മീനുകൾക്ക് റെക്കോഡ് വിലത്തകർച്ച; 250 രൂപക്ക് അയക്കൂറയും ആവോലിയും
text_fieldsകോഴിക്കോട്: അയക്കൂറക്കും ആവോലിക്കുമുൾപ്പെടെ മീനുകൾക്ക് റെക്കോഡ് വിലത്തകർച്ച. കിലോക്ക് എണ്ണൂറും ആയിരവുമുണ്ടായിരുന്ന മീനുകൾ 200 -250 രൂപക്കാണ് വിൽപന. രണ്ട് കിലോ വരെ തൂക്കമുള്ള അയക്കൂറക്ക് കോഴിക്കോട് സെൻട്രൽ മാർക്കറ്റിൽ ഇന്നലെ 250 രൂപയാണ് വില. അതിൽ തൂക്കം കുറഞ്ഞത് 150 രൂപക്കും ലഭിക്കും. കുട്ടിഅയക്കൂറക്ക് നൂറിൽ താഴെയാണ് വില. ആവോലി 400 ഗ്രാം വരെയുള്ളതിന് കിലോ വില 250. കുഞ്ഞനാവോലി 150 രൂപയാണ് സെൻട്രൽ മാർക്കറ്റിലെ വില. ചില്ലറ വിൽപനക്കാർ നൂറും നൂറ്റമ്പതും കൂട്ടിയാണ് വിൽക്കുന്നത്.
ഏറെ കാലത്തിനുശേഷമാണ് വില ഇത്ര താഴേക്ക് വരുന്നത്. മംഗലാപുരം, ഗോവ, ഗുജറാത്ത്, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നെല്ലാം ഒരുപോലെ ആവോലിയും അയക്കൂറയും കോഴിക്കോട് മാർക്കറ്റുകളിൽ എത്തിയതിനൊപ്പം പുതിയാപ്പ, വെള്ളിയിൽ, ബേപ്പൂർ, ചാലിയം തുടങ്ങിയിടങ്ങളിലും മീൻ സുലഭമായി ലഭിച്ചതോടെ വില കുത്തനെ ഇടിഞ്ഞിരിക്കുകയാണ്. ഒരു മാസേത്താളം ഈ വിലക്കുറവ് തുടരാൻ സാധ്യതയുണ്ടെന്നാണ് മേഖലയിലുള്ളവർ പറയുന്നത്.
അതേസമയം മത്തിക്കാണ് വില നിശ്ചിത നിലവാരത്തിൽ തുടരുന്നത്. കിേലാക്ക് 160 രൂപയാണ് മത്തിവില. അയലക്ക് കിലോ നൂറാണ് വില. പൂവാലൻ ചെമ്മീന് 160-180 രൂപയാണ് കിലോ വില. കൂന്തളിന് 100-120, കിളി മീൻ കോര വലുപ്പത്തിനനുസരിച്ച് 40-50-60 ആണ് മാർക്കറ്റ് വില. കോവിഡും ലോക്ഡൗണും കാലാവസ്ഥ വ്യതിയാനവും മൂലം കഴിഞ്ഞ വർഷം മീൻപിടിത്തം കുറഞ്ഞതാവാം കടലിൽ മീൻ സുലഭമാവാൻ കാരണമെന്നും അഭിപ്രായമുണ്ട്.
അതേസമയം സാമ്പത്തിക പ്രതിസന്ധിക്കാലത്ത് മീൻവില കുത്തനെ ഇടിഞ്ഞിട്ടും വിൽപന കൂടിയിട്ടില്ലെന്ന് വ്യാപാരികൾ പറയുന്നു. കോഴിക്കോട് മാർക്കറ്റിൽ ഇന്നലെ ഉച്ചയായിട്ടും വിറ്റു തീരാത്തതിനാൽ 180രൂപക്ക് വരെ ഇടത്തരം അയക്കൂറ വിറ്റു. ജനങ്ങളുടെ കൈയിൽ പൈസയില്ലാത്തതിനാൽ മീൻ ദീർഘനേരം തട്ടിൻമേൽ തന്നെ കിടക്കുന്ന അവസ്ഥയാണ് പലയിടത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.