ഇൻസ്റ്റഗ്രാമിലൂടെ യുവതിയെ പരിചയപ്പെട്ട് എ.ടി.എം കാർഡ് കൈക്കലാക്കി പണം തട്ടിയയാൾ അറസ്റ്റിൽ
text_fieldsകോഴിക്കോട്: ഇൻസ്റ്റഗ്രാമിലൂടെ യുവതിയെ പരിചയപ്പെട്ട് എ.ടി.എം കാർഡ് കൈക്കലാക്കി പണം തട്ടിയയാൾ അറസ്റ്റിൽ. തങ്ങൾസ് റോഡ് ചാപ്പയിൽ തലനാർതൊടുകയിൽ അറഫാനെ(19)യാണ് കസബ സി.ഐ എൻ. പ്രജീഷിെൻറ നേതൃത്വത്തിൽ അറസ്റ്റ്ചെയ്തത്.
എ.ടി.എം കാർഡ് വീട്ടിൽ തന്നെയുണ്ടായിട്ടും അക്കൗണ്ടിൽനിന്ന് പണം നഷ്ടമായെന്നായിരുന്നു നഗരത്തിലെ 50കാരി കസബ പൊലീസിൽ പരാതിപ്പെട്ടത്. നാല് തവണയായി അക്കൗണ്ടിൽനിന്ന് 44,000 രൂപ നഷ്ടപ്പെട്ടു. കല്ലായി റോഡ്, ഫോക്കസ് മാൾ, ചെറൂട്ടി റോഡ് എന്നിവിടങ്ങളിലെ എ.ടി.എം കൗണ്ടറുകളിൽനിന്നാണ് പിൻവലിച്ചത്. സി.സി.ടി.വി ദൃശ്യം പരിശോധിച്ചപ്പോൾ യുവാവ് പണം പിൻവലിക്കുന്ന ദൃശ്യങ്ങൾ ലഭിച്ചു. ദൃശ്യം പിന്തുടർന്നുള്ള അന്വേഷണത്തിൽ പ്രതിയെ തിരിച്ചറിയുകയായിരുന്നു.
മുമ്പ് പരാതിക്കാരിയുടെ അയൽവാസിയായിരുന്ന പ്രതി അവരുടെ ഇളയമകളുമായി ഇൻസ്റ്റഗ്രാമിൽ പരിചയപ്പെട്ടിരുന്നു. ഈ സൗഹൃദം മുതലെടുത്ത് എ.ടി.എം കൈക്കലാക്കി. 500 രൂപ എ.ടി.എമ്മിൽനിന്ന് പിൻവലിക്കാൻ പെൺകുട്ടി ഇയാളുടെ സഹായം തേടിയപ്പോൾ പിൻ നമ്പർ മനസ്സിലാക്കിയായിരുന്നു തട്ടിപ്പ്. കാർഡ് തിരിച്ചുകൊടുക്കാതെ ബാക്കി തുക പിൻവലിച്ചതായി അന്വേഷണത്തിൽ കണ്ടെത്തി. വിവിധ കേസുകളിൽ നേരത്തേ പ്രതിയാണ്. എസ്.ഐ ശ്രീജിത്ത്, പൊലീസുകാരായ സുധർമൻ, ഷെറീനാബി, ടൗൺ സ്റ്റേഷനിലെ സി.പി.ഒ അനൂജ്, സജീവൻ എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.