കോഴിക്കോട് മെഡിക്കൽ കോളജിൽനിന്ന് ഇനി നിയമസഹായവും
text_fieldsകോഴിക്കോട്: അപകടത്തിൽപ്പെട്ടും ആക്രമണത്തിനിരയായും ചികിത്സക്ക് എത്തുന്നവർക്കുള്ള അത്യാവശ്യ നിയമസഹായം ഇനി മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്ന് ലഭിക്കും. ഇതിനായി ജില്ല നിയമസേവന അതോറിറ്റിയുടെ ലീഗൽ എയ്ഡ് ക്ലിനിക് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവർത്തനം ആരംഭിച്ചു. കോഴിക്കോട് പ്രിൻസിപ്പൽ ജില്ല ജഡ്ജിയും നിയമസേവന അതോറിറ്റി ചെയർമാനുമായ മുരളി കൃഷ്ണ ക്ലിനിക്ക് ഉദ്ഘാടനം ചെയ്തു. ആശുപത്രിയിൽ നാലാം വാർഡിന് സമീപമാണ് ലീഗൽ എയ്ഡ് ക്ലിനിക് ആരംഭിച്ചത്. ക്ലിനിക്കിൽ വിദഗ്ധരായ അഭിഭാഷകരുടെയും പാരാലീഗൽ വളന്റിയർമാരുടെയും സേവനം ലഭ്യമാകും.
മെഡിക്കൽ കോളജ് ആശുപത്രിയിൽ വരുന്ന രോഗികൾക്കും കൂട്ടിരിപ്പുകാർക്കും വിദ്യാർഥികൾക്കും പൊതുജനങ്ങൾക്കും സൗജന്യമായി നിയമസഹായം നൽകുകയെന്നതാണ് ലക്ഷ്യം. സ്ത്രീകൾ, കുട്ടികൾ, ഭിന്നശേഷിക്കാർ, മനോരോഗികൾ, കലാപത്തിനിരയാകുന്നവർ, ജയിലുകളിലും ഹോമുകളിലും താമസിക്കുന്നവർ, വ്യവസായ തൊഴിലാളികൾ, പട്ടികജാതി പട്ടികവർഗത്തിൽപെട്ടവർ, മൂന്നു ലക്ഷത്തിൽ താഴെ വാർഷിക വരുമാനമുള്ള പുരുഷന്മാർ തുടങ്ങിയവർക്ക് സൗജന്യ നിയമസഹായത്തിന് അർഹതയുണ്ട്.
ചടങ്ങിൽ ജില്ല നിയമസേവന അതോറിറ്റി സെക്രട്ടറിയും സബ് ജഡ്ജുമായ എം.പി. ഷൈജൽ അധ്യക്ഷത വഹിച്ചു. കോഴിക്കോട് മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. അശോകൻ മുഖ്യാതിഥിയായി. ആശുപത്രി സൂപ്രണ്ട് ഡോ. ശ്രീജയൻ സ്വാഗതവും ജില്ല നിയമ സേവന അതോറിറ്റി സെക്ഷൻ ഓഫിസർ ഇൻ ചാർജ് പ്രദീപ് ഗോപിനാഥ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.