കുറഞ്ഞ പോളിങ് ശതമാനം; ചങ്കിടിപ്പ് ബാക്കി
text_fieldsേകാഴിക്കോട്: കഴിഞ്ഞ വർഷത്തെക്കാൾ ജില്ലയിൽ പോളിങ് ശതമാനം കുറഞ്ഞതിൽ എൽ.ഡി.എഫിനും യു.ഡി.എഫിനും ആശങ്ക. ആരുടെ വോട്ടാണ് ബൂത്തിൽ എത്താത്തതെന്ന ചോദ്യമാണ് ബാക്കിയാകുന്നത്. ആദ്യകണക്കുകളിൽ സംസ്ഥാനതലത്തിൽ ജില്ല മുന്നിലാണെന്നുമാത്രം. 2016ൽ 11 മണ്ഡലങ്ങളിലും 80 ശതമാനത്തിലേറെ പോളിങ്ങുണ്ടായിരുന്നു. കഴിഞ്ഞ തവണ 81.75 ആയിരുന്നു ശതമാനം. ഇത്തവണ 78.42ഉം.
എൽ.ഡി.എഫിന് ശക്തമായ അടിത്തറയുള്ള ബേപ്പൂരിൽ നാല് ശതമാനത്തിലേറെയാണ് ഇത്തവണ പോളിങ്ങിൽ കുറവുണ്ടായത്. കഴിഞ്ഞ തവണ 85 ശതമാനം പിന്നിട്ട കുന്ദമംഗലത്തും കഴിഞ്ഞ തവണത്തെക്കാൾ നാലു ശതമാനം വോട്ടർമാർ ബൂത്തിലെത്തിയില്ല. കുന്ദമംഗലത്ത് യു.ഡി.എഫ് സ്ഥാനാർഥി ദിനേശ് പെരുമണ്ണക്ക് പാർട്ടിഭേദമന്യേ വോട്ടുകൾ ലഭിച്ചതായാണ് യു.ഡി.എഫ് വിലയിരുത്തൽ. ഇത് ബി.ജെ.പി വോട്ടായിരിക്കുമെന്നാണ് എൽ.ഡി.എഫ് ക്യാമ്പിെൻറ പ്രതികരണം. എലത്തൂരിൽ അഞ്ച് ശതമാനം കുറഞ്ഞത് യു.ഡി.എഫ് വോട്ടുകളാണെന്നാണ് സൂചന. സുൽഫിക്കർ മയൂരിക്കെതിരായ വികാരം മണ്ഡലത്തിൽ വോട്ടെടുപ്പ് ദിനവും കോൺഗ്രസ് പ്രവർത്തകർക്കടക്കമുണ്ടായിരുന്നു.
നഗരപ്രദേശങ്ങളായ കോഴിക്കോട് നോർത്തിലും സൗത്തിലും നാല് ശതമാനത്തോളം കുറഞ്ഞിട്ടുണ്ട്. നഗരമധ്യത്തിലെ ചില ബൂത്തുകളിൽ 65 ശതമാനമാണ് ശരാശരി പോളിങ് ശതമാനം. പോളിങ് ശതമാനം കൂടിയാൽ യു.ഡി.എഫിന് അനുകൂലവും കുറഞ്ഞാൽ എതിരുമെന്ന സങ്കൽപം 2016ൽ തെറ്റിയിരുന്നു. പോളിങ് ശതമാനം കൂടിയപ്പോൾ എൽ.ഡി.എഫിനായിരുന്നു ജില്ലയിൽ മുൻതൂക്കം. ബാലുശ്ശേരി, കൊടുവള്ളി തുടങ്ങിയ മണ്ഡലങ്ങളിൽ ബി.ജെ.പിയുടെ പ്രവർത്തനം അവസാനം മന്ദഗതിയിലായിരുന്നു. കുറ്റ്യാടിയിലും വടകരയിലും വാശിയേറിയ പോരാട്ടത്തിൽ ഇരുമുന്നണികളും വിജയം പ്രതീക്ഷിക്കുന്നു. വടകര താലൂക്കിൽ കള്ളവോട്ട് കുറഞ്ഞത് ഗുണമാകുമെന്ന് യു.ഡി.എഫ് കരുതുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.