ഏത് കോഴ്സ് വേണം? കൺഫ്യൂഷൻ തീർക്കാൻ ‘സിജി’ ടീം
text_fieldsകോഴിക്കോട്: കേരളത്തിലെ ഏറ്റവും വലിയ വിദ്യാഭ്യാസ മേളയായ മാധ്യമം എജുകഫെയുടെ രജിസ്ട്രേഷൻ അവസാനഘട്ടത്തിലെത്തിനിൽക്കെ വിദ്യാർഥികളിൽനിന്ന് മികച്ച പ്രതികരണം. മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്ന വിദ്യാർഥികൾക്കായി നിരവധി ഓഫറുകൾ എജുകഫെയുടെ വേദിയിൽ കാത്തിരിക്കുന്നുണ്ട്.
വിദ്യാർഥികളുടെ സെഷനുകൾക്കുപുറമെ മക്കളുടെ ഉപരിപഠനവുമായി ബന്ധപ്പെട്ട് ആശങ്കയിൽ കഴിയുന്ന രക്ഷിതാക്കൾക്കും അധ്യാപകർക്കുമായി പ്രത്യേകം സെഷനുകളും എജുകഫെയിൽ കാത്തിരിക്കുന്നുണ്ട്.
വിദ്യാർഥികളുടെ അഭിരുചി ശാസ്ത്രീയമായി നിർണ്ണയിച്ച് ഉപരിപഠനവും കരിയറും തെരഞ്ഞെടുക്കുന്നതിനായി ‘സിജി’ (സെന്റർ ഫോർ ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ഇന്ത്യ) നടത്തുന്ന പ്രവർത്തനങ്ങൾ ചെറുതല്ല. ഉപരിപഠനത്തിനായി ഏത് കോഴ്സ് തെരഞ്ഞെടുക്കണം എന്ന ആശങ്കയിൽ കഴിയുന്ന വിദ്യാർഥികൾക്കായി ‘സിജി’യുടെ പ്രത്യേക സെഷൻ എജുകഫെയിലുണ്ടാകും. ‘സിജി’യിലെ പ്രമുഖ ഫാക്കൽറ്റികളായിരിക്കും ക്ലാസ് നയിക്കുക.
കഴിഞ്ഞ 20 വർഷത്തിലധികമായി സിജി വിദ്യാഭ്യാസ രംഗത്തുണ്ടാക്കിയ ചലനങ്ങൾ ചർച്ചചെയ്യാനും എജുകഫെ വേദിയാകും. ‘വോയേജ് ടു സക്സസ്; എ കരിയർ ചാറ്റ്’ എന്ന വിഷയത്തിൽ സിജി ഫാക്കൽറ്റികൾ സംസാരിക്കും. ഒരു ക്ലാസ് എന്നതിനപ്പുറം സംവാദങ്ങൾക്കും ആശയ കൈമാറ്റത്തിനുമുള്ള വേദികൂടിയാവും അത്.
അതുകൂടാതെ ന്യൂജൻ കോഴ്സുകളടക്കമുള്ള കരിയറുകളെക്കുറിച്ച് വിദ്യാർഥികളെയും രക്ഷിതാക്കളെയും ബോധവൽക്കരിക്കുക എന്നതുകൂടിയാണ് ഈ സെഷന്റെ ലക്ഷ്യം. സെഷന്റെ ഭാഗമായി സിഡാറ്റ് - സിജി ഡിഫറൻഷ്യൽ ആപ്റ്റിട്യൂഡ് ടെസ്റ്റും എജു കഫെയുടെ സ്റ്റാളിൽ നിങ്ങൾക്കായി സജീകരിച്ചിട്ടുണ്ട്. കരിയർ വിദഗ്ധരോട് സംശയങ്ങൾ നേരിട്ട് ചോദിച്ചറിയാനും സൗകര്യമുണ്ടാകും. കൂടാതെ നിരവധി മറ്റ് സെഷനകളും എജുകഫെയുടെ ഭാഗമായി നടക്കും.
എ.പി.എം. മുഹമ്മദ് ഹനീഷ് ഐ.എ.എസ്, മെന്റലിസ്റ്റ് ആദി, രാജമൂർത്തി, ഡോ. മാണി പോൾ, ഡോ. സുലൈമാൻ മേൽപത്തൂർ, മഹ്റൂഫ് സി.എം, ഉമർ അബ്ദുസ്സലാം, നിഷാദ് റാവുത്തർ തുടങ്ങി നിരവധി പ്രമുഖർ എജുകഫെയിൽ വിദ്യാർഥികളുമായി സംവദിക്കും.
ഇത്തവണ നാല് വേദികളിലായാണ് എജുകഫെ അരങ്ങേറുക. മലപ്പുറത്ത് കോട്ടക്കൽ രാജാസ് സ്കൂൾ ഗ്രൗണ്ടിൽ ഏപ്രിൽ 26, 27 തീയതികളിലും കോഴിക്കോട് ബീച്ചിന് സമീപം ഇന്റസ് ഗ്രൗണ്ടിൽ ഏപ്രിൽ 29, 30 തീയതികളിലുമാവും എജുകഫെ. മേയ് 8, 9 തീയതികളിൽ കൊച്ചിയിൽ കലൂർ സ്റ്റേഡിയത്തിന് സമീപവും മേയ് 11, 12 തീയതികളിൽ കണ്ണൂർ കലക്ടറേറ്റ് ഗ്രൗണ്ടിലും വിദ്യാഭ്യാസമേള അരങ്ങേറും.
നൽകിയിരിക്കുന്ന ക്യു.ആർ കോഡ് സ്കാൻ ചെയ്തോ www.myeducafe.com എന്ന വെബ്സൈറ്റ് വഴിയോ വിദ്യാർഥികൾക്കും അധ്യാപകർക്കും രക്ഷിതാക്കൾക്കും എജുകഫെയിൽ രജിസ്റ്റർ ചെയ്യാം. രജിസ്ട്രേഷനും പ്രവേശനവും സൗജന്യമാണ്. വാട്സപ്പ് വഴി രജിസ്റ്റർ ചെയ്യാനുള്ള നമ്പർ: 9645007172.
എ.ഐ സാധ്യതകളുമായി ഉമർ അബ്ദുസ്സലാം എത്തും
കോഴിക്കോട്: മാധ്യമം എജുകഫെ വിജ്ഞാന മഹാമേളയിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ലോകത്തെ പുത്തൻ സാധ്യതകളും വിശേഷങ്ങളും വിദ്യാർഥികളുമായി പങ്കുവെക്കാൻ ഉമർ അബ്ദുസ്സലാം എത്തുന്നു.
എഡാപ്റ്റ് ലേണിങ് ആപ്പ് സ്ഥാപകനും സി.ഇ.ഒയുമായ ഉമർ അബ്ദുസ്സലാം എ.ഐ രംഗത്തെ പുത്തൻ കരിയർ സാധ്യതകളെക്കുറിച്ചും ചാറ്റ് ജി.പി.ടി അടക്കമുള്ളവയെക്കുറിച്ചും എജുകഫെ വേദിയിൽ സംവദിക്കും.
ഡിജിറ്റൽ രംഗത്ത് അതിവേഗം വളരുന്ന മറ്റ് പല രാജ്യങ്ങളെപ്പോലെ കേരളത്തെയും മാറ്റിയെടുക്കുക എന്നതാണ് ഉമർ അബ്ദുസ്സലാമിന്റെ സ്വപ്നം. ഈ സ്വപ്നത്തിനു പിന്നാലെ സഞ്ചരിച്ച് ഡിജിറ്റൽ മേഖലയിലും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേഖലയിലും ഗവേഷണങ്ങൾ നടത്തി പുത്തൻ സാധ്യതകൾ കണ്ടെത്തിക്കൊണ്ടിരിക്കുകയാണ് അദ്ദേഹം.
ഇനിയുള്ള ലോകം ആർട്ടിഷിഷ്യൽ ഇന്റലിജൻസിന്റേതാണെന്ന് പറയുമ്പോൾ പേടിക്കുന്ന ആളുകളുടെ കൂട്ടത്തിൽ നിൽക്കാനല്ല ഉമർ ഇഷ്ടപ്പെടുന്നത്. മറിച്ച് ഈ പുത്തൻ സംവിധാനങ്ങളെയും സാധ്യതകളെയും സാമൂഹിക വികസനത്തിനും പുതിയ കരിയർ സാധ്യതൾക്കും മുതൽകൂട്ടാവുന്ന രീതിയിൽ മാറ്റിയെടുക്കാനാണ് അദ്ദേഹം ശ്രമിച്ചുകൊണ്ടിരിക്കുന്നത്.
എജുകഫെയുടെ വേദിയിൽ ഉമർ അബ്ദുസ്സലാം എത്തുമ്പോൾ അത് പുതിയൊരു ലോകത്തേക്ക് വിദ്യാർഥികൾക്ക് നടന്നടുക്കാനുള്ള അവസരംകൂടിയാവും. നിരവധി പ്രമുഖരാണ് എജുകഫെയുടെ പുതിയ സീസണിൽ വിദ്യാർഥികളുമായി സംവദിക്കാനെത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.