പോരാളികളിറങ്ങി, അങ്കം മുറുകുന്നു
text_fieldsകോഴിക്കോട്: ലോക്സഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുമ്പേതന്നെ കോഴിക്കോട്, വടകര മണ്ഡലങ്ങളിൽ മൂന്ന് മുന്നണിയുടെയും സ്ഥാനാർഥികൾ വോട്ടിനായുള്ള ‘ഓട്ടം’ തുടങ്ങി.മുന്നണികൾക്കു പുറത്തുള്ള ചെറിയ പാർട്ടികളുടെ സ്ഥാനാർഥികളെയും സ്വതന്ത്രരെയുമാണ് ഇനി അറിയാനുള്ളത്. സിറ്റിങ് എം.പിമാർ വീണ്ടും മത്സരിക്കട്ടെയെന്ന കോൺഗ്രസ് നിർദേശം വന്നതുമുതൽ യു.ഡി.എഫ് സ്ഥാനാർഥിയായി കോഴിക്കോട്ട് എം.കെ. രാഘവനും വടകരയിൽ കെ. മുരളീധരനും കളത്തിലുണ്ട്.
പിന്നാലെ എൽ.ഡി.എഫ് കോഴിക്കോട്ട് എളമരം കരീമിനെയും വടകരയിൽ കെ.കെ. ശൈലജയെയും പ്രഖ്യാപിച്ചതോടെ ഇവരും ഗോദയിലിറങ്ങി. ശനിയാഴ്ച എൻ.ഡി.എ സ്ഥാനാർഥികളായി കോഴിക്കോട്ട് എം.ടി. രമേശിനെയും വടകരയിൽ സി.ആർ. പ്രഫുൽ കൃഷ്ണനെയും പ്രഖ്യാപിച്ചതോടെ ജില്ലയിൽ തെരഞ്ഞെടുപ്പ് ചിത്രം സമഗ്രമായി.ജില്ലയിലെ തിരുവമ്പാടി നിയമസഭ മണ്ഡലം വയനാട് ലോക്സഭ മണ്ഡലത്തിന്റെ ഭാഗമാണ്. ഇവിടെ യു.ഡി.എഫ് സ്ഥാനാർഥിയായി രാഹുൽ ഗാന്ധി വീണ്ടും വരുമോ എന്നതിൽ അന്തിമ തീരുമാനമായിട്ടില്ല.
എൽ.ഡി.എഫ് സി.പി.ഐയിലെ ആനിരാജയെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചിട്ടുണ്ട്. ബി.ജെ.പി സ്ഥാനാർഥിയെ പ്രഖ്യാപിച്ചിട്ടുമില്ല. ഇതോടെ തിരുവമ്പാടി മേഖലയിൽ തെരഞ്ഞെടുപ്പ് പ്രചാരണം മറ്റിടങ്ങളിലെപോലെ ചൂട് പിടിച്ചിട്ടില്ല.അവധി ദിവസമായ ഞായറാഴ്ച എല്ലാ സ്ഥാനാർഥികളും മണ്ഡലങ്ങളിൽ വോട്ടോട്ടത്തിലാണ്. പ്രമുഖരെ കണ്ട് അനുഗ്രഹം തേടൽ, സ്ഥാപനങ്ങളും പ്രമുഖ കുടുംബങ്ങളെയും സന്ദർശിക്കൽ അടക്കമുള്ളവയാണ് നടന്നത്. സ്ഥാനാർഥികളുടെ പോസ്റ്ററുകളും ചുമരെഴുത്തുകളും മണ്ഡലങ്ങളിൽ വന്നുതുടങ്ങി. തെരഞ്ഞെുടപ്പ് തീയതി പ്രഖ്യാപിക്കുന്നതോടെ പ്രചാരണം കൂടുതൽ മുറുകുകയും ബഹുവർണ പോസ്റ്ററുകൾ അടക്കമുള്ളവ മണ്ഡലങ്ങളിൽ നിറയുകയും ചെയ്യും.വിവിധ സമൂഹമാധ്യമങ്ങളിലും പ്രവർത്തകർ സ്ഥാനാർഥികളുടെ ചിത്രങ്ങളും പര്യടനങ്ങളും നിറച്ചുതുടങ്ങിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.