വടകര, കോഴിക്കോട് അങ്കക്കളത്തിൽ ആറുപേർ
text_fieldsകോഴിക്കോട്: അപ്രതീക്ഷിത ട്വിസ്റ്റുകളെല്ലാം കഴിഞ്ഞ് പ്രമുഖ മുന്നണികളുടെ സ്ഥാനാർഥികളെല്ലാം കളത്തിലിറങ്ങിയപ്പോൾ കോഴിക്കോട്ട് പോര് എം.പിമാർ തമ്മിലും വടകരയിൽ എം.എൽ.എമാർ തമ്മിലും. കോഴിക്കോട്ട് യു.ഡി.എഫിനായി സിറ്റിങ് എം.പി എം.കെ. രാഘവനും എൽ.ഡി.എഫിനായി രാജ്യസഭ എം.പി എളമരം കരീമുമാണ് പോർക്കളത്തിൽ പ്രചാരണം ആരംഭിച്ചത്.
എം.ടി. രമേശാണ് എൻ.ഡി.എ സ്ഥാനാർഥി. വടകരയിൽ യു.ഡി.എഫിനായി പാലക്കാട് എം.എൽ.എ ഷാഫി പറമ്പിലും എൽ.ഡി.എഫിനായി മട്ടന്നൂർ എം.എൽ.എ കെ.കെ. ശൈലജയുമാണ് രംഗത്തുള്ളത്. സി.ആർ. പ്രഫുൽ കൃഷ്ണനാണ് ഇവിടെ എൻ.ഡി.എ സ്ഥാനാർഥി. സഹോദരി പത്മജ വേണുഗോപാൽ ബി.ജെ.പിയിൽ ചേർന്നതോടെ കെ. മുരളീധരൻ സിറ്റിങ് സീറ്റായ വടകരയിൽനിന്ന് തൃശൂരിലേക്ക് കളംമാറിയതോടെയാണ് അപ്രതീക്ഷിത സ്ഥാനാർഥിയായി ഷാഫി പറമ്പിൽ വടകരയിലെത്തുന്നത്.
കോഴിക്കോട്ട് എം.കെ. രാഘവന്റെയും എളമരം കരീമിന്റെയും തെരഞ്ഞെടുപ്പ് കൺവെൻഷൻ ശനിയാഴ്ച നടന്നു. വടകരയിൽ കെ.കെ. ശൈലജയുടെ കൺവെൻഷൻ നേരത്തേ പൂർത്തിയായി. ഷാഫി പറമ്പിലിന്റെ കൺവെൻഷൻ ഞായറാഴ്ച വൈകീട്ട് വടകരയിൽ നടക്കും.
ഇതോടനുബന്ധിച്ച് റോഡ് ഷോയും ഉണ്ടാകും. ജില്ലയുടെ പരിധിയിലെ തിരുവമ്പാടി നിയമസഭ മണ്ഡലം വയനാട് ലോക്സഭ സീറ്റിന്റെ ഭാഗമാണ്. ഇവിടെ എൽ.ഡി.എഫിനായി സി.പി.ഐ നേതാവ് ആനി രാജയും യു.ഡി.എഫിനായി സിറ്റിങ് എം.പി കൂടിയായ രാഹുൽ ഗാന്ധിയുമാണ് മത്സരരംഗത്തുള്ളത്.
എം.കെ. രാഘവൻ (യു.ഡി.എഫ് സ്ഥാനാർഥി -കോഴിക്കോട്)
ജനകീയ എം.പി എന്ന നിലയിലാണ് എം.കെ. രാഘവന് നാലാം വട്ടവും കോഴിക്കോട്ട് ജനവിധി തേടുന്നത്. ഒന്നരപ്പതിറ്റാണ്ടായി കോഴിക്കോടിന്റെ ശബ്ദം പാർലമെന്റിലുന്നയിക്കുന്ന രാഘവൻ കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറി, രാഷ്ട്രീയകാര്യ സമിതി അംഗം എന്നീ ചുമതലകളും വഹിക്കുന്നു. പെട്രോളിയം നാച്വറല്‍ ഗ്യാസ്, ഗവ. അഷ്വറന്‍സ് എന്നീ പാര്‍ലമെന്റ് സമിതികളില്‍ അംഗമാണ്. 2009ലെ കന്നിയങ്കത്തില്‍ നിലവിലെ മന്ത്രി പി.എ. മുഹമ്മദ് റിയാസിനെ 838 വോട്ടിന് പരാജയപ്പെടുത്തിയാണ് പയ്യന്നൂർ സ്വദേശിയായ രാഘവൻ വിജയക്കൊടി പാറിച്ചത്. 2014ല്‍ സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവനെ 16,883 വോട്ടിനും 2019ൽ സി.പി.എം സംസ്ഥാന കമ്മിറ്റി അംഗവും കോഴിക്കോട് നോർത്ത് എം.എൽ.എയുമായിരുന്ന എ. പ്രദീപ്കുമാറിനെ 85,225 വോട്ടിനും പരാജയപ്പെടുത്തി.
വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെ പൊതുരംഗത്തെത്തിയ രാഘവൻ സഹകരണ മേഖലയിലും പ്രവർത്തിച്ചു. കെ.എസ്.യു സംസ്ഥാന ജനറല്‍ സെക്രട്ടറി, യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍ ജില്ല പ്രസിഡന്റ്, സംസ്ഥാന ജനറല്‍ സെക്രട്ടറി, ഡി.സി.സി സെക്രട്ടറി, കെ.പി.സി.സി ജോയന്റ് സെക്രട്ടറി, ജനറല്‍ സെക്രട്ടറി എന്നീ സ്ഥാനങ്ങളും വഹിച്ചു. ഫെഡറല്‍ ബാങ്ക് ജീവനക്കാരിയായിരുന്ന എം.കെ. ഉഷാകുമാരിയാണ് ഭാര്യ. ഹൈകോടതി അഭിഭാഷകനായ അർജുന് രാഘവന്, എസ്.ബി.ഐ മാനേജര്‍ അശ്വതി രാഘവന് എന്നിവർ മക്കളാണ്. കോഴിക്കോട് സിവിൽ സ്റ്റേഷനടുത്താണ് താമസം.
എളമരം കരീം (എൽ.ഡി.എഫ് സ്ഥാനാർഥി കോഴിക്കോട്)
കരുത്തനായ ട്രേഡ് യൂനിയൻ നേതാവും രാജ്യസഭ എം.പിയുമാണ് കോഴിക്കോട്ടെ എൽ.ഡി.എഫ് സ്ഥാനാർഥി എളമരം കരീം. പാർലമെന്റിൽ ജമ്മു-കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളയുന്ന ബിൽ, കർഷക നിയമങ്ങൾ, തൊഴിൽ നിയമ ഭേദഗതി എന്നിവയിൽ ഇടപെട്ട് ജനശ്രദ്ധ നേടി. സി.പി.എം കേന്ദ്ര കമ്മിറ്റി അംഗവും സി.ഐ.ടി.യു സംസ്ഥാന ജനറൽ സെക്രട്ടറിയുമാണ്. 1996ൽ കോഴിക്കോട് രണ്ടിൽനിന്നും (സൗത്ത്) 2006ലും 2011ലും ബേപ്പൂരിൽനിന്നും എം.എൽ.എയായി. 2006ൽ വ്യവസായ മന്ത്രിയുമായി. പാർലമെന്റിൽ ലേബർ ആൻഡ് ടെക്സ്റ്റൈൽസ് സ്ഥിരം സമിതി, ഹെവി ഇൻഡസ്ട്രീസ് കൺസൽട്ടൻസി കമ്മിറ്റി എന്നിവയിൽ അംഗമാണ്.
കെ.എസ്.എഫിലൂടെയാണ് പൊതുരംഗത്തെത്തിയത്. മാവൂർ ഗ്വാളിയോർ റയോൺസിലെ കരാർ തൊഴിലാളികളെ സംഘടിപ്പിച്ചായിരുന്നു ആദ്യകാല പ്രവർത്തനം. മോട്ടോർ ട്രാൻസ്പോർട്ട് മേഖലയിലെ തൊഴിലാളികളുടെ ഐക്യവേദി രൂപവത്കരിക്കുന്നതിൽ നിർണായക പങ്കുവഹിച്ചു. മോട്ടോർ തൊഴിലാളി ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ചു. ജനീവയിലെ ഐ.എൽ.ഒ സമ്മേളനത്തിൽ പങ്കെടുത്തിട്ടുണ്ട്. വാഴക്കാട് സ്വദേശിയാണെങ്കിലും കോഴിക്കോട് തട്ടകമാക്കിയ കരീം കോവൂരിലാണ് താമസം. ഭാര്യ: റഹ്മത്ത്. മക്കൾ: പി.കെ. സുമി, പി.കെ. നിമ്മി. മരുമകൻ: അബ്ദുൽ റഊഫ്.
എം.ടി. രമേഷ് (എൻ.ഡി.എ സ്ഥാനാർഥി -കോഴിക്കോട്)
ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറിയാണ് കോഴിക്കോട്ട് പോരിനിറങ്ങിയ എൻ.ഡി.എ സ്ഥാനാർഥി എം.ടി. രമേഷ്. 2004ൽ കോഴിക്കോട്ടുനിന്നും 2014ൽ പത്തനംതിട്ടയിൽനിന്നും ലോക്സഭയിലേക്കും 2021ൽ കോഴിക്കോട് നോർത്തിൽനിന്ന് നിയമസഭയിലേക്കും മത്സരിച്ചു. നെയ് വേലി ലിഗ്നൈറ്റ് കോർപറേഷന്റെ സ്വതന്ത്ര ഡയറക്ടറാണ്. എ.ബി.വി.പിയിലൂടെയാണ് പൊതുരംഗത്തെത്തിയത്.
യുവമോർച്ച ജില്ല ജനറൽ സെക്രട്ടറി, സംസ്ഥാന പ്രസിഡന്റ്, ബി.ജെ.പി സംസ്ഥാന സെക്രട്ടറി, മേഖല പ്രസിഡന്റ്, ദേശീയ നിർവാഹക സമിതി അംഗം എന്നീ പദവികൾ വഹിച്ചു. ആയഞ്ചേരി സ്വദേശിയാണ്. ഹൈകോടതിയിലെ കേന്ദ്ര സർക്കാറിന്റെ സീനിയർ സ്റ്റാൻഡിങ് കോൺസൽ അഡ്വ. ഒ.എം. ശാലീനയാണ് ഭാര്യ. ഇടപ്പള്ളി അമൃതയിലെ വിദ്യാർഥി ആർ. ജ്വാല ഏക മകളാണ്.
ഷാഫി പറമ്പിൽ (യു.ഡി.എഫ് സ്ഥാനാർഥി -വടകര)
പാലക്കാട് എം.എൽ.എയായിരിക്കെ യുവത്വത്തിന്റെ പോരാട്ടവീര്യവുമായാണ് കടത്തനാടന്‍ മണ്ണില്‍ ഷാഫി പറമ്പില്‍ അങ്കംകുറിക്കുന്നത്. വിദ്യാര്‍ഥി നേതാവായിരിക്കെ 2011ല്‍ സി.പി.എമ്മിന്റെ സിറ്റിങ് സീറ്റായ പാലക്കാടുനിന്ന് ആദ്യമായി അട്ടിമറിജയം നേടി നിയമസഭയിലെത്തിയ ഷാഫി 2016, 2021 വര്‍ഷങ്ങളിലും വിജയം ആവര്‍ത്തിച്ചു. 2021ല്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി ബി.ജെ.പി അവതരിപ്പിച്ച മെട്രോമാന് ഇ. ശ്രീധരനെയാണ് പരാജയപ്പെടുത്തിയത്. നിയമസഭയില്‍ പ്രതിപക്ഷ നിരയിലെ ശക്തനായ പോരാളിയായ ഷാഫി യൂത്ത് കോണ്‍ഗ്രസിന്റെ ദേശീയ ജനറല്‍ സെക്രട്ടറി സ്ഥാനവും വഹിച്ചിട്ടുണ്ട്. നിലവില്‍ കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗമാണ്.
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റായും പ്രവർത്തിച്ചു. പാലക്കാട് പട്ടാമ്പി ഓങ്ങല്ലൂർ സ്വദേശിയായ ഷാഫി പട്ടാമ്പി സംസ്കൃത കോളജില്‍നിന്ന് ബി.ബി.എയും തൃശൂര്‍ വെസ്റ്റ് ഫോര്‍ട്ട് കോളജില്‍നിന്ന് എം.ബി.എയും പാസായി. കെ.എസ്.യു യൂനിറ്റ് ഭാരവാഹിയും കോളജ് യൂനിയന്‍ ജനറല്‍ സെക്രട്ടറിയായും പൊതുരംഗത്തേക്ക് പ്രവേശിച്ച ഷാഫി പിന്നീട് കെ.എസ്.യു സംസ്ഥാന ജനറല്‍ സെക്രട്ടറിയും പ്രസിഡന്റുമായി. വിദ്യാര്‍ഥി പ്രക്ഷോഭവുമായി ബന്ധപ്പെട്ട് ജയില്‍വാസം അനുഭവിച്ചിട്ടുണ്ട്. ഭാര്യ: മാഹി സ്വദേശിനി അഡ്വ. അഷീല അലി. ഏക മകൾ: ദുഅ.
കെ.കെ. ശൈലജ (എൽ.ഡി.എഫ് സ്ഥാനാർഥി- വടകര)
കോവിഡ്, നിപ കാലത്തെ പ്രവർത്തനത്തിലൂടെ ശ്രദ്ധനേടിയ കേരളത്തിന്റെ മുൻ ആരോഗ്യ മന്ത്രി കെ.കെ. ശൈലജയാണ് വടകരയിലെ എൽ.ഡി.എഫ് സ്ഥാനാർഥി. നിലവിൽ 60,963 വോട്ടിന്റെ ഭൂരിപക്ഷത്തിൽ മട്ടന്നൂർ എം.എൽ.എയാണ്. സി.പി.എം കേന്ദ്ര കമ്മിറ്റി അംഗവും ജനാധിപത്യ മഹിള അസോസിയേഷൻ അഖിലേന്ത്യ വൈസ് പ്രസിഡന്റുമാണ്. 1996ൽ കൂത്തുപറമ്പിൽനിന്നും 2006ൽ പേരാവൂരിൽനിന്നും എം.എൽ.എയായി. 2016ൽ കൂത്തുപറമ്പിൽനിന്ന് വീണ്ടും ജയിച്ചാണ് ആരോഗ്യ മന്ത്രിയായത്. ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗം, മഹിള അസോസിയേഷൻ കണ്ണൂർ ജില്ല സെക്രട്ടറി, സംസ്ഥാന സെക്രട്ടറി, അഖിലേന്ത്യ ജോയന്റ് സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിച്ചു.
മട്ടന്നൂർ പഴശ്ശിരാജ കോളജിൽനിന്ന് ബിരുദവും വിശ്വേശ്വരയ്യ കോളജിൽനിന്ന് ബി.എഡും നേടി ശിവപുരം ഹൈസ്കൂളിൽ ശാസ്ത്രാധ്യാപികയായിരിക്കെ മുഴുസമയ രാഷ്ട്രീയ പ്രവർത്തനത്തിനായി വിരമിക്കുകയായിരുന്നു. മട്ടന്നൂർ നഗരസഭ മുൻ ചെയർമാനും സി.പി.എം ഏരിയ കമ്മിറ്റി അംഗവുമായ കെ. ഭാസ്കരനാണ് ഭർത്താവ്. മക്കൾ: ശോഭിത്, ലസിത്. മരുമക്കൾ: ടി. സിഞ്ചു, മേഘ കാരായി. മട്ടന്നൂരിലാണ് താമസം.
സി.ആർ. പ്രഫുൽ കൃഷ്ണൻ (എൻ.ഡി.എ സ്ഥാനാർഥി -വടകര)
യുവമോർച്ച സംസ്ഥാന അധ്യക്ഷനാണ് വടകരയിലെ എൻ.ഡി.എ സ്ഥാനാർഥി സി.ആർ. പ്രഫുൽ കൃഷ്ണൻ. എ.ബി.വി.പിയിലൂടെയാണ് പൊതുരംഗത്തെത്തിയത്. എ.ബി.വി.പി യൂനിറ്റ് പ്രസിഡന്റ്, കൊയിലാണ്ടി താലൂക്ക് പ്രസിഡന്റ്, ജില്ല പ്രസിഡന്റ്, സംസ്ഥാന സെക്രട്ടറി, ദേശീയ നിർവാഹക സമിതി അംഗം, യുവമോർച്ച ജില്ല വൈസ് പ്രസിഡന്റ്, സംസ്ഥാന ജനറൽ സെക്രട്ടറി എന്നീ ചുമതലകളും വഹിച്ചു. ആയഞ്ചേരി സ്വദേശിയായ പ്രഫുൽ വടകര എസ്.ജി.എം.എസ്.ബി സ്കൂളിൽ അധ്യാപകനാണ്. പുറമേരി കടത്തനാട് രാജാസ് ഹയർ സെക്കൻഡറി സ്കൂൾ അധ്യാപിക റിഷയാണ് ഭാര്യ. മകൾ: അമൃത മയൂഖ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.