കൂടരഞ്ഞിയിലെ പുലി കൂട്ടിലായി
text_fieldsകൂടരഞ്ഞി പെരുമ്പൂളയിൽ കൂട്ടിൽ കുടുങ്ങിയ പുലി
തിരുവമ്പാടി: കൂടരഞ്ഞി പെരുമ്പൂളയിൽ വനം വകുപ്പ് സ്ഥാപിച്ച കൂട്ടിൽ പുലി കുടുങ്ങി. ഒരു മാസമായി പുലിഭീതിയിലായ നാട്ടുകാരുടെ പ്രതിഷേധത്തെത്തുടർന്ന് ജനുവരി നാലിന് സ്ഥാപിച്ച കൂട്ടിലാണ് പുലി കുടുങ്ങിയത്. ശനിയാഴ്ച രാവിലെ 11ഓടെ പ്രദേശത്ത് പരിശോധനക്കെത്തിയ വനം വകുപ്പ് അധികൃതരാണ് കൂട്ടിൽ പുലിയെ കണ്ടത്. ഉച്ചയോടെ പുലിയെ ആരോഗ്യ പരിശോധനക്ക് താമരശ്ശേരി റേഞ്ച് ഫോറസ്റ്റ് ഓഫിസിലേക്ക് കൊണ്ടുപോയി. പുലിക്ക് മൂന്ന് വയസ്സുണ്ടെന്നാണ് നിഗമനം.
രണ്ടുമാസം മുമ്പ് കൂടരഞ്ഞി യിൽ നിന്ന് വളർത്തു മൃഗങ്ങളെ കാണാതായിരുന്നു. ഇതോടെയാണ് നാട്ടുകാർ ഭീതിയിലായത്. പിന്നീട് വനം വകുപ്പ് നടത്തിയ പരിശോധനയിൽ പ്രദേശത്ത് പുലിസാന്നിധ്യം സ്ഥിരീകരിച്ചു. ഒരാഴ്ച മുമ്പ് പുലി പിടികൂടിയതെന്ന് കരുതുന്ന കേഴമാനിന്റെ അസ്ഥികളും പ്രദേശത്തുനിന്ന് നാട്ടുകാർക്ക് കിട്ടിയിരുന്നു. ഇതിനിടെ, ആടുമേയ്ക്കാൻ ഇറങ്ങിയ വീട്ടമ്മ പുലിയെന്ന് സംശയിക്കുന്ന ജീവിയെക്കണ്ട് ഭയന്നോടി വീണ് പരിക്കേറ്റതോടെ നാട്ടുകാരുടെ പ്രതിഷേധമുയർന്നു.
തുടർന്നാണ് ജനുവരി നാലിന് പ്രദേശത്ത് കൂട് സ്ഥാപിച്ചത്. ഇതിൽ ഇരയെ കെട്ടിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി ജനുവരി അഞ്ചിന് രാത്രി കർഷക കോൺഗ്രസ് കൂമ്പാറ ഫോറസ്റ്റ് സെക്ഷൻ ഓഫിസ് ഉപരോധിച്ചു. പ്രതിഷേധത്തെത്തുടർന്ന് രാത്രി തന്നെ അധികൃതർ കൂട്ടിൽ ഇരയെ കെട്ടി. കൂടരഞ്ഞി പഞ്ചായത്ത് പ്രസിഡൻറ് ആദർശ് ജോസഫ്, ഫോറസ്റ്റ് റേഞ്ച് ഓഫിസർ ഷിജു, ഫോറസ്റ്റ് സെക്ഷൻ ഓഫിസർ പി. സുബീർ, ഗ്രാമപഞ്ചായത്തംഗം ജോണി വാളിപ്ലാക്കൽ എന്നിവർ സ്ഥലത്ത് എത്തിയിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.