കൺഫ്യൂഷന് ഗുഡ്ബൈ, മാധ്യമം എജുകഫെ ഇന്നും നാളെയും
text_fieldsകോഴിക്കോട്: മികച്ച കരിയർ സ്വന്തമാക്കാൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾക്ക് മുന്നിൽ അവസരങ്ങളുടെ പുത്തൻ ലോകം പരിചയപ്പെടുത്തുന്ന മാധ്യമം എജുകഫെ തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ സരോവരം കാലിക്കറ്റ് ട്രേഡ് സെന്ററിൽ നടക്കും. മാറുന്ന കാലത്തിനനുസരിച്ച് വൈവിധ്യമാർന്ന കരിയർ തിരഞ്ഞെടുക്കാൻ വിദ്യാർഥികൾക്ക് മാർഗനിർദേശം നൽകുന്ന മാധ്യമം എജുകഫെ രാവിലെ 10.30 ന് ഡോ. എം.കെ. മുനീർ എം.എൽ.എ ഉദ്ഘാടനം ചെയ്യും.
വിദ്യാർഥികൾക്ക് പുതിയ അവസരങ്ങൾ പരിചയപ്പെടുക്കുന്ന സ്റ്റാളുകളുടെ ഉദ്ഘാടനം രാവിലെ 9.30ന് നടക്കും. മികച്ച കരിയർ കണ്ടെത്താനും വിജയം നേടാനും കൃത്യമായ മാർഗനിർദേശം ലഭിക്കുന്ന എജുകഫെയിൽ വിദ്യാർഥികളുടെ വ്യക്തിത്വ -കരിയർ -നൈപുണ്യ വികസനം ലക്ഷ്യമിട്ടുള്ള സെഷനുകളാണ് ഉൾക്കൊള്ളിച്ചിട്ടുള്ളത്. എജുകഫെ ചൊവ്വാഴ്ച വൈകീട്ട് അഞ്ചിന് സമാപിക്കും.
ഉന്നതപഠനം ആഗ്രഹിക്കുന്ന ഏത് വിദ്യാർഥിക്കുമുള്ള കരിയർ സംശയങ്ങൾക്കുള്ള ഉത്തരങ്ങളും എജുകഫെയിലുണ്ടാകും. രക്ഷിതാക്കൾക്കും അധ്യാപകർക്കുമായി പ്രത്യേക സെഷനുകളും. മത്സര പരീക്ഷകളെക്കുറിച്ച് രജീഷ് തേറത്ത്, ഉന്നത വിദ്യാഭ്യാസം ഭൂതം, വർത്തമാനം, ഭാവി വിഷയത്തിൽ ഡോ. എം.കെ. അബ്ദുൽ ഖാദർ, ഡോ. ജി. ശ്രീകുമാർ മേനോൻ ഐ.ആർ.എസ് എന്നിവരുടെ ക്ലാസുകളാണ് ആദ്യ രണ്ടു സെഷനുകൾ.
തുടർന്ന് മോട്ടിവേഷൻ സ്പീക്കർ സഹ്ല പർവീൻ, സൈക്കോളജിസ്റ്റുകളായ അമീന സിതാര, എം.എം. അനഖ, റുഖിയ സൽമ എന്നിവർ നയിക്കുന്ന സൈക്യാട്രിക് ചാറ്റ് ഷോ, കരിയർ സ്പെഷലിസ്റ്റ് അനിൽ കെ. സുരേഷ്, പഠനവിദ്യകളെക്കുറിച്ച് രാജ് കലേഷ് എന്നിവർ ക്ലാസുകളെടുക്കും.
രണ്ടാം ദിവസം മോട്ടിവേഷൻ സ്പീക്കർ അഖിലാ ആർ. ഗോമസ്, വ്ലോഗർ ബാസിം പ്ലേറ്റ്, വിദ്യാഭ്യാസ വിചക്ഷണൻ പ്രഫ. ഇമ്പിച്ചിക്കോയ, സാമൂഹിക പ്രവർത്തകനും വ്യവസായിയുമായ ബോബി ചെമ്മണ്ണൂർ(ബോച്ചെ), സി.എം. മഹ്റൂഫ്, ഡോ. ഷെരീഫ് പൊവ്വൽ, കെ.പി. ലുഖ്മാൻ, സുലൈമാൻ മേൽപത്തൂർ എന്നിവർ വിദ്യാർഥികളുമായി സംവദിക്കും.
എജുകഫെയുടെ രജിസ്ട്രേഷൻ നടപടികൾ പുരോഗമിക്കുകയാണ്. ക്യു.ആർ കോഡ് സ്കാൻ ചെയ്തോ www.myeducafe.com എന്ന വെബ്സൈറ്റ് വഴിയോ വിദ്യാർഥികൾക്കും അധ്യാപകർക്കും രക്ഷിതാക്കൾക്കും എജുകഫെയിൽ രജിസ്റ്റർ ചെയ്യാം. രജിസ്ട്രേഷനും പ്രവേശനവും സൗജന്യമായിരിക്കും.
സരോവരം ട്രേഡ് സെന്ററിലേക്ക് വാഹന സൗകര്യം
ഏപ്രിൽ 22, 23 തീയതികളില് കോഴിക്കോട് സരോവരം ബയോ പാർക്കിന് സമീപമുള്ള കാലിക്കറ്റ് ട്രേഡ് സെന്ററിൽ നടക്കുന്ന കേരളത്തിലെയും ഗൾഫ് നാടുകളിലെയും ഏറ്റവും വലിയ എജുക്കേഷൻ ഫെയർ ‘മാധ്യമം’ എജുകഫെയിൽ പങ്കെടുക്കാനെത്തുന്നവർക്ക് സൗജന്യ വാഹന സൗകര്യം ലഭ്യമാക്കും. വാഹന സൗകര്യം ആവശ്യമുള്ളവർ കോഴിക്കോട് മാവൂർ റോഡിൽ പുതിയ ബസ് സ്റ്റാൻഡിന് സമീപം സിറ്റി ഒപ്റ്റിക്കൽസിന് സമീപം എത്തണം. രാവിലെ ഒമ്പതു മുതൽ സർവിസ് ആരംഭിക്കും. ഫോൺ: 9446734681.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.