വടകരയുടെ പോർക്കളത്തിൽ ആരോപണ പ്രത്യാരോപണ ‘സ്ഫോടനം’
text_fieldsകോഴിക്കോട്: പാനൂരിൽ ബോംബ് പൊട്ടി യുവാവ് മരിച്ചതോടെ വടകരയുടെ തെരഞ്ഞെടുപ്പ് പോർക്കളത്തിൽ ആരോപണ പ്രത്യാരോപണ ‘സ്ഫോടനം’. സി.പി.എമ്മിന്റെ അക്രമ രാഷ്ട്രീയവും ഉന്മൂലന സിദ്ധാന്തവും പ്രചാരണത്തിൽ ചർച്ചയാക്കി പ്രതിപക്ഷം രംഗത്തുവന്നു. ടി.പി. ചന്ദ്രശേഖരൻ വധത്തെ ബന്ധപ്പെടുത്തി അക്രമരാഷ്ട്രീയം മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ നേരത്തേ ചർച്ചയാണ്. ഇപ്പോൾ ‘അക്രമരാഷ്ട്രീയം അവസാനിക്കുന്നില്ല; ആയുധങ്ങൾ അണിയറയിലൊരുങ്ങുന്നു’ എന്ന നിലക്കാണ് ചർച്ച സജീവമായത്. ബോബ് സ്ഫോടനത്തിൽ സി.പി.എം പ്രവർത്തകൻ മരിക്കുകയും ഒപ്പമുള്ളവർക്ക് പരിക്കേൽക്കുകയും ചെയ്തതോടെ, പാർട്ടി തെരഞ്ഞെടുപ്പ് ഗോദയിൽ വീണ്ടും പ്രതിസന്ധിയിലായി.
കഴിഞ്ഞതവണ കെ. മുരളീധരനെതിരെ കണ്ണൂരിലെ കരുത്തനായ പി. ജയരാജനെ സി.പി.എം ഇറക്കിയപ്പോൾ അക്രമരാഷ്ട്രീയം ചർച്ചയായതാണ് വലിയ വെല്ലുവിളിയായത്. ഇതടക്കം മറികടക്കുക ലക്ഷ്യമിട്ടായിരുന്നു ഏറെ ജനപ്രീതിയുള്ള കെ.കെ. ശൈലജയെ ഇത്തവണ പാർട്ടി രംഗത്തിറക്കിയത്. തെരഞ്ഞെടുപ്പിന് മൂന്നാഴ്ച മാത്രം ശേഷിക്കെ പാർട്ടി പ്രവർത്തകൻ ബോംബ് നിർമാണത്തിനിടെ മരിക്കുകയും മൂന്നുപേർക്ക് പരിക്കേൽക്കുകയും ചെയ്തതോടെ പ്രചാരണ ഫോക്കസ് മാറി. ഇക്കാര്യത്തിൽ വോട്ടർമാരോട് മറുപടി പറയാൻ പാർട്ടി നിർബന്ധിതരാകും. സ്ഫോടനമുണ്ടായപാടെ സി.പി.എം പാനൂർ ഏരിയ കമ്മിറ്റി പാർട്ടിക്ക് പങ്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
പിന്നാലെ, സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ അടക്കമുള്ളവരും പാർട്ടിക്കെതിരായ പ്രചാരണമെന്ന് പറഞ്ഞ് പ്രതിരോധിച്ച് രംഗത്തുവന്നെങ്കിലും സി.പി.എമ്മിനുനേരെയുള്ള കൂരമ്പുകൾക്ക് ഒട്ടും കുറവില്ല. സി.പി.എം നേതൃത്വത്തിന്റെ അറിവോടെയാണ് ബോംബ് നിർമിച്ചതെന്നും പാർട്ടിക്ക് ബന്ധമില്ലെന്നുള്ള പതിവു പല്ലവി ജനം വിശ്വസിക്കില്ലെന്നും യു.ഡി.എഫ് സ്ഥാനാർഥി ഷാഫി പറമ്പിൽ പറഞ്ഞപ്പോൾ, കേന്ദ്ര ഏജൻസിയുടെ അന്വേഷണം വേണമെന്നാണ് എൻ.ഡി.എ സ്ഥാനാർഥി പ്രഫുൽ കൃഷ്ണൻ ആവശ്യപ്പെടുന്നത്. പാർട്ടിക്കും തനിക്കും പ്രതികളുമായി ബന്ധമില്ലെന്നും അവർക്ക് സി.പി.എമ്മിനെക്കാൾ മറ്റു പലരുമായുമാണ് ബന്ധമെന്നും അക്കാര്യം താൻ ഇപ്പോൾ പറയുന്നില്ലെന്നുമാണ് എൽ.ഡി.എഫ് സ്ഥാനാർഥി കെ.കെ. ശൈലജയുടെ പ്രതികരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.