വിധിയെഴുത്ത് ഡിസംബർ 14ന്; ഒരുക്കം തകൃതി
text_fieldsകോഴിക്കോട്: ജില്ലയിൽ ഡിസംബര്‍ 14ന് നടക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിനായി ഒരുക്കങ്ങൾ തകൃതി. ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലനം, വോട്ടിങ് യന്ത്രങ്ങളുടെ പരിശോധന തുടങ്ങിയവ പൂര്‍ത്തിയായിവരുന്നു. പ്രിസൈഡിങ് ഓഫിസര്‍മാരടക്കമുള്ള തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ മാസ്റ്റര്‍ ട്രെയിനര്‍മാര്‍ക്കുള്ള പരിശീലനം അടുത്ത ദിവസം തുടങ്ങും. ഒക്ടോബര്‍ 31 വരെയായിരുന്നു വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാനുള്ള അവസാന ദിവസം. ഈമാസം ഒമ്പതുവരെ ഇതിന്മേലുള്ള 'ഹിയറിങ്' നടക്കും. തുടര്‍ന്നാണ് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കുക.
ജില്ലയിലെ റിട്ടേണിങ് ഓഫിസര്‍മാര്‍, അസി. റിട്ടേണിങ് ഓഫിസര്‍മാര്‍, ഇലക്ഷന് റിട്ടേണിങ് ഓഫിസര്‍മാര്‍ തുടങ്ങിയവര്‍ക്കുള്ള പരിശീലനങ്ങള്‍ പൂര്‍ത്തിയായി. ഒക്ടോബര്‍ 12 മുതല്‍ 18 ദിവസങ്ങളിലായി ബ്ലോക്ക് തലങ്ങള്‍ കേന്ദ്രീകരിച്ചാണ് പരിശീലനം നല്‍കിയത്. ഗസറ്റഡ് ഉദ്യോഗസ്ഥരായ 98 റിട്ടേണിങ് ഓഫിസര്‍മാരെയാണ് നിയോഗിച്ചിരിക്കുന്നത്. 98 വീതം അസി. റിട്ടേണിങ് ഓഫിസര്മാര്മാരും 89 ഇലക്ഷന് അസിസ്റ്റൻറുമാരുമുണ്ടാകും. ഇലക്ഷന് അസി. റിട്ടേണിങ് ഓഫിസര്‍മാരായ ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാര്‍ക്കും മറ്റുമുള്ളവര്‍ക്കുള്ള പരിശീലനവും പൂര്‍ത്തിയായിട്ടുണ്ട്. സിവില്‍ സ്റ്റേഷനിലും പുതിയറ പഴയ താലൂക്ക് ഓഫിസിന് സമീപത്തും പ്രത്യേകം സജ്ജീകരിച്ച കേന്ദ്രങ്ങളില്‍ ഇലക്ഷന് ഡെപ്യൂട്ടി കലക്ടര്‍ ടി. ജനില്കുമാറിെൻറ മേല്‍നോട്ടത്തിലാണ് വോട്ടുയന്ത്രങ്ങളുടെ പ്രാഥമിക പരിശോധനകള്‍ നടക്കുന്നത്.
മുന്‍ തെരഞ്ഞെടുപ്പില്‍ ഉപയോഗിച്ച ബാലറ്റ്, സീല്‍ എന്നിവ മാറ്റല്‍, യന്ത്രങ്ങളുടെ പ്രവര്‍ത്തനക്ഷമത പരിശോധന എന്നിവയാണ് നടക്കുന്നത്. ഗ്രാമ/ബ്ലോക്ക്/ജില്ലാ പഞ്ചായത്ത് തലങ്ങളില്‍ ഉപയോഗിക്കേണ്ട 'മള്‍ട്ടി പോസ്റ്റ്' വോട്ടു യന്ത്രങ്ങളുടെ പരിശോധനകള്‍ സിവില്‍ സ്റ്റേഷന് കേന്ദ്രത്തില്‍ പൂര്‍ത്തിയായി. കോര്പറേഷന്/നഗരസഭകളിലേക്ക് ഉപയോഗിക്കേണ്ട 'സിംഗ്ള്‍ പോസ്റ്റ്' വോട്ടുയന്ത്രങ്ങളുടെ പരിശോധനയാണ് പുതിയറയിലെ പഴയ താലൂക്ക് ഓഫിസ് പരിസരത്തെ കേന്ദ്രത്തില്‍ നടക്കുന്നത്. 'മള്‍ട്ടി പോസ്റ്റ്' വോട്ടിങ് യന്ത്രങ്ങളുടെ 2,930 കണ്ട്രോള് യൂനിറ്റുകളും 8,790 ബാലറ്റ് യൂനിറ്റുകളും 'സിംഗ്ള്‍ പോസ്റ്റ്' യന്ത്രങ്ങളുടെ 1,000 വീതം കണ്ട്രോള്, ബാലറ്റ് യൂനിറ്റുകളുമാണ് ജില്ലയിലെത്തിയത്. ഹൈദരാബാദ് ആസ്ഥാനമായ ഇലക്ട്രോണിക്സ് കോര്പറേഷന് ഇന്ത്യ ലിമിറ്റഡില്‍നിന്നുള്ള ആറ് എൻജിനീയര്‍മാരുടെ നേതൃത്വത്തില്‍ 25 റവന്യൂ ഉദ്യോഗസ്ഥരടങ്ങുന്ന സംഘമാണ് യന്ത്രങ്ങളുടെ പരിശോധന നടത്തുന്നത്.
പരിശോധന പൂര്ത്തിയായവയില്നിന്ന് അഞ്ചു ശതമാനം യന്ത്രങ്ങള്‍ തെരഞ്ഞെടുത്ത് രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ സാന്നിധ്യത്തില്‍ 'മോക് പോള്‍' നടത്തും. 'മള്‍ട്ടി പോസ്റ്റ്' വോട്ടുയന്ത്രങ്ങളുടെ മോക് പോൾ പൂര്‍ത്തിയായി. പരിശോധന പൂര്‍ത്തിയായ ശേഷം യന്ത്രങ്ങള്‍ സ്ട്രോങ് റൂമുകളിലേക്ക് മാറ്റുമെന്ന് ഡെപ്യൂട്ടി കലക്ടര്‍ പറഞ്ഞു.
ബ്ലോക്കിൽ കാര്യങ്ങൾ ബ്ലോക്കാണ്
കോഴിക്കോട്: ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മുന്നണികൾ അവസാന പരിഗണന കൊടുക്കുന്നത് ബ്ലോക്കുകൾക്ക്. പഞ്ചായത്ത്, ജില്ല പഞ്ചായത്ത് തലങ്ങളിൽ ഘടകകക്ഷികളുടെ സീറ്റ് വിഭജന ചർച്ച പൂർത്തിയാക്കിയെങ്കിലും േബ്ലാക്കുപഞ്ചായത്തുകളിൽ കാര്യങ്ങൾ അൽപം 'ബ്ലോക്കാ'ണ്. ചിലരൊക്കെ തീരുമാനം ബ്ലോക്ക് ആക്കിവെച്ചതാണ്, ഗ്രാമപഞ്ചായത്തിലും ജില്ല പഞ്ചായത്തിലും പരിഗണിക്കാൻ കഴിയാത്തവർക്കുവേണ്ടി. മുന്നണികളുടെ സീറ്റ് വിഭജന ചർച്ചകൾ മിക്ക ബ്ലോക്കുകളിലും എവിടെയുമെത്തിയിട്ടില്ല.
ജില്ലയിൽ 12 ബ്ലോക് പഞ്ചായത്തുകളാണ്. പത്തും ഭരിക്കുന്നത് എൽ.ഡി.എഫ്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിനൊപ്പമുണ്ടായിരുന്ന വീരേന്ദ്രകുമാറിെൻറ ജനതാദൾ ഇടക്കാലത്ത് ഇടതുപക്ഷത്തേക്ക് പോയതോടെ യു.ഡി.എഫ് ഭരിച്ച കുന്ദമംഗലം ബ്ലോക് എൽ.ഡി.എഫിന് കിട്ടി. പിന്നെയാകെയുള്ളത് വടകര, കൊടുവള്ളി ബ്ലോക്കുകളാണ്. ആർ.എം.പിയുടെ പിന്തുണയോടെയാണ് വടകര യു.ഡി.എഫ് ഭരിക്കുന്നത്. വടകരയിൽ പക്ഷേ എൽ.ഡി.എഫ് ഇത്തവണ സീറ്റ് വിഭജനം പൂർത്തിയായിട്ടുണ്ട്. യു.ഡി.എഫിൽ ചെറിയ പ്രശ്നങ്ങളുണ്ട്.
തോടന്നൂർ ബ്ലോക്കിൽ യു.ഡി.എഫിന് ഭരണമുണ്ടായിരുന്നു. വീരെൻറ ജനതാദൾ മുന്നണി മാറിയതോടെ അധികാരത്തിൽനിന്നിറങ്ങേണ്ടി വന്നു യു.ഡി.എഫിന്. ഏഴ് സീറ്റ് എൽ.ഡി.എഫിനും ആറ് സീറ്റ് യു.ഡി.എഫിനുമാണിപ്പോൾ. നേരത്തെ േനരെ തിരിച്ചായിരുന്നു കക്ഷി നില. ഇത്തവണ ഇവിടെ എൽ.ഡി.എഫ് സീറ്റ്് വിഭജനം പൂർത്തിയാക്കിയിട്ടുണ്ട്. യു.ഡി.എഫ് ചർച്ചയിലാണ്.
തൂണേരിയിൽ എൽ.ഡി.എഫ് സീറ്റ് ധാരണ പൂർത്തിയാക്കി. യു.ഡി.എഫ് ചർച്ച നടക്കുന്നു. എൽ.ഡി.എഫിന് എട്ടും യു.ഡി.എഫിന് അഞ്ചും സീറ്റ് ആണ് തുണേരി ബ്ലോക്കിൽ. ഇത്തവണ പ്രസിഡൻറ് കസേര വനിതക്കാണ്. നേരിയ ഭൂരിപക്ഷത്തിനാണ് ചാലപ്പുറം, കല്ലാച്ചി ഡിവിഷനുകൾ കഴിഞ്ഞ തവണ യു.ഡി.എഫിന് നഷ്ടപ്പെട്ടത്. ഇത്തവണ അത് തിരിച്ചു പിടിക്കാനുള്ള കഠിനയത്നത്തിനൊരുങ്ങുകയാണ് യ.ഡി.എഫ്.
പേരാമ്പ്ര ബ്ലോക്കിൽ ഇരു മുന്നണികളും സീറ്റ് ചർച്ചയിലാണ്. എക്കാലത്തും എൽ.ഡി.എഫ് ആധിപത്യമാണിവിടെ. എട്ട് എൽ.ഡി.എഫും നാല് യു.ഡി.എഫുമാണ് കഴിഞ്ഞ തവണത്തെ കക്ഷി നില. ജനറൽ കാറ്റഗറിക്കാണ് ഇത്തവണ പ്രസിഡൻറ് പദവി.
പന്തലായനി ബ്ലോക്കിലും മുന്നണി ചർച്ചകൾ പൂർത്തിയായിട്ടില്ല. എക്കാലത്തും എൽ.ഡി.എഫാണ് ഭരിക്കുന്നത്. 13ൽ ഏഴ് സീറ്റ് സി.പി എമ്മിനാണ്. കഴിഞ്ഞ തവണ എൽ.ഡി.എഫ് പത്തു സീറ്റിലും യു.ഡി.എഫ് മൂന്ന് സീറ്റിലുമാണിവിടെ ജയിച്ചത്. വരുന്ന ഭരണസമിതിയിൽ പ്രസിഡൻറ് ജനറൽ കാറ്റഗറിയിൽപെടും. മേലടി ബ്ലോക്കിൽ മുന്നണികളുെട സീറ്റ് ധാരണ എവിടെയുമെത്തിയിട്ടില്ല. എട്ടു സീറ്റിൽ എൽ.ഡി.എഫും അഞ്ചിൽ യു.ഡി എഫുമാണ് ജയിച്ചത്. കുന്നുമ്മൽ േബ്ലാക്കിലും മുന്നണികളുടെ സീറ്റ് ചർച്ച പൂർത്തിയായിട്ടില്ല. എൽ.ഡി.എഫിനാണ് ഭരണം. ഇത്തവണ വനിത ഭരിക്കും. എട്ട് എൽ.ഡി.എഫും അഞ്ച് യു.ഡി.എഫുമാണ് ഇവിടെ ജയിച്ചത്.
വടകര കഴിഞ്ഞാൽ യു.ഡി.എഫ് ഭരിക്കുന്ന ബ്ലോക്പഞ്ചായത്താണ് കൊടുവള്ളി. സീറ്റുചർച്ചകൾ നടക്കുന്നേയുള്ളൂ. ജനറൽ കാറ്റഗറിയിലാണ് അടുത്ത പ്രസിഡൻറ്. ഒരു സീറ്റ് മാത്രമേ ഇവിടെ എൽ.ഡി.എഫിനുള്ളൂ. ഒരു സ്വതന്ത്രനും. 16 സീറ്റ് യു.ഡി.എഫിെൻറതാണ്.
ചേളന്നൂർ ബ്ലോക്കിലും സീറ്റ് ധാരണയായിട്ടില്ല. പത്ത് എൽ.ഡി.എഫ് മെംബർമാരും മൂന്ന് യു.ഡി.എഫ് മെംബർമാരുമാണ് ഇവിടെ ജയിച്ചത്. ഇത്തവണ ജനറലാണ് പ്രസിഡൻറ് പദവി. ബാലുശ്ശേരി ബ്ലോക്കിലും സീറ്റ് ചർച്ചകൾ മുന്നണികൾ പൂർത്തിയാക്കിയിട്ടില്ല. എൽ.ഡി.എഫാണ് ഇവിടെ ഭരിക്കുന്നത്. 11 സീറ്റിൽ എൽ.ഡി.എഫും നാലെണ്ണത്തിൽ യു.ഡി.എഫുമാണ് ജയിച്ചത്.
കോഴിക്കോട് ബ്ലോക്ക് വെറും രണ്ട് പഞ്ചായത്തുകൾക്കുള്ളതാണ്. കടലുണ്ടി, ഒളവണ്ണ പഞ്ചായത്തുകളിൽനിന്നാണ് ഇവിടേക്ക് അംഗങ്ങളെത്തുന്നത്. ഇവിടെയും സീറ്റ് ചർച്ചകൾ നീങ്ങിയിട്ടില്ല. എൽ.ഡി.എഫ് ഒമ്പത്, യു.ഡി.എഫ് നാല് എന്നിങ്ങനെയാണ് കോഴിക്കോട് ബ്ലോക്കിലെ കക്ഷിനില.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.