കോഴിക്കോട്ടും വടകരയിലും വോട്ടുചോർച്ച; തോൽവി പരിശോധിക്കാൻ സി.പി.എം
text_fieldsകോഴിക്കോട്: തെരഞ്ഞെടുപ്പിൽ കോഴിക്കോട്ടും വടകരയിലും വലിയ വോട്ടുചോർച്ചയുണ്ടായതായി വിലയിരുത്തിയ സി.പി.എം ജില്ല നേതൃത്വം തോൽവി പരിശോധിക്കാൻ തീരുമാനിച്ചു. തോൽവി അവലോകനം ചെയ്ത ജില്ല കമ്മിറ്റി യോഗത്തിലാണ് വോട്ടുചോർച്ചയുടെ ഉൾപ്പെടെ കാരണങ്ങൾ കണ്ടെത്താൻ വിശദ പരിശോധന വേണമെന്ന് ആവശ്യമുയർന്നത്.
ഈഴവ സമുദായത്തിൽ നിന്നുള്ള വലിയ വോട്ട് ഷെയർ ഇത്തവണ കോൺഗ്രസിനും ബി.ജെ.പിക്കും പോയി. ബേപ്പൂർ, എലത്തൂർ, ബാലുശ്ശേരി, കുറ്റ്യാടി, നാദാപുരം നിയോജക മണ്ഡലങ്ങളിലാണ് കാര്യമായ വോട്ട് ചോർച്ചയുള്ളത്.
കോഴിക്കോട് നോർത്ത് മണ്ഡലത്തിലും വോട്ട് കുറഞ്ഞു. മന്ത്രിമാർ പ്രതിനിധാനം ചെയ്യുന്ന ബേപ്പൂർ, എലത്തൂർ എന്നിവിടങ്ങളിലെ തിരിച്ചടി പ്രത്യേകം പരിശോധിക്കണം. നാദാപുരം, കുറ്റ്യാടി അടക്കം ന്യൂനപക്ഷങ്ങൾക്ക് വലിയ സ്വാധീനമുള്ള മണ്ഡലങ്ങളിൽ പാർട്ടിക്ക് ലഭിച്ചിരുന്ന പരമ്പരാഗത വോട്ടിലടക്കം വിള്ളലുണ്ടായതും പരിശോധിക്കണം.
സി.ഐ.ടി.യു സംസ്ഥാന ജനറൽ സെക്രട്ടറി കൂടിയായ എളമരം കരീമിന് വിവിധ തൊഴിൽ മേഖലകളിൽ നിന്നടക്കം പ്രതീക്ഷിച്ച വോട്ട് ലഭിച്ചില്ലെന്നും യോഗം വിലയിരുത്തി. ജില്ല സെക്രട്ടേറിയറ്റിന് പിന്നാലെ രണ്ടുദിവസങ്ങളിലായി ചേർന്ന ജില്ല കമ്മിറ്റി യോഗത്തിൽ പാർട്ടി സെക്രട്ടറി എം.വി. ഗോവിന്ദനെതിരെയും വിമർശനമുയർന്നു. ഉത്തരവാദിത്തത്തിനനുസരിച്ച് പാർട്ടി സെക്രട്ടറിയുടെ ശബ്ദം ഉയരുന്നില്ലെന്നായിരുന്നു ഒരു അംഗം ചൂണ്ടിക്കാട്ടിയത്. കേന്ദ്ര കമ്മിറ്റി അംഗം എളമരം കരീം, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി.എ. മുഹമ്മദ് റിയാസ് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു യോഗം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.