വത്സല ടീച്ചർക്ക് സാഹിത്യനഗരം വിട നൽകി
text_fieldsകോഴിക്കോട്: കഥാകാരി പി. വത്സലക്ക് നഗരം കണ്ണീരോടെ വിട നൽകി. വെസ്റ്റ്ഹിൽ ശ്മശാനത്തിലെ സംസ്കാരച്ചടങ്ങുകൾക്ക് ശേഷം ടൗൺഹാളിൽ ചേർന്ന പൗരാവലിയുടെ യോഗം വത്സലയുടെ വേർപാടിൽ അനുശോചിച്ചു. കോഴിക്കോടിന് സാഹിത്യനഗര പദവി ലഭിച്ച സന്ദർഭത്തിൽ പ്രിയ കഥാകാരിയുടെ വേർപാട് വലിയ നഷ്ടമാണെന്ന് യോഗം അഭിപ്രായപ്പെട്ടു.
വത്സല ടീച്ചറുടെ വേർപാട് മലയാള കഥാസാഹിത്യത്തിനും സാമൂഹിക ജീവിതത്തിനും വലിയ നഷ്ടമാണ് ഉണ്ടാക്കിയതെന്ന് അധ്യക്ഷത വഹിച്ചുകൊണ്ട് അനുശോചന പ്രമേയം അവതരിപ്പിച്ച മേയർ ഡോ. ബീന ഫിലിപ്പ് പറഞ്ഞു. സാഹിത്യ അക്കാദമി മുൻ അധ്യക്ഷയുടെ ദീപ്തമായ സ്മരണകൾക്ക് മുമ്പിൽ സാഹിത്യനഗരം ആദരാഞ്ജലികൾ അർപ്പിക്കുന്നതായി പ്രമേയത്തിൽ പറഞ്ഞു.
എസ്.കെ. പൊെറ്റക്കാട്ടും വൈക്കം മുഹമ്മദ് ബഷീറും തിക്കോടിയനുമെല്ലാം ജീവിക്കുകയും സർഗസപര്യ നിർവഹിക്കുകയുംചെയ്ത കോഴിക്കോടിന്റെ എഴുത്തുകാരിയാണവർ. പുരോഗതിക്കും മനുഷ്യനന്മക്കും വേണ്ടിയുള്ള എല്ലാ സാമൂഹിക ഇടപെടലുകൾക്കുമൊപ്പം നിൽപുറപ്പിച്ച കോഴിക്കോടിന്റെ അഭിമാനമാണ് പി. വത്സല. കോഴിക്കോട്ട് നിന്ന് ചുരം കയറിച്ചെന്നാണ് അവർ തിരുനെല്ലിയിലെ ആദിവാസിജീവിതത്തിന്റെ യാതനാഭരിതമായ കഥ ലോകത്തെ അറിയിച്ചത്.
തിരുനെല്ലിയിലെ ആദിവാസി ജീവിതത്തിന്റെ ദുരിതപൂർണമായ അവസ്ഥയാണ് ‘നെല്ല്’ എന്ന നോവലിലൂടെ അവർ വായനക്കാരുടെ മുമ്പിലെത്തിച്ചത്. ആദിവാസി ഗോത്രമേഖലയിലെ മനുഷ്യരുടെ അടിമാവസ്ഥയും അവരുടെ ജീവിതവും പ്രണയവും വിമോചനയത്നങ്ങളുമെല്ലാമാണ് ‘നെല്ലി’ലൂടെയും ആഗ്നേയത്തിലൂടെയുമെല്ലാം ടീച്ചർ പറഞ്ഞുവെച്ചതെന്നും പ്രമേയത്തിൽ പറഞ്ഞു. കാടിന്റെ ചന്തവും വിശുദ്ധിയുമായിരുന്നു വത്സലയുടെ കഥകൾക്കെന്ന് എം.കെ. രാഘവൻ എം.പി പറഞ്ഞു.
തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ, കെ.പി. രാമനുണ്ണി, അശോകൻ ചെരുവിൽ, യു.കെ. കുമാരൻ, ടി.പി. ദാസൻ, ടി.വി. ബാലൻ, പ്രഫ. സി.പി. അബൂബക്കർ, ഡോ. ഖദീജ മുംതാസ്, പോൾ കല്ലാനോട്, പുരുഷൻ കടലുണ്ടി, അഡ്വ. വി.കെ. സജീവൻ, കെ.ഇ.എൻ. കുഞ്ഞഹമ്മദ്, സുനിൽ അശോകപുരം, കെ.ജി. രഘുനാഥ്, എം.എ. സേവ്യർ തുടങ്ങിയവർ സംസാരിച്ചു. കെ.ടി. കുഞ്ഞിക്കണ്ണൻ സ്വാഗതവും യു. ഹേമന്ത് കുമാർ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.