ലോക് അദാലത്ത്: 7,734 കേസുകൾ തീർപ്പായി; 33.52 കോടി രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്
text_fieldsകോഴിക്കോട്: ജില്ല ലീഗൽ സർവിസസ് അതോറിറ്റിയുടെയും താലൂക്ക് ലീഗൽ സർവിസസ് കമ്മിറ്റികളുടെയും നേതൃത്വത്തിൽ ജില്ലയിലെ വിവിധ കോടതികളിൽ നടത്തിയ മെഗാ അദാലത്തിൽ നിലവിലെ കേസുകളും പുതിയ പരാതികളുമായി 7,734 എണ്ണം തീർപ്പാക്കി. മൊത്തം 33,52,45,611 രൂപ വിവിധ കേസുകളിൽ നഷ്ടപരിഹാരം നൽകാൻ ഉത്തരവായി.
നാഷനൽ ലീഗൽ സർവിസസ് അതോറിറ്റിയുടെയും കേരള ലീഗൽ സർവിസസ് അതോറിറ്റിയുടെയും നിർദേശപ്രകാരമാണ് അദാലത്ത് നടത്തിയത്.
9,347 കേസുകളാണ് പരിഗണനക്ക് വന്നത്. ജില്ല കോടതി സമുച്ചയത്തിലും കൊയിലാണ്ടി, വടകര, താമരശ്ശേരി കോടതികളിലുമായി നടന്ന അദാലത്തുകളിൽ സിവിൽ കേസുകൾ, വാഹനാപകട കേസുകൾ, ഭൂമി ഏറ്റെടുക്കൽ കേസുകൾ, കുടുംബതർക്കങ്ങൾ, ഒത്തുതീർപ്പാക്കാവുന്ന ക്രിമിനൽ കേസുകൾ, ബാങ്ക് വായ്പ സംബന്ധമായ കേസുകൾ തുടങ്ങിയവയാണ് പരിഗണിച്ചത്.
ജില്ല ലീഗൽ സർവിസ് അതോറിറ്റി ചെയർമാൻകൂടിയായ ജില്ല ജഡ്ജി എൻ.ആർ. കൃഷ്ണകുമാറിന്റെ നേതൃത്വത്തിൽ ജില്ല ലീഗൽ സർവിസസ് അതോറിറ്റി സെക്രട്ടറി (സിവിൽ ജഡ്ജി, സീനിയർ ഡിവിഷൻ) ടി. ആൻസി, വടകര താലൂക്ക് ലീഗൽ സർവിസ് കമ്മിറ്റി ചെയർമാനും എം.എ.സി.ടി ജഡ്ജിയുമായ പി. പ്രദീപ്, കൊയിലാണ്ടി താലൂക്ക് ലീഗൽ സർവിസ് കമ്മിറ്റി ചെയർമാനും സ്പെഷൽ ജഡ്ജിയുമായ കെ. നൗഷാദലി (ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതി) എന്നിവർ അദാലത്ത് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു.
ജുഡീഷ്യൽ ഓഫിസർമാരായ കെ. രാജേഷ് (എം.എ.സി.ടി ജഡ്ജി), കെ. സിദ്ദീഖ് (മൂന്നാം അഡീഷനൽ സബ് ജഡ്ജി), ലീന റഷീദ് (സിവിൽ ജഡ്ജി, സീനിയർ ഡിവിഷൻ), വിവേക് (പ്രിൻസിപ്പൽ, മുനിസിഫ്), ആർ. വന്ദന (രണ്ടാം അഡീഷനൽ സബ് ജഡ്ജി), കെ.വി. കൃഷ്ണൻകുട്ടി (ഒന്നാം അഡീഷനൽ സബ് ജഡ്ജി), വി.എസ്. വിശാഖ് (സബ് ജഡ്ജി കൊയിലാണ്ടി), രവീണ നാസ് (മുനിസിഫ്, കൊയിലാണ്ടി), ജോജി തോമസ് (സബ് ജഡ്ജി, വടകര), കെ.ബി. വീണ (ജഡ്ജി, കുടുംബകോടതി വടകര), ടി. ഐശ്വര്യ (മുനിസിഫ്, വടകര) എന്നിവരാണ് പരാതികളിൽ തീർപ്പുകൽപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.