അവസാനഘട്ട നവീകരണത്തിൽ മാനാഞ്ചിറ ലിറ്റററി പാർക്ക്
text_fieldsകോഴിക്കോട്: മാനാഞ്ചിറ സ്ക്വയർ നവീകരണത്തിന്റെ അവസാന ഘട്ടമായി ലിറ്റററി പാർക്കും മുഖം മിനുക്കിയൊരുങ്ങുന്നു.
ചളികെട്ടിനിന്ന മോഡൽ ഹൈസ്കൂളിന് മുന്നിലെ ലിറ്റററി പാർക്കിന്റെ കവാടവും പരിസരവും ടൈലിട്ട് ഉയർത്തുന്ന പണി അവസാനഘട്ടത്തിലെത്തി. പാർക്കിൽ സൗണ്ട് സിസ്റ്റം പിടിപ്പിക്കാനുള്ള നടപടിയും ആരംഭിച്ചു. ലിറ്റററി പാർക്കായി മാറിയ പഴയ അൻസാരി പാർക്കിൽ റേഡിയോ കേൾക്കാനും ടി.വി കാണാനും ഏറെ പേർ മുമ്പ് എത്തിയിരുന്നു.
പിന്നീട് മാനാഞ്ചിറ മൈതാനവും ടാഗോർ പാർക്കും ചിറയും കൂട്ടിയോജിപ്പിച്ച് സ്ക്വയർ വന്നതോടെ ഇത് സംഗീത ജലധാരക്ക് വഴിമാറി. അതും കേടായതോടെ പാർക്കിൽ സൗണ്ട് സിസ്റ്റം ഇല്ലാതെയായിരുന്നു. സി.സി.ടി.വി കാമറകൾ ഒരുങ്ങിക്കഴിഞ്ഞു. ശിശു സൗഹൃദവും വയോജന സൗഹൃദവും ഭിന്നശേഷി സൗഹൃദവുമായ വിധമാണ് പാർക്ക് നവീകരിച്ചത്.
ഇതിനായി പ്രത്യേക റാമ്പുകളും മറ്റും തയാറാക്കി. അമൃത് പദ്ധതിയിൽ ബാക്കിയായ പണംകൂടി ഉപയോഗിച്ചാണ് നവീകരണം. വിനോദസഞ്ചാര വകുപ്പിന്റെ 1.7 കോടിയും കേന്ദ്രാവിഷ്കൃത അമൃത് പദ്ധതിയിൽ 80 ലക്ഷവും നഗരസഭ ഫണ്ടും ഉപയോഗിച്ച് നവീകരിച്ച സ്ക്വയർ ഈയിടെ തുറന്നിരുന്നു. മാനാഞ്ചിറ മൈതാനത്ത് നഗരസഭയുടെയും സ്പോർട്സ് കൗൺസിലിന്റെയും രണ്ട് തുറന്ന ജിംനേഷ്യങ്ങൾ, നവീകരിച്ച ബാസ്കറ്റ് ബാൾ കോർട്ട്, പുതിയ വിളക്കുകൾ, ബി.ഇ.എം സ്കൂളിന് മുന്നിലേക്ക് നാലാമത്തെ കവാടം, ശൗചാലയ സമുച്ചയങ്ങൾ തുടങ്ങിയവയെല്ലാമായി അണിഞ്ഞൊരുങ്ങിയ പാർക്കിനോടൊപ്പമാണ് ലിറ്റററി പാർക്കും പുതുമോടിയിലാവുന്നത്.
മലയാളത്തിലെ വിഖ്യാത കൃതികളിലെ കഥാപാത്രങ്ങളെ പരിചയപ്പെടുത്താനായുള്ള ശിൽപങ്ങളാണ് പാർക്കിലെ പ്രത്യേകത. എം.ടിയുടെ രണ്ടാമൂഴത്തിലെ കഥാപാത്രങ്ങളടക്കം നഗരത്തിലെ എഴുത്തുകാരുടെ ആറ് ശിൽപങ്ങളാണ് പാർക്കിൽ നഗരസഭ സ്ഥാപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.