ലൈഫ് പദ്ധതി: പൂർത്തിയായത് 2950 വീടുകൾ
text_fieldsകോഴിക്കോട്: നിർധനർക്ക് പാർപ്പിടമൊരുക്കാനുള്ള ലൈഫ് ഭവന പദ്ധതിയുടെ ഒന്നാം ഘട്ട കാലാവധി ഡിസംബർ 31ന് തീരാനിരിക്കെ നഗരത്തിൽ പൂർത്തിയായത് 2950 വീടുകളെന്ന് കണക്ക്. പദ്ധതിയിൽ വീട് പണിയാൻ അംഗീകാരം ലഭിച്ചത് 4879 പേർക്കാണ്.
ഈ സാഹചര്യത്തിൽ പദ്ധതിയിൽ ഉൾപ്പെട്ടവർക്ക് മുഴുവൻ വീട് ലഭ്യമാക്കുകയെന്ന ലക്ഷ്യത്തിന് ജനകീയ ഇടപെടൽ നടത്താൻ കോർപറേഷൻ തീരുമാനം. ഡെപ്യൂട്ടി മേയർ സി.പി. മുസാഫർ അഹമ്മദിന്റെ അധ്യക്ഷതയിൽ ചേർന്ന അടിയന്തര കൗൺസിൽ യോഗത്തിലാണ് തീരുമാനം.
അംഗീകാരം കിട്ടിയ 4879ൽ കരാറിലേർപ്പെട്ട് ഒന്നാം ഗഡു കൈപ്പറ്റിയവർ 4606 പേരാണെന്ന് മരാമത്ത് സ്ഥിരം സമിതി അധ്യക്ഷൻ പി.സി. രാജൻ പറഞ്ഞു. രണ്ടാം ഗഡു കൈപ്പറ്റിയവർ 4127. മൂന്നാം ഗഡു കൈപ്പറ്റിയവർ 3907. പൂർത്തീകരിച്ചത് 2919. കരാറിൽ ഇതുവരെ എത്താത്ത 273 പേരുടെ പേര് ലിസ്റ്റിൽനിന്ന് മുന്നറിയിപ്പില്ലാതെ സ്റ്റേറ്റ് മിഷൻ ഒഴിവാക്കും. ഒന്നാം ഗഡു കൈപ്പറ്റി രണ്ടാം ഗഡു വാങ്ങാത്ത 379 പേരുണ്ട്.
രണ്ടാം ഗഡു വാങ്ങിയിട്ടും മൂന്നാം ഗഡു വാങ്ങാത്ത 320 പേരുണ്ട്. മൂന്നാം ഗഡു വാങ്ങി അവസാന ഗഡു വാങ്ങാത്ത 988 പേരുമുണ്ട്. കരാറിലേർപ്പെട്ട് ഒരു മാസത്തിനകം തറ നിർമാണം പൂർത്തിയാക്കിയില്ലെങ്കിൽ ആനുകൂല്യത്തിനുള്ള ലിസ്റ്റിൽനിന്ന് പുറത്താവും. കുടുംബശ്രീയുടെ സഹായത്തോടെ എല്ലാ വീട്ടിലും കാമ്പയിൻ നടത്തും. കരാറിലേർപ്പെടാനുള്ള പ്രയാസമെന്തെന്നത് മുതൽ പണി തീർക്കാത്തതടക്കമുള്ള കാര്യങ്ങൾ വീടുകളിലെത്തി അന്വേഷിക്കും.
പ്ലാൻ പാസാകാത്തതും സി.ആർ.ഇസെഡിൽ ഉൾപ്പെട്ട സ്ഥലമാണെന്നതും ബാങ്ക് വായ്പ കിട്ടാത്തതുമടക്കമുള്ള സാങ്കേതിക പ്രശ്നങ്ങളിലെല്ലാം ഗുണഭോക്താക്കളെ സഹായിക്കും. കരാറിലേർപ്പെടാത്തവരെയെല്ലാം കണ്ടെത്തി അവരുടെ തറ നിർമാണം ഈ മാസംതന്നെ തീർക്കാൻ ശ്രമിക്കും. പ്രാദേശിക തലത്തിൽ കൗൺസിലർമാരുടെ ഗ്രൂപ്പുണ്ടാക്കി സഹായത്തിനിറങ്ങും.
ജൂലൈ 31നകം പദ്ധതിയിൽപെട്ട പരമാവധിയാളുകളെ സഹായിക്കാൻ കാമ്പയിൻ നടത്തും. ഗുണഭോക്താക്കളുടെ പ്രശ്നം പഠിക്കാൻ യോഗം വിളിക്കും. എല്ലാവർക്കും അടച്ചുറപ്പുള്ള വീടുണ്ടാക്കുകയാണ് ലക്ഷ്യമെന്നും പി.സി. രാജൻ പറഞ്ഞു.
അതത് വാർഡുകളിലെ പ്രശ്നങ്ങൾ എൻജിനീയർമാർ നേരിട്ടെത്തി മനസ്സിലാക്കി പരിഹരിക്കണമെന്ന് വി.കെ. മോഹൻദാസ് ആവശ്യപ്പെട്ടു. മൂന്നും നാലും ഗഡു കൊടുക്കാൻ കാലതാമസം നേരിടുന്നുണ്ടെന്നും ഇത് പരിഹരിക്കണമെന്നും കെ. മൊയ്തീൻ കോയ പറഞ്ഞു. പദ്ധതിയുടെ ഉപഭോക്താക്കളുടെ പ്രവൃത്തികൾ കണിശമായി പരിശോധിച്ച് ചെറിയ പിഴവുകൾ വരെ വലുതാക്കി കാണിച്ച് കാലതാമസം വരുത്തുന്ന രീതി മാറണമെന്ന് കെ.സി. ശോഭിത അറിയിച്ചു.
ബാങ്ക് അധികൃതരുടെ ഭാഗത്തുനിന്നുള്ള പിഴവുകളും കോർപറേഷനിലെ ഉദ്യോഗസ്ഥരുടെ സമീപനവും ലൈഫ് പദ്ധതിക്ക് കാലതാമസം വരുത്തുന്നുണ്ടെന്ന് ആരോപണമുയർന്നു.
എം.സി. അനിൽകുമാർ, ബിജുലാൽ, എസ്.കെ അബൂബക്കർ, ടി. റെനീഷ്, ഡോ. എസ്. ജയശ്രീ, കെ. കൃഷ്ണകുമാരി തുടങ്ങിയവർ സംസാരിച്ചു. റോഡും പാലവും മറ്റ് വികസനവുമെന്നപോലെ എല്ലാ കൗൺസിലർമാരും ലൈഫ് പദ്ധതി നടപ്പാക്കുന്നതിലും മുന്നിട്ടിറങ്ങണമെന്ന് ഡെപ്യൂട്ടി മേയർ ആവശ്യപ്പെട്ടു.
ബേപ്പൂരിലെ ഭവനപദ്ധതി ഈ കൊല്ലം തന്നെ
ലൈഫിൽ ഉൾപ്പെടുത്തി 13 കോടിയുടെ ബേപ്പൂരിലെ മനസ്സോടിത്തിരി മണ്ണ് ഭവന നിർമാണ പദ്ധതിയുടെ വിശദ പദ്ധതിരേഖ (ഡി.പി.ആർ) തയാറായതായി ഡെപ്യൂട്ടി മേയർ യോഗത്തിൽ അറിയിച്ചു. ഈ വർഷം തന്നെ ബേപ്പൂരിലെ പദ്ധതിക്ക് തുടക്കമിടാനാകുമെന്നാണ് പ്രതീക്ഷ. ബേപ്പൂരിലെ ഭവന നിർമാണ പദ്ധതിക്കും ഈ കൊല്ലം പണം നീക്കിവെക്കും. ഭൂമി വാങ്ങാനുള്ള പദ്ധതിക്ക് പണം നീക്കിവെക്കുന്ന കാര്യവും പരിഗണിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.