മലമ്പനി: പ്രതിരോധം ഊര്‍ജിതമാക്കണമെന്ന് ആരോഗ്യവകുപ്പ്
text_fieldsകോഴിക്കോട്: മഴക്കാലം കണക്കിലെടുത്ത്, കൊതുകുമൂലം പടരുന്ന മലമ്പനി പ്രതിരോധിക്കുന്നതിനുള്ള ശ്രമങ്ങള്‍ ഊർജിതമാക്കണമെന്ന് ആരോഗ്യവകുപ്പ്. അനോഫിലസ് വിഭാഗത്തിൽപെട്ട പെണ് കൊതുകുകളാണ് മലമ്പനി പരത്തുന്നത്.
പനിയോടൊപ്പം ശക്തമായ കുളിരും തലവേദനയും പേശീവേദനയുമാണ് പ്രാരംഭ ലക്ഷണം. വിറയലോടെ ആരംഭിച്ച് ശക്തമായ പനിയും വിറയലും ദിവസേനയോ ഒന്നിടവിട്ട ദിവസങ്ങളിലോ ആവര്‍ത്തിക്കാം. ഇതോടൊപ്പം മനംപിരട്ടല്‍, ഛർദി, ചുമ, ത്വക്കിലും കണ്ണിലും മഞ്ഞനിറം എന്നിവയും ഉണ്ടാകാം. ഈ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടൻ അടുത്തുള്ള ആരോഗ്യ കേന്ദ്രത്തിലെത്തി രക്തപരിശോധനയും ചികിത്സയും തേടണം. മറ്റു സംസ്ഥാനങ്ങള്‍ സന്ദര്ശിച്ചുവരുന്നവരില് പനിയുടെ ലക്ഷണം കാണുകയാണെങ്കില്‍ മലമ്പനിയുടെ രക്തപരിശോധന ചെയ്യുന്നത് ഉചിതമാണ്.
സര്‍ക്കാര്‍ ആശുപത്രികളില്‍ മലമ്പനിയുടെ രോഗനിര്‍ണയവും ചികിത്സയും സൗജന്യമാണ്. കൊതുകുകളുടെ പ്രജനന കേന്ദ്രങ്ങള്‍ കണ്ടെത്തി നശിപ്പിക്കുക, കൊതുകുകടി ഏല്‍ക്കാതിരിക്കാനുള്ള സുരക്ഷ മാര്‍ഗങ്ങള്‍ ഉപയോഗിക്കുക തുടങ്ങിയ കാര്യങ്ങളും ശ്രദ്ധിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.