മാനാഞ്ചിറ-വെള്ളിമാട്കുന്ന് റോഡ്; സ്ഥലമെടുപ്പ് 95 ശതമാനം തീർന്നു, ടെൻഡർ ഉടൻ -മന്ത്രി റിയാസ്
text_fieldsവീതി കൂട്ടലിനായി ഏറ്റെടുത്ത സ്ഥലങ്ങളിലെ കെട്ടിടം പൊളിച്ചുനീക്കുന്ന പ്രവൃത്തി നടക്കുന്ന പൂളക്കടവിലെത്തി ഉദ്യോഗസ്ഥരുമായുള്ള കൂടിക്കാഴ്ചക്കുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിരവധി പ്രതിഷേധങ്ങൾക്കും സാങ്കേതിക കടമ്പകൾക്കുംശേഷമാണ് റോഡ് യാഥാർഥ്യത്തിലേക്കെത്തുന്നത്. പലതവണ മുടങ്ങിയെന്ന് കരുതിയ പദ്ധതിയാണിത്.
എല്ലാ നടപടികളും പൂർണമായി എന്നു പറയാനാകില്ലെങ്കിലും ചെറിയ ചില നിയമ, സാങ്കേതിക പ്രശ്നങ്ങൾ കൂടി പരിഹരിക്കാനുണ്ട്. അത് ഉടൻ തീർപ്പാക്കി റോഡ് നിർമാണം ആരംഭിക്കും. എരഞ്ഞിപ്പാലത്തെ ഫ്ലൈ ഓവറിന്റെ നിർമാണം സംബന്ധിച്ച സാങ്കേതിക വിഷയങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. കോഴിക്കോട് നഗരത്തെ കനാൽ സിറ്റി ആക്കി രൂപപ്പെടുത്തുന്നതിന്റെ ഭാഗമായുള്ള ചില സാങ്കേതിക പ്രശ്നങ്ങളാണ് ഇവിടെ പരിഹരിക്കാനുള്ളത്. ഫ്ലൈ ഓവറിന്റെ വിശദ പദ്ധതിരേഖ തയാറാക്കിക്കഴിഞ്ഞു. പ്രവൃത്തി ആരംഭിച്ചാൽ യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തീകരിക്കാനുള്ള ഷെഡ്യൂൾ തയാറാക്കും.
റോഡ് നവീകരണത്തിന് 131 കോടിയുടെ ഭരണാനുമതി 2023 ഒക്ടോബർ 10ന് ലഭ്യമായി. 8.5 കിലോമീറ്റർ റോഡ് ആണിത്. 24 മീറ്റർ വീതിയിലാണ് റോഡ് വികസിപ്പിക്കുന്നത്. ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ എല്ലാം പരിഹരിച്ചു. സർക്കാർ വന്നശേഷം റോഡിന്റെ വികസനം സംബന്ധിച്ച് എല്ലാ മാസവും യോഗം ചേർന്ന് കാര്യങ്ങൾ വിലയിരുത്തി. 7.4 ഹെക്ടർ ഭൂമിയാണ് ഏറ്റെടുത്തത്. 344 കോടി രൂപ ഭൂമി ഏറ്റെടുക്കാൻ ചെലവഴിച്ചു.
വ്യാപാരികളും പൊതുജനങ്ങളും ഇക്കാര്യത്തിൽ വലിയ സഹകരണമാണ് നൽകിയത്. നാലുവരിയിൽ എല്ലാ ആധുനിക സൗകര്യങ്ങളോടും കൂടിയ മോഡൽ റോഡ് ആയാണ് മാനാഞ്ചിറ -വെള്ളിമാടുകുന്ന് റോഡ് വികസിപ്പിക്കുക. റോഡിന്റെ പണി പൂർത്തിയാകുന്നതോടെ കോഴിക്കോടിന്റെ മാത്രമല്ല മലബാറിന്റെ തന്നെ മുഖച്ഛായ മാറുമെന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.