ആർക്കും വിലക്കു വാങ്ങാവുന്നവരായി മാറിയ കോൺഗ്രസിനെ പ്രതീക്ഷിച്ചിട്ട് കാര്യമില്ല –എളമരം കരീം എം.പി
text_fieldsകോഴിക്കോട്: ഭരണഘടന അപകടത്തിലാക്കിയും വർഗീയതയുയർത്തിയും മുതലാളിത്തത്തിനായി ജനങ്ങളെ ഭിന്നിപ്പിക്കുന്ന ആർ.എസ്.എസ് ഭരണത്തിനെതിരായ പോരാട്ടത്തിൽ കോൺഗ്രസിനെ പ്രതീക്ഷിച്ചിട്ട് കാര്യമില്ലെന്ന് എളമരം കരീം എം.പി. സി.ഐ.ടി.യു സംസ്ഥാന ജനറൽ സെക്രട്ടറി കൂടിയായ അദ്ദേഹത്തിന്റെ വിജയമുറപ്പാക്കാനായി ചേർന്ന തൊഴിലാളി പ്രവർത്തക കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കോൺഗ്രസ് ആർക്കും വിലക്കുവാങ്ങാവുന്ന, കമ്പോളത്തിൽ വിൽപനക്കുവെച്ച ചരക്കുപോലെയായി. ഇന്ന് പാർലമെന്റിലും ലോക്സഭയിലുമുള്ള ബി.ജെ.പി അംഗങ്ങളിൽ മൂന്നിൽ രണ്ടുപേരും പഴയ കോൺഗ്രസുകാരാണ്. കർണാടക, ആന്ധ്ര, യു.പി മുൻ മുഖ്യമന്ത്രിമാരെല്ലാം ബി.ജെപിയിലായി. ഇപ്പോഴത്തെ മണിപ്പൂർ, ത്രിപുര മുഖ്യമന്ത്രിമാരെല്ലാം പഴയ കോൺഗ്രസുകാരാണ്. നാളെ മോദിക്ക് മതിയായ ഭൂരിപക്ഷം കിട്ടിയില്ലെങ്കിൽ കയ്യാലപ്പുറത്തെ തേങ്ങപോലെ ആടിക്കളിക്കുന്നവരുണ്ടായിട്ട് കാര്യമില്ല.
തനിക്ക് തോന്നിയാൽ ബി.ജെ.പിയിൽ ചേരുമെന്ന് പറഞ്ഞയാളാണ് ഇപ്പോഴത്തെ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ്. ഇവരുടെയിടയിൽ അധ്വാനിക്കുന്ന വർഗത്തിന് ഇടതുമുന്നണിയല്ലാതെ മറ്റൊരു കവചമില്ല. സൂക്ഷ്മമായും ശാസ്ത്രീയമായും രാഷ്ട്രീയം പറഞ്ഞ് ജനങ്ങളെ ബോധ്യപ്പെടുത്തണം. പാർലമെന്റിൽ കേരളത്തിന് എതിരായല്ലാതെ സംസ്ഥനത്തിനായി പറയാൻ കോൺഗ്രസ് എം.പിമാർ തുനിഞ്ഞിട്ടില്ല.
കേരളത്തിൽ പറയേണ്ട കാര്യങ്ങൾ ഡൽഹിയിൽ പോയും പറയുന്നു. പത്തുവർഷത്തെ മോദി സർക്കാർ ഭരണം തികച്ചും തൊഴിലാളി വിരുദ്ധമായിരുന്നു. പത്ത് കൊല്ലത്തിനിടെ പ്രധാനമന്ത്രിയുടെ പ്രസംഗങ്ങളിൽ ഒരിക്കലെങ്കിലും തൊഴിലാളിയെന്നൊരു വാക്ക് വന്നിട്ടില്ല. അദാനിയടക്കം അഞ്ച് മുതലാളിമാർക്കാണ് എല്ലാ ആനുകൂല്യവും പോകുന്നത്.
വ്യക്തിപരമായല്ല, നയത്തിനു വേണ്ടിയുള്ള മത്സരമാണ് നടക്കുന്നതെന്നും എളമരം കരീം പറഞ്ഞു. പി.വി. മാധവൻ അധ്യക്ഷത വഹിച്ചു. തുടർപ്രവർത്തനങ്ങളെപ്പറ്റി സി.ഐ.ടി.യു ജില്ല ജനറൽ സെക്രട്ടറി പി.കെ. മുകുന്ദൻ സംസാരിച്ചു. എ.ഐ.ടി.യുസി ജില്ല ജനറൽ സെക്രട്ടറി പി.കെ. നാസർ, അഡ്വ. ഐ.ജി. രാജേന്ദ്രൻ, മാമ്പറ്റ ശ്രീധരൻ, പി. ദാസൻ, നെടുവട്ടൂർ സുന്ദരേശൻ തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.