പുതുവത്സരത്തിൽ മാനാഞ്ചിറ സ്ക്വയറിൽ വർണ ദീപാലങ്കാരം
text_fieldsകോഴിക്കോട്: കഴിഞ്ഞ തവണ ഏറെ ശ്രദ്ധ നേടിയ മാനാഞ്ചിറയിലെ വർണവെളിച്ചം ഇത്തവണയും. വിനോദസഞ്ചാര വകുപ്പിന്റെ ആഭിമുഖ്യത്തിലുള്ള ദീപാലങ്കാരം 23 മുതൽ കത്തിക്കണമെന്നാണ് ധാരണ. ഇതിനായുള്ള സംവിധാനങ്ങളുടെ അവസാന മിനുക്കുപണികൾ മാനാഞ്ചിറ മൈതാനിയിൽ ആരംഭിച്ചു.
കൂറ്റൻ ദിനോസർ, മഞ്ഞുകരടി, ഭൂഗോളം തുടങ്ങിയവയെല്ലാമുള്ള വ്യത്യസ്ത രീതിയിലാണ് ഇത്തവണ ദീപാലങ്കാരമെന്ന് ജില്ല ടൂറിസം പ്രമോഷൻ കൗൺസിൽ അധികൃതർ പറഞ്ഞു. കഴിഞ്ഞ കൊല്ലം മാനാഞ്ചിറ സ്ക്വയറിലെ പുതുവത്സരാഘോഷ ദീപാലങ്കാരത്തിന് വൻ സ്വീകാര്യതയാണ് കിട്ടിയത്.
നഗരത്തിലെ പുതുവത്സരാഘോഷത്തിന്റെ കേന്ദ്രബിന്ദുവായി സ്ക്വയർ മാറിയിരുന്നു. ഇത്തവണ കൂടുതൽ സജ്ജീകരണങ്ങൾ ഒരുക്കാനാണ് തീരുമാനം.
കഴിഞ്ഞ ഡിസംബറിൽ ദീപാലങ്കാരമാക്കുന്നതിന്റെ ഭാഗമായി പ്രഖ്യാപിച്ച മാനാഞ്ചിറ സ്ക്വയർ കൂടുതല്‍ സൗന്ദര്യവത്കരിക്കുമെന്ന പ്രഖ്യാപനത്തിൽ കാര്യമായ നടപടിയുണ്ടായിട്ടില്ല. സ്ക്വയറിൽ വിനോദസഞ്ചാര വകുപ്പ് ആദ്യഘട്ട നവീകരണത്തിനായി ഒരു കോടി രൂപ അനുവദിച്ചതായി അന്ന് മന്ത്രി പ്രഖ്യാപിച്ചിരുന്നു.
നഗരത്തിലെ കൂടുതല്‍ ഇടങ്ങൾ സൗന്ദര്യവത്കരിക്കുക, സരോവരം മികവുറ്റതാക്കുക, പ്രവര്‍ത്തനരഹിതമായി കിടക്കുന്ന പാര്‍ക്കുകള്‍ പ്രവര്‍ത്തനക്ഷമമാക്കാന്‍ നടപടി സ്വീകരിക്കുക, പാലങ്ങള്‍ ദീപാലംകൃതമാക്കുക തുടങ്ങിയ പദ്ധതികൾ അന്ന് പ്രഖ്യാപിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.