മാനാഞ്ചിറ -വെള്ളിമാട്കുന്ന് റോഡ്: അനുവദിച്ച 50 കോടി എവിടെ?
text_fieldsകോഴിക്കോട്: മാനാഞ്ചിറ -വെള്ളിമാട്കുന്ന് റോഡ് വികസനത്തിന് സർക്കാർ അനുവദിച്ച നൂറുകോടിയിൽ 50 കോടി ഇതുവരെ ലഭിച്ചില്ല. തദ്ദേശ െതരഞ്ഞെടുപ്പിന് മുേമ്പ റിലീസ് ചെയ്തു എന്നറിയിച്ച തുകയാണ് ഇതുവരെ ധനകാര്യ വിഭാഗത്തിൽനിന്ന് ജില്ല കലക്ടുടെ അക്കൗണ്ടിലെത്താത്തത്. തുക കൈമാറിയെന്നറിയിച്ചതിനെ തുടർന്ന് ചേവായൂർ, വേങ്ങേരി വില്ലേജുകളിലെ ഭൂവുടമകൾ അസ്സൽ രേഖകൾ ഹാജരാക്കണമെന്ന് സ്പെഷൽ തഹസിൽദാർ വാർത്തക്കുറിപ്പ് ഇറക്കുക വരെ ചെയ്തിരുന്നു. 2016ലെ തെരഞ്ഞെടുപ്പിന് ശേഷമുള്ള മൂന്നുവർഷക്കാലയളവിൽ 50 കോടി രൂപ മാത്രമാണ് റോഡിന് ലഭിച്ചെതന്ന് റോഡ് ആക്ഷൻ കമ്മിറ്റി ഭാരവഹികൾ അറിയിച്ചു.
പിന്നീട് 2019 മാർച്ചിൽ 100 കോടി അനുവദിച്ചതായി സർക്കാർ ഉത്തരവിറക്കി. 2019 ജൂലൈ 29ന് മലാപ്പറമ്പിൽ ദേശീയപാത ഉപരോധം നടത്തി ആക്ഷൻ കമ്മിറ്റി നേതാക്കൾ അറസ്റ്റ് വരിച്ച സമരത്തിെൻറ തലേന്ന് 100 കോടിയിൽ ആദ്യ ഗഡുവായി 50 കോടി റിലീസ് ചെയ്തുവെങ്കിലും ആറുമാസത്തോളം ട്രഷറിയിൽ തടഞ്ഞുവെച്ച ശേഷമാണ് വിതരണം ചെയ്തത്. രണ്ടാം ഗഡുവായ 50 കോടി രൂപ ഉത്തരവിറക്കി ഒരുവർഷത്തിനുശേഷം തദ്ദേശ തെരഞ്ഞെടുപ്പിന് മുമ്പ് റിലീസ് ചെയ്തതായി എ. പ്രദീപ് കുമാർ എം.എൽ.എ അറിയിച്ചിരുന്നു. ഈ തുകയാണ് ഇതുവരെ കലക്ടറുടെ അക്കൗണ്ടിലേക്ക് എത്താത്തത്. ഈ 50 കോടിയും ബാക്കി വേണ്ട 134.5 കോടിയുമടക്കം മൊത്തം 184.5 കോടി ലഭ്യമാക്കിയാൽ മാത്രമേ ബാക്കിയുള്ള മൂന്ന് ഹെക്ടർ ഭൂമി സർക്കാറിന് ഏറ്റെടുക്കാൻ കഴിയുകയുള്ളൂവെന്നാണ് റോഡ് ഫണ്ട് ബോർഡ് അധികൃതർ അറിയിച്ചത്. 1995ലാണ് റോഡ് നാലുവരി പാതയാക്കി വികസിപ്പിക്കാൻ സംസ്ഥാന സർക്കാർ മാസ്റ്റർ പ്ലാൻ തയാറാക്കിയത്.
2006ൽ സർവേ ചെയ്ത് അതിർത്തിക്കല്ലുകൾ നാട്ടുകയും 2008ൽ ഡോ. തോമസ് ഐസക് ധനമന്ത്രിയായിരിക്കെ നഗരപാത വികസന പദ്ധതിയിൽ ഉൾപ്പെടുത്തി ബജറ്റിൽ പ്രഖ്യാപിക്കുകയും ചെയ്ത റോഡാണിത്. 2011ൽ ഫോർ വൺ വിജ്ഞാപനവും 2013ൽ ആക്ഷൻ കമ്മിറ്റിയുടെ നിരന്തര സമ്മർദത്തെ തുടർന്ന് ഉമ്മൻ ചാണ്ടി സർക്കാർ കരട് വിജ്ഞാപനവും ഇറക്കി റോഡിന് ഏറ്റെടുക്കുന്ന ഭൂമിയുടെ വിലയും നിശ്ചയിച്ച് രണ്ട് വർഷത്തിനുള്ളിൽ മൂന്ന് ഗഡുക്കളായി 64 കോടി രൂപ ലഭ്യമാക്കി സ്ഥലം അക്വിസിഷൻ തുടങ്ങിയതാണ്.
2016ൽ നിയമസഭ തെരഞ്ഞെടുപ്പിൽ വിജയിച്ചു കഴിഞ്ഞാലുടൻ റോഡിെൻറ വികസനം പൂർത്തീകരിക്കുമെന്ന് എം.എൽ.എയും ഇടതുപക്ഷ ജനാധിപത്യ മുന്നണിയും പ്രകടന പത്രികയിൽ ജനങ്ങൾക്ക് ഉറപ്പുനൽകിയതാെണന്നും റോഡിനെ അവഗണിച്ചതിെൻറ കാരണം എ. പ്രദീപ്കുമാർ എം.എൽ.എ ജനങ്ങളോട് തുറന്നുപറയണമെന്നും ആക്ഷൻ കമ്മിറ്റി പ്രസിഡൻറ് ഡോ. എം.ജി.എസ്. നാരായണൻ, സമര സഹായ സമിതി ചെയർമാൻ തായാട്ട് ബാലൻ, വർക്കിങ് പ്രസിഡൻറ് അഡ്വ. മാത്യു കട്ടിക്കാന, ജനറൽ സെക്രട്ടറി എം.പി. വാസുദേവൻ എന്നിവർ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.