കോഴിക്കോട് ഗ്യാസ് സിലിണ്ടർ കയറ്റിവന്ന ലോറിക്ക് തീപിടിച്ചു
text_fieldsഅത്തോളി(കോഴിക്കോട്): സംസ്ഥാനപാതയിൽ അത്തോളിക്ക് സമീപം കൊടശ്ശേരിയിൽ പാചകവാതക സിലിണ്ടറുകൾ കയറ്റി വരുകയായിരുന്ന ലോറിക്ക് തീപിടിച്ചു. വെള്ളിയാഴ്ച വൈകീട്ട് നാലോടെയായിരുന്നു സംഭവം. മംഗളൂരുവിൽനിന്ന് ചേളാരിയിലേക്ക് ഭാരത് ഗ്യാസുമായി പോവുകയായിരുന്ന ലോറിയാണ് അപകടത്തിൽ പെട്ടത്. ഓട്ടത്തിനിടെ ലോറിയുടെ എൻജിൻ ഭാഗത്തുനിന്നും പുക ഉയരുന്നത് ശ്രദ്ധയിൽപെട്ട ഡ്രൈവർ വാഹനം ഒതുക്കി നിർത്തുകയായിരുന്നു. ഇതിനിടയിൽ തന്നെ തീ ഡ്രൈവറുടെ കാബിനിലേക്കു പടരുകയും തീ ആളിക്കത്തുകയും ചെയ്തു.
ഡ്രൈവർ തന്നെയാണ് തൊട്ടടുത്ത അത്തോളി പൊലീസിൽ വിവരം അറിയിച്ചത്. പൊലീസ് സ്റ്റേഷനിൽനിന്ന് വിവരം ലഭിച്ചതിനെ തുടർന്ന് കൊയിലാണ്ടി, പേരാമ്പ്ര, നരിക്കുനി, വെള്ളിമാടുകുന്ന് എന്നിവിടങ്ങളിൽനിന്നും അഗ്നിശമന സേന സ്ഥലത്തെത്തി. പാചകവാതകം നിറച്ച 342 സിലിണ്ടറുകളാണ് ലോറിയിൽ ഉണ്ടായിരുന്നത്.
സിലിണ്ടറുകളിൽനിന്ന് വാതകം ചോരാതിരുന്നതിനാലാണ് കൂടുതൽ അപകടം ഇല്ലാതായത്. ഡ്രൈവറുടെ കാബിൻ പൂർണമായും കത്തിനശിച്ചു. അഗ്നിശമന സേനയുടെയും നാട്ടുകാരുടെയും അത്തോളി പൊലീസിെൻറയും സമയോചിതമായ ഇടപെടലാണ് വലിയ ദുരന്തം ഒഴിവാക്കിയത്. ബാറ്ററി ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. അപകടത്തെ തുടർന്ന് ഇതുവഴിയുള്ള ഗതാഗതം ഒരുമണിക്കൂറോളം തടസ്സപ്പെട്ടു.
ഒഴിവായത് വൻ ദുരന്തം
അത്തോളി: സംസ്ഥാന പാതയിൽ അത്തോളിക്ക് സമീപം കൊടശ്ശേരിയിൽ പാചകവാതക സിലിണ്ടറുകൾ കയറ്റിവരുകയായിരുന്ന ലോറിക്ക് തീപിടിച്ചുണ്ടായ അപകടത്തിൽ ഒഴിവായത് വൻ ദുരന്തം. ലോറി ഡ്രൈവറുടെയും നാട്ടുകാരുടെയും പൊലീസിെൻറയും അഗ്നിശമന സേനയുടെയും സമയോചിത ഇടപെടലാണ് പ്രദേശത്തെ വൻ ദുരന്തത്തിൽനിന്ന് രക്ഷിച്ചത്. വെള്ളിയാഴ്ച വൈകീട്ട് നാലു മണിയോടെയാണ് മംഗളൂരുവിൽനിന്ന് മലപ്പുറം ചേളാരിയിലേക്കു ഭാരത് ഗ്യാസുമായി പോവുകയായിരുന്ന ലോറി അപകടത്തിൽപെട്ടത്.
ലോറിയുടെ എൻജിൻ ഭാഗത്തുനിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപെട്ട ചേളാരി സ്വദേശിയായ ഡ്രൈവർ രാധാകൃഷ്ണൻ വാഹനം ഒതുക്കിനിർത്തുകയും നാട്ടുകാരെ വിവരം അറിയിക്കുകയും ചെയ്തു. ഡ്രൈവർ തന്നെയാണ് തൊട്ടടുത്ത അത്തോളി പൊലീസിൽ വിവരം അറിയിച്ചത്. ഇതിനിടെ, തീ ഡ്രൈവറുടെ കാബിനിലേക്കു പടരുകയും ആളിക്കത്തുകയും ചെയ്തു. പൊലീസ് സ്റ്റേഷനിൽനിന്ന് വിവരം ലഭിച്ചതിനെ തുടർന്ന് കൊയിലാണ്ടി അഗ്നിശമന സേനയുടെ രണ്ടു യൂനിറ്റ് മിനിറ്റുകൾക്കകം സ്ഥലത്തെത്തി. ഇവർ എത്തുമ്പോൾ തീ ആളിക്കത്തുന്ന അവസ്ഥയിലായിരുന്നു. നാട്ടുകാരും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി.
നിരവധി കടകളും സമീപത്തായി ധാരാളം വീടുകളും ഉള്ളതുകൊണ്ട് തന്നെ ജനം പരിഭ്രാന്തിയിലായി. കടകൾ അടപ്പിച്ചതും സമീപവാസികൾക്കു മുന്നറിയിപ്പ് നൽകിയതും നാട്ടുകാരാണ്. 342 സിലിണ്ടറുകൾ ലോറിയിൽ ഉണ്ടായിരുന്നു. അഗ്നിശമന സേന സ്ഥലത്തെത്താൻ ഏതാനും മിനിറ്റുകൾകൂടി കഴിഞ്ഞിരുന്നെങ്കിൽ സിലിണ്ടറുകളിൽനിന്ന് വാതകം ചോരുകയും വലിയ ദുരന്തത്തിന് വഴിവെക്കുകയും ചെയ്യുമായിരുന്നു. ഡ്രൈവർ കാബിനോട് ചേർന്ന ഭാഗത്തെ ഏതാനും സിലിണ്ടറുകൾ തീയുടെ ചൂടിൽ പൊട്ടിത്തെറിക്കാവുന്ന അവസ്ഥയിലായിരുന്നുവെന്ന് കൊയിലാണ്ടി സ്റ്റേഷൻ ഓഫിസർ സി.പി. ആനന്ദൻ, സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ കെ. പ്രദീപ് എന്നിവർ 'മാധ്യമ'ത്തോട് പറഞ്ഞു.
പേരാമ്പ്ര, നരിക്കുനി, വെള്ളിമാട്കുന്ന് എന്നിവിടങ്ങളിൽനിന്നുള്ള അഗ്നിശമന സേന യൂനിറ്റുകളും സ്ഥലത്തെത്തിയിരുന്നു. ഡ്രൈവറുടെ കാബിൻ പൂർണമായും കത്തിനശിച്ചു. ബാറ്ററി ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. അപകടത്തെ തുടർന്ന് ഇതുവഴിയുള്ള ഗതാഗതം ഒരു മണിക്കൂറോളം വഴിതിരിച്ച് വിട്ടു. എം.കെ. രാഘവൻ എം.പി, വടകര ആർ.ഡി.ഒ അബ്ദുറഹിമാൻ, അത്തോളി പഞ്ചായത്ത് പ്രസിഡൻറ് ഷീബ രാമചന്ദ്രൻ എന്നിവർ സ്ഥലത്തെത്തിയിരുന്നു. അത്തോളി എസ്.ഐ വിജയെൻറ നേതൃത്വത്തിൽ പൊലീസും സ്ഥലത്തുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.