‘നിങ്ങളിലൊരാളാ’ണ് ഈ രാഘവൻ
text_fieldsകോഴിക്കോട്: കത്തിക്കാളുന്ന ചൂടിൽ രാവിലെ അരീക്കാടുനിന്ന് തുടങ്ങിയ പര്യടനം പാതി പിന്നിട്ടപ്പോൾ എം.കെ. രാഘവൻ വിശ്രമിക്കാൻ കയറിയത് നടുവട്ടത്തെ പാർട്ടി പ്രവർത്തകന്റെ വീട്ടിൽ. അടാഞ്ചേരിപ്പറമ്പിൽ എ. സജീഷിന്റെ വീട് തന്നെ ഉച്ചയൂണിന് തെരഞ്ഞെടുക്കാൻ പ്രത്യേക കാരണമുണ്ട്. കഴിഞ്ഞ ജനുവരി 28ന് ഗൃഹപ്രവേശം കഴിഞ്ഞ വീട്ടിൽ അന്ന് എത്താനായിരുന്നില്ല.
കോൺഗ്രസ് മണ്ഡലം ജനറൽ സെക്രട്ടറി കൂടിയായ സജീഷിന്റെ ആഗ്രഹമായിരുന്നു രാഘവേട്ടൻ വീട്ടിലെത്തുക എന്നത്. മണ്ഡലം പര്യടനത്തിനിടെ അതിനും പരിഹാരമുണ്ടാക്കിയ രാഘവൻ ഭക്ഷണത്തിനുശേഷം വീട്ടിൽ അൽപം കിടന്നു മയങ്ങി. അതുകഴിഞ്ഞ് പുറത്തിറങ്ങിയപാടെ യു.ഡി.എഫ് ബേപ്പൂർ മണ്ഡലം ചെയർമാൻ കെ.കെ. ആലിക്കുട്ടിയുടെയും കൺവീനർ കെ. സുരേഷിന്റെയും കോൺഗ്രസ് ജില്ല ജനറൽ സെക്രട്ടറി രമേശ് നമ്പിയത്തിന്റെയും കൂടെ തൊട്ടടുത്ത ഹാളിലെ വിവാഹച്ചടങ്ങിലേക്ക്.
ബി.സി റോഡിൽ സിറ്റി ഓഡിറ്റോറിയത്തിൽ യു.ഡി.എഫ് പ്രവർത്തകൻ പി.എം. ഹനീഫയുടെ മകളുടെ കല്യാണച്ചടങ്ങിലേക്ക് സ്ഥാനാർഥിയുടെ വരവ് അതിഥികൾക്ക് ആവേശമായി. കൈപിടിച്ചും കുശലം പറഞ്ഞും സ്ഥാനാർഥി വോട്ടുറപ്പിക്കുമ്പോഴും കൃത്രിമമേതും തോന്നാത്ത ഭാവം. ഈ വിധം നാട്ടുകാർക്ക് അവരിലൊരുവനായി കാണാനാവുന്നു എന്നതുതന്നെയാണ് ഈ തെരഞ്ഞെടുപ്പിലും രാഘവന്റെ ഏറ്റവും വലിയ മുതൽക്കൂട്ട്.
15 കൊല്ലം മുമ്പ് ആദ്യ തെരഞ്ഞെടുപ്പിൽ തോൽപിച്ച ഇപ്പോഴത്തെ മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ ബേപ്പൂർ മണ്ഡലത്തിൽ പര്യടനത്തിനെത്തിയപ്പോഴും ജനകീയ സ്വഭാവംതന്നെ തുണക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് രാഘവൻ. വർഷങ്ങളായി രാഘവന്റെ വാഹനവ്യൂഹത്തിന്റെ സ്ഥിരം അനൗൺസറും ഉള്ള്യേരി മണ്ഡലം കോൺഗ്രസ് സെക്രട്ടറിയുമായ ബാബു പുത്തഞ്ചേരിക്കും വിളിച്ച് പറയാനുള്ളത് സ്ഥാനാർഥിയുടെ ജനകീയതയെപ്പറ്റിതന്നെ.
‘വിളിച്ചാൽ വിളികേൾക്കുന്ന, സുഖത്തിലും ദുഃഖത്തിലും പങ്കാളിയായ, കർമപഥത്തിൽ കാലം തിരിച്ചറിഞ്ഞ പ്രവർത്തനങ്ങളിലൂടെ കോഴിക്കോട്ടുകാരുടെ മനസ്സ് നെഞ്ചേറ്റിയ പ്രിയ രാഘവൻ ഇതാ ഈ വാഹനത്തിന് തൊട്ടുപിറകിൽ കടന്നുവരുന്നു’.
വാഹനവ്യൂഹം ഫറോക്ക് പഴയ പാലത്തിലെ ട്രാഫിക് ബ്ലോക്കിൽ നിന്നപ്പോൾ അതുവഴി കടന്നുപോയവർ ഇന്നോവായുടെ മുൻ സീറ്റിലിരിക്കുന്ന രാഘവന്റെ അടുത്തെത്തി കൈപിടിച്ചു. കരുവൻതിരുത്തിയിൽ കോതൻതോട്ടിൽ സ്വീകരണകേന്ദ്രത്തിൽ ചെറിയ ആൾക്കൂട്ടത്തെ നോക്കി രാഘവന്റെ പ്രസംഗം ഇങ്ങനെ: ജനാധിപത്യ മതേതര ഭരണം പുനഃസ്ഥാപിക്കാനുള്ള രാഹുൽ ഗാന്ധിയുടെ പോരാട്ടം വിജയം കണ്ടുകൊണ്ടിരിക്കുന്നു.
മോദിയെ താഴെയിറക്കാനുള്ള മത്സരം ഗൗരവമായിക്കണ്ട് രാഹുലിന്റെ പ്രതിനിധിയായ എനിക്ക് വോട്ട് ചെയ്യണം’. തുടർന്ന് ചാനൽ പ്രവർത്തകക്ക് ഹ്രസ്വ അഭിമുഖം. പുറ്റേക്കാട്ട് സി.പി.എം ശക്തി കേന്ദ്രമെന്ന് കണ്ടപ്പോൾ അവർക്കെതിരെ രൂക്ഷ വിമർശനം. ‘രാഹുലിന്റെ നേതൃത്വത്തിലുള്ള ഇൻഡ്യ മുന്നണിയിൽ ചേരാത്ത സി.പി.എമ്മിന് പ്രസംഗത്തിലേ മോദി വിരോധമുള്ളൂ. മനസ്സ് മോദിക്കൊപ്പമാണ്.
കോൺഗ്രസ് ഇല്ലാതാവുക എന്നതാണ് രണ്ടാളുടെയും നയം’. പുറ്റേക്കാട്ട് റെയിൽവേ ലൈനിനോട് ചേർന്നുള്ള കടവരാന്തയിൽ നിന്നുകൊണ്ട് അങ്ങാടിപ്പുറത്തേക്കുള്ള പുതിയ റെയിൽവേ ലൈനിനുവേണ്ടി ഇനി പ്രവർത്തിക്കുമെന്ന് വാഗ്ദാനം. 32 ഇടങ്ങളിൽ പ്രസംഗിച്ചശേഷം രാഘവന്റെ മണ്ഡല പര്യടനം ഫറോക്ക് ചുങ്കത്ത് സമാപിക്കുമ്പോഴേക്കും വൻ ജനക്കൂട്ടം പങ്കാളികളായിക്കഴിഞ്ഞിരുന്നു.
താഴെത്തട്ടുമുതൽ അനുകൂലാവസ്ഥ
എല്ലാ ദിക്കിലും താഴെതട്ടിൽനിന്ന് പൂർണമായ അനുകൂലാവസ്ഥ വന്നതായി എം.കെ. രാഘവൻ ‘മാധ്യമ’ത്തോട് പറഞ്ഞു. ഒറ്റപ്പെട്ട സ്ഥലങ്ങളിൽപോലും വൻ ജനക്കൂട്ടമാണ്. കഴിഞ്ഞ 15 കൊല്ലമായി ജനം എന്നെ വിശ്വസിക്കുന്നു. ഞാനവരെയും വിശ്വസിച്ചു. ആളുകൾക്ക് കാര്യങ്ങൾ പറഞ്ഞ് ഏൽപിക്കാനും പോയി കാണാനുമെല്ലാം പറ്റുമെന്ന വിശ്വസം കൈവരിക്കാനായി. കൈയെത്തിപ്പിടിക്കാവുന്നയാളാണെന്ന വിശ്വാസം തന്നെയാണ് വലിയ ഘടകം. വളരെ വലിയ ഭൂരിപക്ഷത്തിന് ജയിക്കുമെന്നതിൽ സംശയമേയില്ല -രാഘവൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.