എഫ്.സി.ഐയിലെ ലോറിത്തൊഴിലാളികൾ കരാറുകാരന്‍റെ ലോറി തടഞ്ഞ് പ്രതിഷേധിച്ചു
text_fieldsകോഴിക്കോട്: വെസ്റ്റ്ഹിൽ എഫ്.സി.ഐയിൽനിന്ന് ചരക്കെടുക്കുന്ന സ്വകാര്യ ലോറിത്തൊഴിലാളികളും കുടുംബവും ചരക്കെടുക്കാനെത്തിയ കരാറുകാരന്‍റെ ലോറി തടഞ്ഞ് പ്രതിഷേധിച്ചു. കരാറുകാരൻ സ്വന്തം വണ്ടി ഉപയോഗിച്ച് ചരക്ക് നീക്കുന്നത് തങ്ങൾക്ക് തൊഴിൽനഷ്ടമുണ്ടാക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് ലോറി ഉടമകളും തൊഴിലാളികളും കുടുംബാംഗങ്ങളുമടക്കം 300 പേർ എഫ്.സി.ഐയിലേക്കുള്ള റോഡിൽ കരാറുകാരന്‍റെ ലോറി തടഞ്ഞത്.
സംയുക്ത സമരസമിതി രാവിലെ 10 മുതൽ ഉച്ചക്ക് രണ്ടു വരെ വണ്ടി തടഞ്ഞിട്ടു. താമരശ്ശേരി ഡിപ്പോയിലേക്ക് കരാറെടുത്ത കരാറുകാരനാണ് സ്വന്തം വാഹനവുമായി ചരക്കെടുക്കാൻ വന്നത്. വാഹനം തിരികെ പോയതോടെയാണ് സമരം അവസാനിപ്പിച്ചത്. സമരസമിതി കൺവീനർ സി.പി. സുലൈമാൻ, പാറാണ്ടി മനോജ്, രാജീവൻ, രാമചന്ദ്രൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു സമരം.
വെസ്റ്റ്ഹിൽ എഫ്.സി.ഐ ഗോഡൗണിൽനിന്നും കൊണ്ടോട്ടി, താമരശ്ശേരി, കോഴിക്കോട്, തിരൂരങ്ങാടി എന്നീ ഡിപ്പോകളിലേക്ക് ചരക്ക് കൊണ്ടുപോയിരുന്നത് എഫ്.സി.ഐ ഗോഡൗണിലെ സ്വകാര്യ ലോറികളിലാണ്. 64 വാഹനങ്ങളിലായി 140 തൊഴിലാളികളാണ് ഇവിടെ ജോലിയെടുക്കുന്നത്.
മാസങ്ങൾക്കു മുമ്പ് വാടക കൂട്ടിത്തരണമെന്ന് ആവശ്യപ്പെട്ടതിന്‍റെ പേരിൽ ലോറിത്തൊഴിലാളികളും താമരശ്ശേരി കരാറുകാരനും തമ്മിൽ തർക്കമുണ്ടായി. തുടർന്ന് കരാറുകാരൻ കോടതിയെ സമീപിച്ചു. ഡിസംബർ രണ്ടിന് ഈ കേസ് കോടതി പരിഗണിക്കാനിരിക്കെയാണ് സ്വന്തം വാഹനവുമായി വന്ന് കരാറുകാരൻ ചരക്ക് കൊണ്ടുപോകാൻ ശ്രമിച്ചത്. ഈ നീക്കമാണ് തൊഴിലാളികൾ തടഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.