വിഡിയോ ചിത്രീകരണത്തിനിടെ യുവാവ് മരിച്ച സംഭവം; കാറോടിച്ചയാൾ അറസ്റ്റിൽ
text_fieldsകോഴിക്കോട്: കാർ റേസിങ് റീൽസ് ചിത്രീകരിക്കുന്നതിനിടെ അമിത വേഗതയിലെത്തിയ കാറിടിച്ച് യുവാവ് ദാരുണമായി മരിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. കാറോടിച്ച മഞ്ചേരി സ്വദേശി സാബിത്ത് റഹ്മാനെയാണ് വെള്ളയിൽ പൊലീസ് അറസ്റ്റുചെയ്തത്. ബീച്ച് റോഡിൽ വെള്ളയിൽ പൊലീസ് സ്റ്റേഷന് സമീപം ചൊവ്വാഴ്ച രാവിലെ ആറരയോടെയാണ് അപകടം.
വടകര കടമേരി ആർ.എ.സി ഹൈസ്കൂളിന് സമീപം വേളത്ത് താഴെകുനി നെടുഞ്ചാലിൽ സുരേഷിന്റെ ഏക മകൻ ആൽവിനാണ് (21) മരിച്ചത്. നഗരത്തിലെ സ്വകാര്യ സ്ഥാപനത്തിന്റെ പ്രമോഷനായി ഡിഫൻഡർ, ബെൻസ് ജി ക്ലാസ് കാറുകളുടെ റേസിങ് വീഡിയോ ആൽവിൻ റോഡിൽ നിന്ന് ചിത്രീകരിക്കുന്നതിനിടയിൽ വാഹനം ഇടിച്ചുകയറുകയായിരുന്നു.
ബെൻസ് ജി ക്ലാസ് കാറാണ് ഇടിച്ചത് എന്ന് വ്യക്തമായതോടെയാണ് ഈ വാഹനം ഓടിച്ച സാബിത്തിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതും പിന്നീട് അറസ്റ്റ് രേഖപ്പെടുത്തിയതും. അപകടം വരുത്തിയ വാഹനത്തിന് ഇൻഷുറൻസ് പരിരക്ഷയില്ലെന്നാണ് വിവരം. അപകടമുണ്ടാക്കിയ രണ്ടു കാറുകളും നിലവിൽ വെള്ളയിൽ പൊലീസിന്റെ കസ്റ്റഡിയിലാണുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.