എ.ഡി.ജി.പിയെക്കുറിച്ചുള്ള എം.എൽ.എയുടെ വെളിപ്പെടുത്തൽ; മാമി കേസന്വേഷണവും വിവാദത്തിൽ
text_fieldsകോഴിക്കോട്: സംസ്ഥാനത്തിന്റെ ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി എം.ആർ. അജിത്ത് കുമാറിനെതിരെ ഭരണകക്ഷി എം.എൽ.എ പി.വി. അൻവറിന്റെയും മലപ്പുറം മുൻ എസ്.പി സുജിത്ത്ദാസിന്റെയും ഫോൺ സംഭാഷണ ‘വെളിപ്പെടുത്തൽ’ പുറത്തുവന്നതോടെ മുഹമ്മദ് ആട്ടൂർ (മാമി) തിരോധാന കേസന്വേഷണവുമായി ബന്ധപ്പെട്ടും വിവാദം. കോഴിക്കോട്ടെ റിയൽ എസ്റ്റേറ്റ് ബിസിനസുകാരനായ മുഹമ്മദ് ആട്ടൂരിനെ 2023 ആഗസ്റ്റിലാണ് കാണാതായത്. നടക്കാവ് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ഒരുവർഷമായിട്ടും അന്വേഷണം എങ്ങുമെത്താത്തതോടെ, മാമിയുടെ ബന്ധുക്കളും ആക്ഷൻ കമ്മിറ്റി ഭാരവാഹികളും മുഖ്യമന്ത്രിയെ നേരിൽകണ്ട് നിവേദനം നൽകിയിരുന്നു.
തുടർന്ന് എ.ഡി.ജി.പി എം.ആർ. അജിത്ത്കുമാർ ഉത്തരവിറക്കി രൂപവത്കരിച്ച അന്വേഷണ സംഘത്തിന്റെ തലവനായി നിശ്ചയിച്ചത് മലപ്പുറം എസ്.പി ടി. ശശിധരനെയാണ്. കോഴിക്കോട് നഗരത്തിലെ കേസന്വേഷണത്തിന്റെ മേൽനോട്ട ചുമതലയിൽനിന്ന് സിറ്റി പൊലീസ് മേധാവിയായിരുന്ന രാജ്പാൽ മീണയെ ഒഴിവാക്കി പകരം മലപ്പുറം എസ്.പിയെ നിയോഗിച്ചതെന്തിനാണെന്ന ചോദ്യമാണ് അന്നുയർന്നത്.
മലപ്പുറം എസ്.പി ടി. ശശിധരൻ എ.ഡി.ജി.പിയുടെ ‘സ്വന്തം ആളാണെന്ന്’ പി.വി. അൻവർ എം.എൽ.എയുടെയും മലപ്പുറം മുൻ എസ്.പി സുജിത്ത്ദാസിന്റെയും മൊബൈൽ ഫോൺ സംഭാഷണത്തിലുണ്ട്. മാത്രമല്ല, സർക്കാറിനെതിരെ നിരന്തരം തെറ്റായ പ്രചാരണങ്ങൾ നടത്തുന്ന ‘മറുനാടൻ മലയാളി’ ന്യൂസ് പോർട്ടൽ മേധാവി ഷാജൻ സ്കറിയക്ക് അദ്ദേഹത്തിനെതിരായ നിയമ നടപടികൾ ചോർത്തിനൽകിയത് അജിത്ത് കുമാറാണ്, മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിയുടെ വലംകൈയാണ് അജിത് കുമാർ എന്നുമുള്ള ആരോപണവും പുറത്തുവന്ന ഫോൺ സംഭാഷണത്തിലുണ്ട്. ഇതോടെ മുഹമ്മദ് ആട്ടൂർ തിരോധാന കേസന്വേഷണത്തിൽ അജിത്കുമാർ മറ്റാർക്കെങ്കിലും വേണ്ടി ഇടപെടൽ നടത്തിയോ, അതോ അത്തരത്തിൽ ഇടപെടാനാണോ കോഴിക്കോട്ടെ പൊലീസ് മേധാവിക്കു പകരം മലപ്പുറം എസ്.പിക്ക് അന്വേഷണസംഘത്തിന്റെ മേൽനോട്ട ചുമതല നൽകിയത് തുടങ്ങിയ ചോദ്യങ്ങളാണ് ആക്ഷൻ കമ്മിറ്റിയും മാമിയുടെ ബന്ധുക്കളും ഉയർത്തുന്നത്.
തുടക്കത്തിൽ കേസന്വേഷിച്ചിട്ട് കാര്യമായ പുരോഗതിയൊന്നും ഉണ്ടാക്കാൻ കഴിയാതിരുന്ന അന്നത്തെ നടക്കാവ് ഇൻസ്പെക്ടറെ അന്വേഷണ ചുമതലയിൽനിന്ന് മാറ്റണമെന്ന് മുഹമ്മദ് ആട്ടൂരിന്റെ കുടുംബമടക്കം ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ലോക്സഭ തെരഞ്ഞെടുപ്പിനുശേഷം മെഡിക്കൽ കോളജ് ഇൻസ്പെക്ടറായി ചുമതലയേറ്റ ഇദ്ദേഹത്തെ വീണ്ടും പുതിയ അന്വേഷണ സംഘത്തിൽ എ.ഡി.ജി.പി ഉൾപ്പെടുത്തി. ഇതുസംബന്ധിച്ച ആക്ഷേപങ്ങൾ നിലനിൽക്കെയാണ്, മറ്റാരുടെയോ താൽപര്യങ്ങൾ പരിഗണിച്ചാണോ പ്രത്യേക അന്വേഷണ സംഘത്തിലേക്ക് ഉദ്യോഗസ്ഥരെ നിയോഗിച്ചത് എന്ന് സംശയമുയർന്നത്. പുതിയ സംഘത്തിനും കേസിൽ ഇതുവരെ കാര്യമായ ചലനമുണ്ടാക്കാനായിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.