വന്നോളൂ... വോട്ട് ചെയ്തോളൂ...
text_fieldsകോഴിക്കോട്: ജില്ലയില്‍ കോഴിക്കോട്, വടകര ലോക്സഭ മണ്ഡലങ്ങളിലായുള്ള 2,248 പോളിങ് ബൂത്തുകള്‍ വോട്ടുയന്ത്രം ഉള്‍പ്പെടെ മുഴുവന്‍ സംവിധാനങ്ങളുമായി വോട്ടര്‍മാരെ വരവേല്‍ക്കാന്‍ പൂര്‍ണ സജ്ജമായി. പ്രിസൈഡിങ് ഓഫിസര്‍മാരുടെ നേതൃത്വത്തിലുള്ള പോളിങ് ഉദ്യോഗസ്ഥരുടെ സംഘം വ്യാഴാഴ്ച വൈകീട്ടോടെ തന്നെ വിവിപാറ്റ് ഉള്‍പ്പെടെയുള്ള ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളുമായി ബൂത്തുകളിലെത്തി.
രാവിലെ 5.30ഓടെ മോക് പോള്‍ നടക്കും. വിവിപാറ്റ് വോട്ടുയന്ത്രത്തില്‍ ചുരുങ്ങിയത് 50 വോട്ടുകള്‍ പോള്‍ ചെയ്യും. ഓരോ സ്ഥാനാര്‍ഥിക്കും ചെയ്യുന്ന വോട്ടുകള്‍ പ്രിസൈഡിങ് ഓഫിസര്‍ പ്രത്യേകമായി രേഖപ്പെടുത്തുകയും കണ്ട്രോള് യൂനിറ്റില്‍ രേഖപ്പെടുത്തിയ വോട്ടുകളുമായും വിവിപാറ്റിലെ മോക് പോള്‍ സ്ലിപ്പുകളുമായും ഒത്തുനോക്കി തുല്യമാണെന്ന് ഉറപ്പുവരുത്തുകയും ചെയ്യും.
തുടര്‍ന്ന് കണ്ട്രോള് യൂനിറ്റിലെ ക്ലിയര്‍ ബട്ടണ്‍ അമര്‍ത്തി മോക് പോള്‍ ഡേറ്റ മായ്ച്ച് വോട്ടുകളുടെ എണ്ണം പൂജ്യമാണെന്ന് ഉറപ്പാക്കി ഏജന്റുമാരെ ബോധ്യപ്പെടുത്തും. ഇതിനുശേഷം വോട്ടിങ് മെഷീന് വീണ്ടും സീല്‍ ചെയ്യും. തുടര്‍ന്നാണ് ഇവ പോളിങ്ങിന് ഉപയോഗിക്കുക.
വോട്ടെടുപ്പ് വേളയില്‍ ഏതെങ്കിലും വോട്ടുയന്ത്രങ്ങള്‍ക്ക് തകരാര്‍ സംഭവിക്കുകയാണെങ്കില്‍ അവ മാറ്റി സ്ഥാപിക്കുന്നതിന് പ്രത്യേക സംവിധാനം ഒരുക്കിയിട്ടുണ്ട്. ആവശ്യമനുസരിച്ച് ഉപവരണാധികാരിയുടെ മേല്‍നോട്ടത്തിലാണ് വോട്ടുയന്ത്രങ്ങള്‍ മാറ്റുക. എൻജിനീയര്‍മാര്‍ പരിശോധിച്ച് വോട്ടുയന്ത്രങ്ങളുടെ കേടുപാടുകള്‍ അപ്പോള്‍ തന്നെ തീര്‍ക്കാനാവില്ലെങ്കില്‍ മാത്രമാണ് പഴയത് മാറ്റി പുതിയത് ഉപയോഗിക്കുക.
വൈകീട്ട് ആറുവരെയാണ് വോട്ടിങ് സമയം. എന്നാല്‍, നിശ്ചിത സമയത്ത് വോട്ടെടുപ്പ് തീര്‍ന്നില്ലെങ്കില്‍ ആറുമണിക്ക് ബൂത്തിലെത്തിയവര്‍ക്ക് ടോക്കണ്‍ നല്കി അവരെക്കൂടി വോട്ട് ചെയ്യാന്‍ അനുവദിക്കും.
വോട്ടെടുപ്പ് കഴിഞ്ഞ് മറ്റ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയശേഷം വോട്ടുമെഷീന് ഉള്‍പ്പെടെയുള്ള സാധന സാമഗ്രികളുമായി നിയമസഭ മണ്ഡലം തല സ്വീകരണ കേന്ദ്രങ്ങളിലേക്ക് ഉദ്യോഗസ്ഥര്‍ തിരികെയെത്തും. ഇവിടെ നിന്ന് വോട്ടുയന്ത്രങ്ങള്‍ സുരക്ഷാ അകമ്പടിയോടെ വോട്ടെണ്ണല്‍ കേന്ദ്രമായ വെള്ളിമാടുകുന്ന് ജെ.ഡി.ടിയില്‍ എത്തിച്ച് നിയമസഭ മണ്ഡലം തലത്തില്‍ ഒരുക്കിയ സ്ട്രോങ് റൂമുകളില്‍ സൂക്ഷിക്കും.
കണ്ട്രോള് റൂം സന്ദര്‍ശിച്ച ജില്ല തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന് കൂടിയായ ജില്ല കലക്ടര്‍ സ്നേഹില്‍ കുമാര്‍ സിങ് സജ്ജീകരണങ്ങള്‍ വിലയിരുത്തി.
വനിത ഉദ്യോഗസ്ഥർ മാത്രമുള്ള 52 പിങ്ക് പോളിങ് സ്റ്റേഷനുകൾ
കോഴിക്കോട്: ജില്ലയിലെ 52 പോളിങ് സ്റ്റേഷനുകൾ (പിങ്ക് പോളിങ് സ്റ്റേഷൻ) പൂർണമായും വനിതകൾ നിയന്ത്രിക്കും. ഓരോ നിയമസഭ മണ്ഡലങ്ങളിലേയും നാലുവീതം പോളിങ് സ്റ്റേഷനുകളാണ് വനിത ഉദ്യോഗസ്ഥർ നിയന്ത്രിക്കുക. പോളിങ് ബൂത്തിലെ ഉദ്യോഗസ്ഥർ മുതൽ സുരക്ഷ ജീവനക്കാർ വരെയുള്ള മുഴുവൻ ജീവനക്കാരും സ്ത്രീകൾ ആയിരിക്കും.
വടകര നിയമസഭ മണ്ഡലം
→ കല്ലാമല യു.പി സ്കൂൾ (വടക്ക്)
→ ഓർക്കാട്ടേരി എൽ.പി സ്കൂൾ(പടിഞ്ഞാറ് ഭാഗം)
→ ചാലിൽ എൽ.പി സ്കൂൾ കണ്ണൂക്കര
→ ജെ.എൻ.എം ഹയർസെക്കൻഡറി സ്കൂൾ
(കിഴക്കു ഭാഗം)
കുറ്റ്യാടി
→ മേമുണ്ട ഹയർ സെക്കൻഡറി സ്കൂൾ
(പുതിയ ബിൽഡിങ് വടക്കുഭാഗം)
→ കടത്തനാട് രാജാസ് ഹൈസ്കൂൾ
(പ്രധാന കെട്ടിടം)
→ ചേരപ്പുറം സൗത്ത് എം.എൽ.പി എസ്
(പുതിയ കെട്ടിടം തെക്കുഭാഗം)
→ തിരുവള്ളൂർ നോർത്ത് എൽ.പി സ്കൂൾ
(കിഴക്കുഭാഗം)
നാദാപുരം
→ വെള്ളൂർ മാപ്പിള എൽ.പി സ്കൂൾ (വലതുഭാഗം)
→ ഗവ. ഹയർ സെക്കൻഡറി സ്കൂൾ വളയം
(ഇടതുഭാഗം)
→ ഗവ. എൽ.പി സ്കൂൾ മൊയിലോത്തറ
(തെക്കു ഭാഗം)
→ ആക്കൽ ലീലാവിലാസം എൽ.പി സ്കൂൾ
(കിഴക്കുഭാഗം)
കൊയിലാണ്ടി
→ താഴെ കളരി അപ്പർ പ്രൈമറി സ്കൂൾ
ഇരിങ്ങൽ (വടക്കുഭാഗം)
→ എയ്ഡഡ് അപ്പർ പ്രൈമറി സ്കൂൾ കീഴൂർ
മെയിൻ ബിൽഡിങ് (കിഴക്കുഭാഗം)
→ തിക്കോടി മാപ്പിള എൽ.പി സ്കൂൾ
→ തിരുവങ്ങൂർ ഹയർ സെക്കൻഡറി സ്കൂൾ
(പടിഞ്ഞാറ് ബ്ലോക്ക് വലതുഭാഗം)
പേരാമ്പ്ര
→ ഗവ. അപ്പർ പ്രൈമറി സ്കൂൾ പേരാമ്പ്ര
(വടക്കുഭാഗം)
→ കാരയാട്ട് ഗോവിന്ദൻ മാസ്റ്റർ സ്മാരക
യു.പി സ്കൂൾ കൊഴുക്കല്ലൂർ (പടിഞ്ഞാറ്
ഭാഗം ബിൽഡിങ്ങിന്റെ ഇടതുഭാഗം)
→ നടുവത്തൂർ സൗത്ത് ലോവർ പ്രൈമറി സ്കൂൾ
→ ഗവ. എൽ.പി സ്കൂൾ ചെറുവാളൂർ
(തെക്കുഭാഗം)
ബാലുശ്ശേരി
→ എയ്ഡഡ് മാപ്പിള യു.പി സ്കൂൾ നടുവണ്ണൂർ
(വലതുഭാഗം )
→ ഗവ. ഹയർസെക്കൻഡറി സ്കൂൾ
കോക്കല്ലൂർ ( ഇടതുഭാഗം)
→ ഉള്ളിയേരി എയ്ഡഡ് അപ്പർ പ്രൈമറി സ്കൂൾ
→ ഗവ. ലോവർ പ്രൈമറി സ്കൂൾ ഒറവിൽ
എലത്തൂർ
→ ശ്രീ ഗുരുവരാനന്ദ മെമ്മോറിയൽ ഗവൺമെൻറ്
എച്ച്.എസ്.എസ് കൊളത്തൂർ (ഇടതു ഭാഗം)
→ സരസ്വതി വിദ്യാമന്ദിർ ഇംഗ്ലീഷ് മീഡിയം
സ്കൂൾ നന്മണ്ട 14 (വടക്കു ഭാഗം)
→ എച്ചന്നൂർ എ.യു.പി.എസ് കണ്ണങ്കര
(തെക്കേ ബിൽഡിങ്)
→ ജി.എച്ച്.എസ് കക്കോടി (ഇടതു ഭാഗം)
കോഴിക്കോട് നോർത്ത്
→ ഗവ. പോളിടെക്നിക് വെസ്റ്റ്ഹിൽ (പ്രധാന
ബിൽഡിങ്ങിന്റെ വലതു ഭാഗം)
→ സെന്റ് മൈക്കിൾസ് ഗേൾസ് എച്ച്.എസ് വെസ്റ്റ്ഹിൽ
(പ്രധാന ബിൽഡിങ്ങിന്റെ വലതു ഭാഗം)
→ ഗവ. ഗേൾസ് വി.എച്ച്.എസ് സ്കൂൾ നടക്കാവ്
(പ്രധാന ബിൽഡിങ്ങിന്റെ ഇടതു ഭാഗം)
→ എൻ.ജി.ഒ ക്വാർട്ടേഴ്സ് ജി.എച്ച്.എസ് മേരിക്കുന്ന്
(തെക്കേ ബിൽഡിങ്ങിന്റെ നടുഭാഗം )
കുന്ദമംഗലം
→ കുന്ദമംഗലം ഹൈസ്കൂൾ കുന്ദമംഗലം
(വലതുവശം)
→ ആർ.ഇ.സി ഗവ. ഹൈസ്കൂൾ ചാത്തമംഗലം
→ സെൻറ് സേവിയേഴ്സ് അപ്പർ പ്രൈമറി സ്കൂൾ
പെരുവയൽ (പഴയ ബിൽഡിങ്ങിന്
വലതുവശം)
→ എ.ഡബ്ല്യു.എച്ച് എൻജിനീയറിങ് കോളജ്
(സിവിൽ ബ്ലോക്ക്) കുറ്റിക്കാട്ടൂർ
കോഴിക്കോട് സൗത്ത്
→ ബി.ഇ.എം ഗേൾസ് ഹയർസെക്കൻഡറി സ്കൂൾ കോഴിക്കോട് (ഇടതുഭാഗം)
→ ഗവ. മെഡിക്കൽ കോളജ് കാമ്പസ് എച്ച്.എസ്.
എസ്, അനക്സ് നെല്ലിക്കോട് (തെക്കുവശത്തുള്ള പഴയ കെട്ടിടത്തിന്റെ ഇടതുഭാഗം)
→ സാവിയോ എച്ച്.എസ് സ്കൂൾ (കിഴക്ക് ഭാഗത്തുള്ള
കെട്ടിടത്തിന്റെ വലതുഭാഗം)
→ ശ്രീ ഗോകുലം പബ്ലിക്ക് സ്കൂൾ വളയനാട്
(കെട്ടിടത്തിന്റെ ഇടതു ഭാഗം)
ബേപ്പൂർ
→ ജി.എച്ച്.എസ്.എസ് ബേപ്പൂർ (കിഴക്കുഭാഗത്തുള്ള
കെട്ടിടത്തിന്റെ വടക്ക് കിഴക്ക് ഭാഗം)
→ ആത്മവിദ്യാസംഘം യു.പി.എസ് (കിഴക്ക് ഭാഗം)
→ ലിറ്റിൽ ഫ്ലവർ എ.യു.പി.എസ് ചെറുവണ്ണൂർ
(പടിഞ്ഞാറെ കെട്ടിടത്തിന്റെ വലതുഭാഗം)
→ എം.ഐ.എ മാപ്പിള എൽ.പി.എസ്
പെരുമുഖം
കൊടുവള്ളി
→ ഹോളി ഫാമിലി എച്ച്.എസ് കട്ടിപ്പാറ
→ നസ്രത്ത് യു.പി സ്കൂൾ കട്ടിപ്പാറ (മധ്യഭാഗം)
→ നിർമല യു.പി സ്കൂൾ ചമൽ (മധ്യഭാഗം)
→ ഗവ. യു.പി സ്കൂൾ താമരശ്ശേരി (ഇടതുഭാഗം)
തിരുവമ്പാടി (വയനാട് ലോക്സഭ മണ്ഡലം)
→ എം.ജി.എം ഹൈസ്കൂൾ ഈങ്ങാപ്പുഴ
(മധ്യഭാഗം)
→ ഗവ. എച്ച്.എസ് പുതുപ്പാടി (എസ്.എസ്.എ
കെട്ടിടം ഇടതുഭാഗം)
→ മുത്തലത്ത് എയ്ഡഡ് ലോവർ പ്രൈമറി
സ്കൂൾ മണാശ്ശേരി (വലതുഭാഗം)
→ ഗവ. അപ്പർ പ്രൈമറി സ്കൂൾ മണാശ്ശേരി
(കിഴക്ക് വശത്തെ കെട്ടിടം)
വോട്ടെടുപ്പ് കനത്ത സുരക്ഷയിൽ
കോഴിക്കോട്: ജില്ലയിൽ വോട്ടെടുപ്പ് കനത്ത സുരക്ഷയിൽ. കേരള പൊലീസിനുപുറമെ എട്ടു കമ്പനി കേന്ദ്ര സേനയെയാണ് കോഴിക്കോട്, വടകര ലോക്സഭ മണ്ഡലങ്ങളിലായി വിന്യസിച്ചത്.
മാത്രമല്ല, അക്രമ സാധ്യതകൾ മുൻകൂട്ടിക്കണ്ട് ശനിയാഴ്ച രാവിലെ ആറുവരെ ജില്ലയിൽ കലക്ടർ സ്നേഹിൽ കുമാർ സിങ് നിരോധനാജ്ഞയും പ്രഖ്യാപിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പിന്റെ സുരക്ഷക്ക് മാത്രമായി 3500ഓളം പൊലീസുകാരെയാണ് നിയോഗിച്ചത്. ഇതിനു പുറമെയാണ് സെൻട്രൽ ആംഡ് പൊലീസ് ഫോഴ്സിലെ 576 പേരെയും നിയോഗിച്ചത്.
138 പോളിങ് ബൂത്തുകളിലാണ് ഇവരുടെ സാന്നിധ്യമുണ്ടാവുക. വടകര മണ്ഡലത്തില്‍ 120ഉം കോഴിക്കോട് മണ്ഡലത്തില്‍ 21ഉം ഉൾപ്പെടെ ആകെ 141 പ്രശ്നസാധ്യത ബൂത്തുകളും വടകര മണ്ഡലത്തിൽ 43 മാവോവാദി ഭീഷണിയുള്ള ബൂത്തുകളും ഉണ്ട്. ഇവിടങ്ങളിലെല്ലാം കേന്ദ്ര സേനയുടെ സാന്നിധ്യമുണ്ടാവും.
കോഴിക്കോട് സിറ്റി പൊലീസ് പരിധിയില്‍ മാത്രം 791 ബൂത്തുകളാണുള്ളത്. ഇവിടെ ഒരു കമ്പനി കേന്ദ്രസേനയെ ആണ് അനുവദിച്ചത്. ഒരു കമ്പനിയില്‍ 72 പേരാണുള്ളത്. ഒമ്പത് ഡിവൈ.എസ്.പിമാരുടെ നേതൃത്വത്തിലാണ് സുരക്ഷാക്രമീകരണം.
19 ഇൻസ്പെക്ടര്‍മാരും 1,384 പൊലീസുകാരും 216 ഹോംഗാര്‍ഡുകളും സായുധ സേനാ വിഭാഗങ്ങളില്‍ നിന്നുള്ള 130 പേരും 27 എക്സൈസ് ഉദ്യോഗസ്ഥരും 100 കേന്ദ്രസേനാംഗങ്ങളുമുള്പ്പെടെ 1785 പേരാണ് തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായുള്ളത്. സിറ്റി പൊലീസ് കമീഷണര്‍ രാജ്പാല് മീണ, ഡി.സി.പി അനൂജ് പലിവാള്‍ എന്നിവരുടെ മേല്‍നോട്ടത്തിലാണ് സുരക്ഷ.
ഏറ്റവും കൂടുതല്‍ പ്രശ്നബാധിത ബൂത്തുകളുള്ള വടകര മണ്ഡലത്തില്‍ ഏഴ് കമ്പനി കേന്ദ്രസേനാംഗങ്ങളെ വിന്യസിപ്പിച്ചിട്ടുണ്ട്. ഇതുപ്രകാരം 504 സേനാംഗങ്ങളെ മാവോയിസ്റ്റ് ബാധിത മേഖലയിലെ ഭീഷണി നേരിടുന്ന ബൂത്തുകളില്‍ വിന്യസിപ്പിച്ചിട്ടുണ്ട്.
12 ഡിവൈ.എസ്.പിമാരുടെ നേതൃത്വത്തില്‍ 30 ഇൻസ്പെക്ടര്‍മാരാണ് വടകര മണ്ഡലത്തിലെ വിവിധ ബൂത്തുകളുടെ സുരക്ഷക്കുള്ളത്. ഇവരുടെ കീഴില്‍ 1,420 പൊലീസുകാരും 180 സായുധസേനാംഗങ്ങളും 36 സ്പെഷല്‍ പൊലീസ് സേനാംഗങ്ങളുമുണ്ട്. വടകര റൂറല്‍ എസ്.പി അരവിന്ദ് സുകുമാറിന്റെ നേതൃത്വത്തിലാണ് സുരക്ഷ ഒരുക്കിയത്.
കള്ളവോട്ട്, ആള്‍മാറാട്ടം ഉള്‍പ്പെടെയുള്ള തട്ടിപ്പുകള്‍ തടയാൻ എല്ലാ ബൂത്തിലും വെബ്കാസ്റ്റിങ് സംവിധാനവും സജ്ജീകരിച്ചു. ഇരട്ടവോട്ടുകള്‍ നിരീക്ഷിക്കാന്‍ എ.എസ്.ഡി മോണിറ്റര്‍ ആപ്പും ഒരുക്കിയിട്ടുണ്ട്.
പെരുവണ്ണാമൂഴി പൊലീസ് സ്റ്റേഷൻ പരിധിയിലെ എട്ട് ബൂത്തുകളും കൂരാച്ചുണ്ട് പൊലീസ് സ്റ്റേഷൻ പരിധിയിലെ ഒരു ബൂത്തും ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് പരിധിയിലെ മുതുകാട് കലക്ടീവ് ഫാം എൽ.പി സ്കൂൾ, മുതുകാട് പേരാമ്പ്ര പ്ലാന്റേഷൻ ജി.എച്ച്.എസ്.എസ്, പെരുവണ്ണാമൂഴി ഫാത്തിമ മാത യു.പി സ്കൂൾ, ചെമ്പനോട സെന്റ് ജോസഫ്സ് യു.പി സ്കൂൾ, പഴിത്തോട് ഐ.സി.യു.പി സ്കൂൾ, കക്കയം ജി.എൽ.പി സ്കൂൾ എന്നിവിടങ്ങളിലെ ബൂത്തുകളാണ് മാവോവാദി ഭീഷണിയുള്ളതായി കണക്കാക്കിയത്. നേരത്തെ മാവോവാദി ഭീഷണിയുണ്ടായിരുന്ന താമരശ്ശേരി, കോടഞ്ചേരി, തിരുവമ്പാടി പൊലീസ് സ്റ്റേഷൻ പരിധിയിലെ ബൂത്തുകൾ പ്രശ്ന ബാധിത ബൂത്തുകളായാണ് കണക്കാക്കിയത്. ഇവിടെയും തണ്ടർബോൾട്ടിന്റെയടക്കം നേതൃത്വത്തിൽ പ്രത്യേക സുരക്ഷാ ക്രമീകരണം ഒരുക്കിയിട്ടുണ്ട്.
കോഴിക്കോട് മണ്ഡലത്തിൽ കൂടുതൽ ബൂത്തുകൾ ബാലുശ്ശേരിയിൽ
ബാലുശ്ശേരി: ബാലുശ്ശേരി നിയോജക മണ്ഡലത്തിലെ 197 ബൂത്തുകളിലേക്കുള്ള പോളിങ് സാമഗ്രികളുടെ വിതരണം കോക്കല്ലൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നടന്നു. മണ്ഡലത്തിൽ ആകെ 199 പോളിങ് ബൂത്തുകളാണുള്ളത്. ഇതിൽ രണ്ടെണ്ണം ഓക്സിലറി ബൂത്തുകളാണ്.
കോഴിക്കോട് ലോക്സഭ മണ്ഡലത്തിൽ ഏറ്റവും കൂടുതൽ പോളിങ് ബൂത്തുകൾ പ്രവർത്തിക്കുന്ന മണ്ഡലം കൂടിയാണ് ബാലുശ്ശേരി. പോളിങ് സാമഗ്രികളുടെ വിതരണം രാവിലെ 8.30നു തുടങ്ങി ഒരുമണി വരെ നീണ്ടു. വിതരണത്തിനായി 20 കൗണ്ടറുകൾ ഏർപ്പെടുത്തിയിരുന്നു.
വോട്ടിങ് മെഷീൻ, വി.വി പാറ്റ് മെഷീൻ എന്നിവക്കായി പ്രത്യേക കൗണ്ടറും ഒരുക്കിയിരുന്നു. ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥർക്ക് വോട്ടുചെയ്യാനും ഇ.ഡി സർട്ടിഫിക്കറ്റ് വിതരണത്തിനും പ്രത്യേക സജ്ജീകരണമൊരുക്കിയിരുന്നു. പൊലീസ് റിപ്പോർട്ടനുസരിച്ച് മണ്ഡലത്തിലെ നാല് ബൂത്തുകൾ പ്രശ്നബാധിതമാണ്. കരുമല എസ്.എം.എസ്.എസ്.യു.പി സ്കൂളിലെ 187, 188,189 ബൂത്തകളും അവിടനല്ലൂർ എച്ച്.എസ്.എസിലെ 42ാം ബൂത്തുമാണ് ഇവ. കക്കയത്തെ 62ാം നമ്പർ ബൂത്ത് മാവോവാദി ഭീഷണിയുള്ളതാണ്. ഇവിടെ പ്രത്യേക നാഗ ആംഡ് റിസർവ് പൊലീസിനെ വിന്യസിച്ചിട്ടുണ്ട്.
അത്തോളി, ഉള്ളിയേരി, നടുവണ്ണൂർ, കോട്ടൂർ, കായണ്ണ, കൂരാച്ചുണ്ട്, പനങ്ങാട്, ബാലുശ്ശേരി, ഉണ്ണികുളം എന്നീ പഞ്ചായത്തുകളാണ് ബാലുശ്ശേരി മണ്ഡലത്തിലുള്ളത്. ആകെ 231158 വോട്ടർമാരാണ് മണ്ഡലത്തിലുള്ളത്. ഇതിൽ മൂന്ന് ട്രാൻസ്ജെൻഡർ വോട്ടുകളുമുണ്ട്. കള്ളവോട്ട്, ആൾമാറാട്ടം ഉൾപ്പെടെയുള്ള തട്ടിപ്പുകൾ തടയാനായി എല്ലാ ബൂത്തുകളിലും വെബ്കാസ്റ്റിങ് സംവിധാനവും ഒരുക്കിയിട്ടുണ്ടെന്ന് റിട്ടേണിങ് ഓഫിസർ രഞ്ജിത്ത് ‘മാധ്യമ’ത്തോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.