ക്ലാസ് മുറികൾ സർക്കാർ അപഹരിച്ചു, തസ്തിക തുലാസിലായി രണ്ടു വിദ്യാലയങ്ങൾ
text_fieldsകോഴിക്കോട്: ആവശ്യത്തിന് ക്ലാസ് മുറിയില്ലെന്ന സാങ്കേതിക കാരണത്താൽ തസ്തിക നഷ്ടത്തിന്റെ ഭീഷണിയിലാണ് രണ്ടു സർക്കാർ വിദ്യാലയങ്ങൾകോഴിക്കോട് നഗരത്തിലെ ചിന്താവളപ്പ് ഗവ. യു.പി സ്കൂളും ബിലാത്തിക്കുളം ഗവ. യു.പി സ്കൂളും. കെട്ടിടങ്ങളോ ക്ലാസ് മുറികളോ ഇല്ലാഞ്ഞിട്ടല്ല, അപഹരിക്കപ്പെട്ട ക്ലാസ് മുറികളുടെ പേരിലാണ് ഈ വിദ്യാലയങ്ങളിൽനിന്ന് പുറത്താകലിന്റെ വക്കിൽ അധ്യാപകർ നിൽക്കുന്നത്.
കോവിഡ് കാലത്താണ് നിലവിലെ ക്ലാസ് മുറികൾക്കു പുറമെ കമ്പ്യൂട്ടർ ലാബിനും ശാസ്ത്രലാബിനും അധികമായി രണ്ടു ക്ലാസ് മുറികൾകൂടി വേണമെന്ന ഉത്തരവ് വിദ്യാഭ്യാസ വകുപ്പ് ഇറക്കിയത്. അത്രയും ക്ലാസ് മുറികളില്ലെങ്കിൽ അത്രയും അധ്യാപകരുടെ തസ്തികയും കുറയും എന്നതായിരുന്നു ഉത്തരവ്. ഒന്നുമുതൽ ഏഴുവരെ ക്ലാസ് പ്രവർത്തിക്കുന്ന ഈ രണ്ട് സ്കൂളുകൾക്കും ഈ അധിക ക്ലാസ് മുറികൾ ഇല്ലെന്ന കാരണത്താലാണ് അധ്യാപക തസ്തികക്കുനേരെ കൊടുവാൾ ഉയർന്നിരിക്കുന്നത്.
എന്നാൽ, ചിന്താവളപ്പ് സ്കൂളിന്റെ ക്ലാസ് മുറികൾ സർക്കാർതന്നെ അപഹരിച്ചതാണ് ഈ തിരിച്ചടിക്ക് കാരണമായത്. വിദ്യാർഥികൾ കുറവായതിനാൽ കാൽ നൂറ്റാണ്ടു മുമ്പ് ഈ സ്കൂളിലെ ഏതാനും ക്ലാസ് മുറികൾ സ്വന്തമാക്കിയാണ് കോഴിക്കോട് റൂറൽ ഉപജില്ല വിദ്യാഭ്യാസ ഓഫിസ് പ്രവർത്തിച്ചുവരുന്നത്. പുറമെ മൂന്നു മുറികൾ എക്സൈസ് വകുപ്പിന്റെ കൗൺസലിങ് കേന്ദ്രമായ ‘വിമുക്തി’യും സ്വന്തമാക്കി. രണ്ടു മുറികൾ അംഗൻവാടിക്കായി കോർപറേഷൻ ഏറ്റെടുക്കുകയും ചെയ്തു.
ബിലാത്തിക്കുളം ഗവ. യു.പി സ്കൂളിലും സമാനമായ അവസ്ഥയാണ്. ഏതാനും ക്ലാസ് മുറികൾ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ വർക്ക്ഷോപ്പാക്കി മാറ്റിയിട്ടുണ്ട്. ഈ സ്കൂളിലെ പഴയ കെട്ടിടം അൺഫിറ്റായതിനാൽ 2021ൽ കോർപറേഷൻ നവീകരിച്ചു. ഇതിന്റെ പേരിൽ കഴിഞ്ഞ വർഷം രണ്ട് ക്ലാസ് മുറികളുടെ എണ്ണം കുറഞ്ഞതിന് രണ്ട് ജൂനിയർ അധ്യാപകരെ ബേപ്പൂരേക്കും രാമനാട്ടുകരയിലേക്കും സ്ഥലംമാറ്റിയിരുന്നു. നവീകരിച്ച ക്ലാസ് മുറികൾക്ക് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് കിട്ടിയത് ഈ മാസം ഒന്നിനാണ്. ഇതിനെതിരെ അപ്പീൽ കൊടുത്തെങ്കിലും കഴിഞ്ഞ വർഷം രണ്ട് തസ്തികകളില്ലാത്തതിനാൽ ഇക്കുറിയും അത് ക്രമീകരിച്ചിട്ടില്ല.
അതേസമയം, വിദ്യാഭ്യാസ സംരക്ഷണത്തിന്റെ ഭാഗമായി നവീകരണ പ്രവൃത്തികൾ നടക്കുന്ന സ്കൂളുകളിലെ ക്ലാസ് മുറികളുടെ കുറവിന് തസ്തിക വെട്ടിക്കുറക്കരുതെന്ന് വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി കഴിഞ്ഞ വർഷം സർക്കുലർ പുറപ്പെടുവിച്ചിരുന്നു. ഇത് ലംഘിച്ചാണ് രണ്ട് അധ്യാപകരെ സ്ഥലംമാറ്റിയത്. ഈ വിഷയം ചർച്ച ചെയ്യാൻ ചൊവ്വാഴ്ച ജില്ല വിദ്യാഭ്യാസ ഡെപ്യൂട്ടി എഡിറ്ററുടെ സാന്നിധ്യത്തിൽ നടത്തിയ സിറ്റിങ്ങിൽ പ്രശ്നം പരിഹരിക്കാൻ സാധ്യത തെളിഞ്ഞതായി ഹെഡ്മാസ്റ്റർമാർ ‘മാധ്യമ’ത്തോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.