തദ്ദേശ തെരഞ്ഞെടുപ്പ്: പ്രതിഫലിക്കും ജനകീയ വിഷയങ്ങൾ
text_fieldsകോഴിക്കോട്: വരാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ വികസനം ചർച്ചയാകുമ്പോൾ ഇരകളുടെ വോട്ടുകളും നിർണായകമാവും. കെ. റെയിൽ പദ്ധതിയും ദേശീയപാത വികസനവും മുതൽ വിവിധ ഇടങ്ങളിലെ ക്വാറികൾ ജനങ്ങൾക്കുണ്ടാക്കുന്ന ഭീഷണി വരെ ചർച്ചയാകും.
മാലിന്യപ്രശ്നവും കാർഷിക വിളകൾ നശിപ്പിക്കുന്ന കാട്ടുപന്നികളുടെ ശല്യവും പല പഞ്ചായത്തുകളിലും കത്തുന്ന വിഷയമാണ്. കോട്ടൂർ പഞ്ചായത്തിലെ ചെങ്ങോട്ടുമലയിലെ ക്വാറിക്ക് അനുമതിക്കുള്ള നീക്കങ്ങളുമായി ബന്ധപ്പെട്ട വിവാദങ്ങൾ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പ്രദേശത്ത് ആളിക്കത്തുകയാണ്. ക്വാറിക്ക് അനുമതി നൽകാൻ ഭരണകക്ഷികൾ ശ്രമിക്കുന്നതായി ആരോപണമുയർന്നിരുന്നു. ചെങ്ങോട്ടുമല വിഷയം സമീപത്തെ കായണ്ണ, നൊച്ചാട്, പനങ്ങാട് പഞ്ചായത്തുകളിലും പ്രതിഫലിക്കും. രാഷ്ട്രീയ ഭേദമന്യേ നാട്ടിലെ നേതാക്കൾ ക്വാറിക്കാർക്കൊപ്പം നിൽക്കുന്നതാണ് ഇവിടത്തെ പതിവ്.
അർധ അതിവേഗ റെയിൽപാതയായ കെ. റെയിൽ പദ്ധതിക്കെതിരായ പ്രക്ഷോഭങ്ങൾ ജില്ലയിൽ തെരഞ്ഞെടുപ്പിൽ നിർണായകമാവും. കോഴിക്കോട് കോർപറേഷൻ പരിധി മുതൽ വടകര കൈനാട്ടി വരെ ജനവാസ മേഖലയിലൂടെയാണ് കെ. റെയിൽ കടന്നു പോകുന്നത്.
ദേശീയപാത വികസനത്തിലെ ഇരകൾക്ക് മതിയായ നഷ്ടപരിഹാരം ലഭിക്കുന്നില്ലെന്ന ആക്ഷേപവും ശക്തമാണ്. സ്ഥലം ഏറ്റെടുക്കൽ നിയമം കാറ്റിൽ പറത്തിയാണ് അധികൃതർ പ്രവർത്തിക്കുന്നത്. വ്യാപകമായ വന്യമൃഗശല്യത്തിൽ പൊറുതിമുട്ടുന്ന കർഷകരുടെ പ്രശ്നങ്ങളും തെരഞ്ഞെടുപ്പ് വിഷയമാകും. മലയോര മേഖലകളിൽ മാത്രമുണ്ടായിരുന്ന കാട്ടുപന്നി ശല്യം നാട്ടിൻപുറങ്ങളിലേക്കും വ്യാപിച്ചിട്ടുണ്ട്. ലോക്ഡൗൺ സമയത്ത് മുഖ്യമന്ത്രിയുടെ ആഹ്വാനമനുസരിച്ച് മരച്ചീനി കൃഷിക്കിറങ്ങിയ യുവാക്കളുടെ കൂട്ടായ്മകൾ ഇപ്പോൾ സങ്കടത്തിലാണ്. പന്നിയും മുള്ളൻപന്നിയും എല്ലായിടത്തും വില്ലനാകുന്നു. പരമ്പരാഗത കർഷകരുടെ അവസ്ഥയും ഇതുതന്നെ. വിളകൾക്കുപുറമെ, മനുഷ്യജീവനും പന്നികൾ ഭീഷണിയാണ്.
കൂരാച്ചുണ്ട് പൂവത്തും ചോലയിൽ വീടിനുള്ളിൽ പന്നിക്കൂട്ടം എത്തിയതാണ് അവസാന സംഭവം. ഇവയെ വെടിവെച്ച് കൊല്ലാൻ എല്ലാ പഞ്ചായത്തുകളിലും അനുമതിയായിട്ടുമില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.