ലൈഫ് പദ്ധതിക്ക് കേരള ബാങ്ക് മുഖേന വായ്പ: സാധ്യത പരിശോധിക്കാൻ കമ്മിറ്റി രൂപവത്കരിച്ച് സർക്കാർ ഉത്തരവ്
text_fieldsകോഴിക്കോട്: ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട് കേരള ബാങ്ക് മുഖേന വായ്പ ലഭ്യമാക്കുന്നതിനുള്ള സാധ്യത പരിശോധിക്കുന്നതിന് സർക്കാർ നീക്കം. ഇതുസംബന്ധിച്ച് ആവശ്യമായ ചർച്ചകൾ നടത്തി വ്യക്തമായ മാനദണ്ഡങ്ങൾ രൂപവത്കരിക്കുന്നതിന് കമ്മിറ്റി രൂപവത്കരിച്ച് സർക്കാർ ഉത്തരവ്. തദ്ദേശസ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ, ലൈഫ് മിഷൻ ചീഫ് എക്സിക്യൂട്ടിവ് ഓഫിസർ, കേരള ബാങ്ക് ചീഫ് എക്സിക്യൂട്ടിവ് ഓഫിസർ, കെ.യു.ആർ.ഡി.എഫ്.സി മാനേജിങ് ഡയറക്ടർ എന്നിവരടങ്ങിയ എട്ടംഗ കമ്മിറ്റിയെ നിയമിച്ചാണ് സർക്കാർ ഉത്തരവിറങ്ങിയത്.
സർക്കാറിന്റെ സമ്പൂർണ പാർപ്പിട സുരക്ഷ പദ്ധതിയായ ലൈഫ് ഭവനനിർമാണ പദ്ധതിയുടെ ഗുണഭോക്തൃ പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള മൂന്നര ലക്ഷത്തിൽപരം ഭവനരഹിതർക്ക് വീട് നൽകുന്നതിനാണ് സർക്കാർ നീക്കം. ഇനിയും കരാർ വെക്കാത്ത, ഭൂമിയുള്ള 3.55 ലക്ഷം ഭവനരഹിത ഗുണഭോക്താക്കൾക്ക് വീട് നൽകുന്നതിന് ആവശ്യമായ തുക, കുറഞ്ഞ പലിശനിരക്കിൽ കണ്ടെത്തുന്നതിനുള്ള മാർഗങ്ങൾ, തിരിച്ചടവ് കാലാവധി, തിരിച്ചടവ് വ്യവസ്ഥ, തുക കേരള ബാങ്കിൽ നിന്നും കണ്ടെത്തുന്നതിനുള്ള സാധ്യതകൾ തുടങ്ങിയവ പരിശോധിച്ച് വിശദമായ പ്രപ്പോസൽ കമ്മിറ്റി തയാറാക്കും. തദ്ദേശസ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടറാണ് കമ്മിറ്റി ചെയർമാൻ. ലൈഫ് മിഷൻ ചീഫ് എക്സിക്യൂട്ടിവ് ഓഫിസറാണ് കൺവീനർ. തദ്ദേശസ്വയംഭരണ വകുപ്പ് ഡയറക്ടർ (റൂറൽ), ഡയറക്ടർ (അർബൻ), ധനകാര്യ വകുപ്പിന്റെ പ്രതിനിധി, കേരള ബാങ്ക് ചീഫ് എക്സിക്യൂട്ടിവ് ഓഫിസർ, കെ.യു.ആർ.ഡി.എഫ്.സി മാനേജിങ് ഡയറക്ടർ, കേരള ബാങ്ക് ചീഫ് ജനറൽ മാനേജർ എന്നിവരാണ് മറ്റ് അംഗങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.