റെയിൽവേയുടെ അടച്ചുകെട്ടൽ; വഴിയടഞ്ഞ് പ്രദേശവാസികൾ
text_fieldsഎലത്തൂർ: റെയിൽവേയുടെ സുരക്ഷ നടപടികൾമൂലം പ്രദേശവാസികളുടെ വഴിയാത്ര മുടങ്ങി. വഴികെട്ടി അടച്ചതുമൂലം 400 ഓളം വീട്ടുകാരാണ് ദുരിതത്തിലായത്. രണ്ടാഴ്ച മുമ്പാണ് കോരപ്പുഴ പാലം മുതൽ വെങ്ങാലി പാലം വരെയുള്ള ഭാഗത്തെ റെയിൽവേ ട്രാക്കിന് സമാന്തരമായുള്ള റോഡുകൾ മുന്നറിയിപ്പില്ലാതെ അടച്ചത്. വർഷങ്ങളായി ജനങ്ങൾ ഉപയോഗിച്ചുവരുന്ന റോഡുകളാണ് ഇരുമ്പുബീമുകൾ ഉപയോഗിച്ച് അടച്ചത്.
ആദ്യദിവസം വഴിയടക്കുന്ന വേളയിലുണ്ടായ പ്രതിഷേധത്തെ തുടർന്ന് ഒരാൾക്ക് വഴിനടക്കാനുള്ള വഴി വിട്ടിരുന്നു. കഴിഞ്ഞദിവസം റെയിൽവേ ജീവനക്കാരെത്തി അതും അടച്ചു. ഇതോടെ പ്രധാന റോഡിലെത്താൻ അഞ്ചു കി.മീറ്ററോളം ദൂരം അധികം സഞ്ചരിക്കേണ്ട സ്ഥിതിയാണ്. നേരത്തേ എലത്തൂരിലെ റെയിൽവേ ഗേറ്റ് അടക്കാനുള്ള ശ്രമം നാട്ടുകാരുടെ എതിർപ്പിനെ തുടർന്ന് നർത്തിവെച്ചിരുന്നു.
കഴിഞ്ഞ ദിവസം പ്രദേശവാസികൾ സ്ഥലം എം.എൽ.എ കൂടിയായ മന്ത്രി എ.കെ. ശശീന്ദ്രനെ കണ്ട് പ്രശ്നം അവതരിപ്പിച്ച് നിവേദനം നൽകിയിരുന്നു. മന്ത്രി റെയിൽവേ ഉദ്യോഗസ്ഥരുമായി സംസാരിച്ച് നടപടി നിർത്തിവെക്കാൻ ആവശ്യപ്പെട്ടിരുന്നു. റെയിൽവേയുടെ അധീനതയിലുള്ള സ്ഥലങ്ങളുടെയും റെയിൽവേ പാലത്തിന്റെയും സംരക്ഷണത്തിനാണ് വഴികൾ അടക്കുന്നതെന്നാണ് റെയിൽവേ അധികൃതർ നൽകുന്ന വിശദീകരണം. പാലക്കാട് റെയിൽവേ സെക്ഷൻ എൻജിനീയർക്ക് നാട്ടുകാർ പരാതി നൽകിയിട്ടുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.