസ് പ്രസിഡൻറ് സ്ഥാനം ലീഗിന് ലഭിച്ചിരുന്നു. പ്രസിഡൻറ് സ്ഥാനമാറ്റം പടിവാതിൽക്കലെത്തിനിൽക്കെയാണ് മുന്നണിയിൽ പടലപ്പിണക്കങ്ങൾ മൂർച്ഛിച്ചിരിക്കുന്നത്. ധാരണപ്രകാരം ഡിസംബറോടെ ലീഗിന് പ്രസിഡൻറ് സ്ഥാനം കിട്ടേണ്ടതാണ്. ഭരണസമിതിയിൽ ഭിന്നത വന്ന സാഹചര്യത്തിൽ ഇനി മുസ്ലിം ലീഗിന് ലഭിക്കുന്ന പ്രസിഡൻറ് സ്ഥാനം സംബന്ധിച്ചും ആശങ്ക നിലനിൽക്കുന്നുണ്ട്.
പ്രസിഡൻറ് രാജിവെക്കണം -എൽ.ഡി.എഫ്
മുക്കം: ഭരണസമിതിയിൽ ഭൂരിപക്ഷം നഷ്ടമായ കാരശ്ശേരി പഞ്ചായത്ത് പ്രസിഡൻറ് തൽസ്ഥാനം രാജിവെക്കണമെന്ന് ഇടത് അംഗങ്ങൾ ആവശ്യപ്പെട്ടു.
ഈ ആവശ്യമുന്നയിച്ച് ഇടത് മെംബർമാർ ഭരണസമിതി യോഗത്തിൽനിന്ന് ഇറങ്ങിപ്പോയി. പ്രധാനമായും മൂന്ന് അജണ്ടകൾ സംബന്ധിച്ചാണ് പരാതി. മുരിങ്ങംപുറായി ഗ്രൗണ്ടിന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെയും പവിലിയന് മുൻ എം.എൽ.എ മോയിൻകുട്ടിയുടേയും പേരുനൽകുന്നത് സംബന്ധിച്ചാണ് പ്രധാന പ്രതിഷേധം. ഇതിന് പുറമെ കറുത്തപറമ്പിലെ ഒഴിഞ്ഞപറമ്പിൽ ചെക്കൻമാർ വരുന്നു എന്ന പരാമർശവും പതിനെട്ടാം വാർഡിലെ തീർഥം കുടിവെള്ളപദ്ധതിയുമായി ബന്ധപ്പെട്ട വിഷയവും പ്രതിഷേധത്തിന് കാരണമായി. ഇടത് മെംബർമാരായ കെ.പി. ഷാജി, കെ. ശിവദാസൻ, എം.ആർ. സുകുമാരൻ, ഇ.പി. അജിത്ത്, കെ.കെ. നൗഷാദ്, ജിജിത സുരേഷ്, ശ്രുതി കമ്പളത്ത്, സിജി സിബി എന്നിവരാണ് യോഗം ബഹിഷ്കരിച്ചത്.
ലീഗ് നിലപാട് ഉമ്മൻ ചാണ്ടിയോടുള്ള നീതികേട് –പഞ്ചായത്ത് പ്രസിഡൻറ്
മുക്കം: കാരശ്ശേരി പഞ്ചായത്തിൽ ശനിയാഴ്ച നടന്ന ഭരണസമിതി യോഗത്തിൽ ഇടതുപക്ഷ അംഗങ്ങളുടെ പ്രതിഷേധനടപടി രാഷ്ട്രീയപ്രേരിതമാണെന്ന് പഞ്ചായത്ത് പ്രസിഡൻറ് വി.പി. സ്മിത, വൈസ് പ്രസിഡന്റ് ജംഷിദ് ഒളകര എന്നിവർ പറഞ്ഞു. അഞ്ചാമത്തെ അജണ്ടയായ പഞ്ചായത്തിലെ മലാംകുന്ന് മിനി സ്റ്റേഡിയത്തിന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പേര് നാമകരണം ചെയ്യണമെന്നും പവിലിയന് മുൻ എം.എൽ.എ മോയിൻ കുട്ടിയുടെ പേര് നൽകണം എന്നുമുള്ള തീരുമാനത്തിനെതിരെ ഇടതുപക്ഷത്തിനൊപ്പം മുസ്ലിം ലീഗും നിൽക്കുകയായിരുന്നു. ലീഗിന്റെ ഈ നിലപാട് ഉമ്മൻ ചാണ്ടിയോട് ചെയ്ത അനീതിയാണ്.
കേരളത്തിന്റെ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും തിരുവമ്പാടി നിയോജക മണ്ഡലത്തിൽ രണ്ട് തവണ എം.എൽ.എ ആയിരുന്ന സി. മോയിൻ കുട്ടിയും കാരശ്ശേരി പഞ്ചായത്തിന് വിലമതിക്കാനാവാത്ത വികസന പദ്ധതികളാണ് സമ്മാനിച്ചിട്ടുള്ളത്. ഐ.എച്ച്.ആർ.ഡി കോളജ് കെട്ടിടം, മുക്കം കടവ് പാലം തുടങ്ങി നിരവധി പദ്ധതികളാണ് കാരശ്ശേരി പഞ്ചായത്തിൽ നടപ്പിലാക്കിയത്. ഇവരുടെ സ്മരണ എന്നും നിലനിൽക്കണമെന്ന ഉദ്ദേശ്യത്തോടുകൂടിയാണ് ഭരണസമിതി അജണ്ട വെച്ചിരുന്നതെന്നും പ്രസിഡൻറ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.