മലബാർ റിവർ ഫെസ്റ്റിവൽ 29 മുതൽ
text_fieldsകോഴിക്കോട്: മലയോരമേഖലയുടെ ഉത്സവമായ മലബാർ റിവർ ഫെസ്റ്റിവലിന് ആരംഭം കുറിക്കാൻ ഇനി ദിവസങ്ങൾ മാത്രം. കുതിച്ചൊഴുകുന്ന ഇരുവഴിഞ്ഞിക്കും ചാലിപ്പുഴക്കും മേലേ അതിസാഹസികതയുടെ കൈയൊപ്പ് ചാർത്തുന്ന അഭ്യാസപ്രകടനങ്ങൾ കാണാൻ കോടഞ്ചേരിയിലേക്ക് സഞ്ചാരികളെത്തും. ഫെസ്റ്റിവലിനെ വരവേൽക്കാൻ മലയോരം ഒരുങ്ങി. ജൂലൈ 29 മുതൽ വിവിധ പരിപാടികളാണ് പുഴയുത്സവത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നത്.
ഫെസ്റ്റിവലിന്റെ ഭാഗമായി ചാലിപ്പുഴയിലും ഇരുവഴിഞ്ഞിപ്പുഴയിലും നടക്കുന്ന അന്താരാഷ്ട്ര വൈറ്റ് വാട്ടർ കയാക്കിങ് ചാമ്പ്യൻഷിപ്പിന് മുന്നോടിയായി ഓമശ്ശേരി റൊയാഡ് ഫാം ഹൗസിൽ ജൂലൈ 29ന് മഡ് ഫുട്ബാൾ ടൂർണമെന്റും കോടഞ്ചേരിയിൽനിന്നും പുല്ലൂരാംപാറയിലേക്ക് ക്രോസ് കൺട്രി മത്സരവും നടക്കും.
ജൂലൈ 30ന് കോഴിക്കോട്ടുനിന്നും കൽപറ്റയിൽനിന്നും അരീക്കോട് നിന്നും പുലിക്കയത്തേക്ക് സൈക്ലിങ് ടൂറും കോടഞ്ചേരിയിൽ ട്രിലത്തോൺ മത്സരവും സംഘടിപ്പിക്കും. തുഷാരഗിരിയിൽനിന്ന് കക്കാടംപൊയിലിലേക്ക് മഴനടത്തവുമുണ്ടാകും. ജൂലൈ 31 മുതൽ ആഗസ്റ്റ് ആറുവരെ ചിത്രകാരൻ കെ.ആർ. ബാബുവിന്റെ നേതൃത്വത്തിൽ തിരുവമ്പാടി തമ്പലമണ്ണയിൽ ചിത്രപ്രദർശനവും നടക്കും.
ആഗസ്റ്റ് രണ്ടിനും മൂന്നിനും പൂവാറംതോട് നിന്നും കക്കാടംപൊയിലിലേക്ക് ഓഫ് റോഡ് എക്സ്പഡീഷനും നടക്കും. ആഗസ്റ്റ് മൂന്നിന് പൂവാറംതോട് പട്ടം പറത്തൽ മത്സരവുമുണ്ടാവും. കേരള അഡ്വഞ്ചർ ടൂറിസം പ്രമോഷൻ സൊസൈറ്റി, ജില്ല ടൂറിസം പ്രമോഷൻ കൗൺസിൽ, ഇന്ത്യൻ കയാക്കിങ് ആൻഡ് കനോയിങ് അസോസിയേഷൻ എന്നിവയുമായി ചേർന്ന് ടൂറിസം സാധ്യതകളുടെ വികസനം ലക്ഷ്യമിട്ടാണ് കയാക്കിങ് മത്സരങ്ങൾ നടത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.