അറ്റകുറ്റപ്പണി: സി.എച്ച്, എ.കെ.ജി പാലങ്ങൾ മദ്രാസ് ഐ.ഐ.ടി പരിശോധിക്കുന്നു
text_fields
കോഴിക്കോട്: പൊളിഞ്ഞുവീഴൽ ഭീഷണിയുള്ള കോഴിക്കോട് നഗരത്തിലെ സി.എച്ച്, എ.കെ.ജി മേൽപാലങ്ങൾ മദ്രാസ് ഐ.ഐ.ടി സംഘം പരിശോധിക്കുന്നു. പുനരുദ്ധാരണം നടത്തുന്നതിെൻറ ഭാഗമായാണ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി വിദഗ്ധരും കേരള ഹൈവേ റിസർച് ഇൻസ്റ്റിറ്റ്യൂട്ടും പരിശോധന നടത്തുന്നത്. റിപ്പോർട്ട് വന്നാലുടൻ ടെൻഡർ നടപടികൾ പൂർത്തിയാക്കി അറ്റകുറ്റപ്പണി ആരംഭിക്കുമെന്ന് ജില്ലകലക്ടർ എൻ. തേജ് ലോഹിത് റെഡ്ഢി അറിയിച്ചു. ഇതിെൻറ ഭാഗമായി സി.എച്ച് ബ്രിഡ്ജിനടിയിലെ കടമുറികൾ ഒഴിപ്പിക്കും. നൂറോളം കടകളാണ് പാലത്തിന് ചുവട്ടിലുള്ളത്. കടയൊഴിപ്പിക്കൽ നടപടികൾക്ക് പൊതുമരാമത്ത് മന്ത്രി ജില്ല കലക്ടറെ ചുമതലപ്പെടുത്തി.
സി.എച്ച് ഓവർ ബ്രിഡ്ജിെൻറ ചുവട്ടിൽ ജീവന് ഭീഷണിയാവും വിധത്തിലാണ് സ്ലാബുകൾ അടർന്നുവീഴുന്നത്. പാലത്തിനടിയിൽ റൂമുകളാക്കിത്തിരിച്ച് കോർപറേഷൻ വാടകക്ക് നൽകിയിരിക്കുകയാണ്. ഈ കടകൾ പൊളിച്ചുമാറ്റണമെന്നാണ് പി.ഡബ്ല്യൂ.ഡി ആവശ്യപ്പെടുന്നത്. എങ്കിലേ ഇതിെൻറ പരിശോധന നടത്താനാവൂ എന്ന് കഴിഞ്ഞ ദിവസം പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് വിളിച്ചുചേർത്ത യോഗത്തിൽ സൂപ്രണ്ടിങ് എന്‍ജിനീയര്‍ പറഞ്ഞിരുന്നു. കടകളും കെട്ടിടങ്ങളും ഉള്ളതിനാല്‍ സമയാസമയങ്ങളില്‍ പാലം പരിശോധന നടത്താന്‍ സാധിക്കുന്നില്ലെന്നാണ് പി.ഡബ്ല്യൂ.ഡി വിഭാഗം പറയുന്നത്. പല കടകൾക്കുള്ളിലും പുറത്തും സ്ലാബിെൻറ വലിയ കഷണങ്ങൾ പൊളിഞ്ഞുവീഴുന്നുണ്ട്. താഴെ നിർത്തിയിടുന്ന വാഹനങ്ങൾ തകരൽ പതിവാണെന്ന് കച്ചവടക്കാർ പറയുന്നു. നിർമിച്ചശേഷം കാര്യമായ അറ്റകുറ്റപ്പണികൾ നടന്നിട്ടില്ല. പരിപാലനമില്ലാത്തതിനാൽ പാലത്തിെൻറ കമ്പികൾവരെ അടരുന്ന അവസ്ഥയിലാണ്. പുഷ്പ ജങ്ഷനിലെ എ.കെ.ജി മേൽപാലവും ഇതേ അവസ്ഥിയിലാണ്.
പൊതുമരാമത്ത് ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസിെൻറ അധ്യക്ഷതയില്‍ കഴിഞ്ഞ ദിവസം ഇൗ വിഷയത്തിൽ ചേര്‍ന്ന യോഗത്തിലാണ് പാലങ്ങൾ ഉടൻ നന്നാക്കാൻ തീരുമാനം. പാലങ്ങളുടെ നിലവിലെ അവസ്ഥയെ കുറിച്ച് യോഗം വിലയിരുത്തുകയും അസി. എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ പാലങ്ങളുടെ ചിത്രം ഉള്‍പ്പെടുന്ന റിപ്പോര്‍ട്ട് അവതരിപ്പിക്കുകയും ചെയ്തു. പൊതുമരാമത്ത് വകുപ്പ് ബ്രിഡ്ജസ് ചീഫ് എന്‍ജിനീയര്‍ എസ്. മനോമോഹന്‍, സൂപ്രണ്ടിങ് എന്‍ജിനീയര്‍ പി.കെ. മിനി, എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ ബെന്നി ജോണ്‍, കെ.എച്ച്.ആര്.ഐ ജോയൻറ് ഡയറക്ടര്‍ ജോസഫ്, കെ.എച്ച്.ആര്.ഐ ഡെപ്യൂട്ടി ഡയറക്ടര്‍ സോണി, ബ്രിഡ്ജ് കോഴിക്കോട് ഡിവിഷന് അസി. എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ പി.ബി. ബൈജു, അസി. എന്‍ജിനീയര്‍ അമല്‍ജിത് തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.