സാഹിത്യ നഗരപ്രഖ്യാപനം ഞായറാഴ്ച
text_fieldsകോഴിക്കോട്: യുനെസ്കോ സർഗാത്മക നഗര ശൃംഖലയുടെ ലക്ഷ്യങ്ങൾ കൈവരിക്കാൻ ഉതകുന്ന രീതിയിൽ പ്രാദേശിക തലത്തിലും അന്തർദേശീയ തലത്തിലും വിവിധ പ്രവർത്തനങ്ങളും പരിപാടികളും സംഘടിപ്പിക്കുമെന്ന് മേയർ ഡോ. ബീന ഫിലിപ്പ് വാർത്തസമ്മേളനത്തിൽ പറഞ്ഞു.
രണ്ടുവർഷം വീതം നീണ്ടുനിൽക്കുന്ന നാലുഘട്ടങ്ങളായാണ് പദ്ധതി നടപ്പാക്കുന്നത്. മാനാഞ്ചിറ, ബീച്ച്, കുറ്റിച്ചിറ, തളി ക്ഷേത്രം, ലയൺസ് പാർക്ക് തുടങ്ങിയ ഇടങ്ങളും പാർക്കുകളും സാഹിത്യ പരിപാടികൾ സംഘടിപ്പിക്കുന്ന ഇടങ്ങൾ കൂടിയാക്കി മാറ്റും. ലിറ്ററേച്ചർ മ്യൂസിയം, വായനത്തെരുവ്, മലബാർ ലിറ്റററി സർക്യൂട്ട്, കോലായ സംസ്കാരത്തിന്റെ പുനഃസ്ഥാപനം, സ്വതന്ത്ര വായന മൂലകൾ തുടങ്ങിയവയും നടപ്പാക്കും. വാരാന്ത്യ വായനകൾപോലുള്ള പദ്ധതികളുണ്ടാവും. ഡയസ്പോറിക് ചിൽഡ്രൻസ് പാർലമെന്റ്, സാഹിത്യ മത്സരങ്ങൾ, പുസ്തക കൈമാറ്റ കേന്ദ്രങ്ങൾ, എഴുത്തുശിൽപശാലകൾ, സാധാരണക്കാർക്ക് പ്രാപ്യമാവുന്ന പുസ്തകമേളകൾ, ഗൃഹലൈബ്രറി സന്ദർശനങ്ങൾ, സഞ്ചരിക്കുന്ന പുസ്തക പ്രദർശനങ്ങൾ തുടങ്ങിയവ സംഘടിപ്പിക്കും. ഇന്ത്യയിലെ ആദ്യ സാഹിത്യ നഗരമായി യുനെസ്കോ കോഴിക്കോടിനെ തിരഞ്ഞെടുത്തതിന്റെ പ്രഖ്യാപനം 23ന് വൈകീട്ട് 5.30ന് മന്ത്രി എം.ബി. രാജേഷ് നിർവഹിക്കും.
കണ്ടംകുളം മുഹമ്മദ് അബ്ദുറഹിമാൻ സ്മാരക ജൂബിലി ഹാളിൽ നടക്കുന്ന ചടങ്ങിൽ കോർപറേഷന്റെ വജ്രജൂബിലി പുരസ്കാരം എം.ടി. വാസുദേവൻ നായർക്ക് സമ്മാനിക്കും. സാഹിത്യ നഗരത്തിന്റെ ലോഗോ പ്രകാശനവും വെബ്സൈറ്റ് ഉദ്ഘാടനവും മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിർവഹിക്കും.
ആനക്കുളം സാംസ്കാരിക നിലയത്തിൽ സജ്ജമാക്കുന്ന സാഹിത്യനഗര കേന്ദ്രത്തിന്റെ പ്രഖ്യാപനം കൈതപ്രം ദാമോദരൻ നമ്പൂതിരി നടത്തും. വാർത്തസമ്മേളനത്തിൽ ഡെപ്യൂട്ടി മേയർ സി.പി. മുസാഫിർ അഹമ്മദ്, ഡോ. എസ്. ജയശ്രീ, കൃഷ്ണകുമാരി, സെക്രട്ടറി കെ.യു. ബിനി എന്നിവരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.