രണ്ടേകാൽ കോടിയുടെ പദ്ധതി പ്രഖ്യാപനം വെറുതെ; മഞ്ചക്കൽതോടിന്റെ നെഞ്ച് കലങ്ങിത്തന്നെ
text_fieldsകോഴിക്കോട്: വഞ്ചികളൊഴുകിയിരുന്ന മഞ്ചക്കൽ തോടിന്റെ നെഞ്ചിൽ നിറയെ മാലിന്യവും കളകളുംതന്നെ. കനോലി കനാലിനോടും കല്ലായി പുഴയോടും ചേർന്ന് നഗരത്തിലെ ഏറ്റവും പഴയ ജലഗതാഗത മാർഗങ്ങളിലൊന്നായ തോട്ടിൽ കറുത്തിരുണ്ട വെള്ളത്തിൽ നിറയെ ചണ്ടിയും പ്ലാസ്റ്റിക്കുമെന്ന സ്ഥിതി തുടരുന്നു.
രണ്ടേകാൽ കോടിയുടെ നവീകരണം കോർപറേഷൻ പ്രഖ്യാപിച്ചെങ്കിലും ഒന്നും കാണാനാവാത്ത അവസ്ഥയാണെന്ന് കൗൺസിലർ എൻ.സി. മോയിൻകുട്ടി പറഞ്ഞു. പണം മറ്റു പ്രവൃത്തികൾക്കായി ഉപയോഗിച്ചതാണ് പ്രശ്നമായത്. നിലവിലുള്ള കൗൺസിൽ അധികാരമേറ്റപ്പോൾ അനുവദിച്ച പദ്ധതിയായിരുന്നു തോട് ആഴംകൂട്ടൽ. മണ്ണ് നീക്കാനും പൊട്ടിയ ഭാഗം കെട്ടാനുമായിരുന്നു ഫണ്ട്.
മണ്ണടിഞ്ഞാൽ പ്രദേശമാകെ വെള്ളത്തിനടിയിലാവും. മൂന്നു മീറ്റർ മുതൽ 12 മീറ്റർവരെ വീതിയുള്ള തോട് പലയിടത്തും ഒരു മീറ്ററായി ചുരുങ്ങി. വീതിയുള്ള തോട്ടിൽ പലയിടത്തും കൈയേറ്റം നടന്നതായി പരാതിയുണ്ട്.
മഞ്ചക്കൽ തോട് കടന്നുപോവുന്ന മുഴുവൻ പ്രദേശത്തെയും റെസിഡന്റ്സ് അസോസിയേഷൻ, രാഷ്ട്രീയ കക്ഷി പ്രതിനിധികൾ തുടങ്ങിയവരുടെ യോഗം മേയർ ആറുമാസം മുമ്പ് വിളിച്ചിരുന്നെങ്കിലും ഒന്നും മുന്നോട്ടുപോയില്ല. തോടിനെപ്പറ്റി വിദഗ്ധ സമിതി പരിശോധിച്ച് നടപടിയെടുക്കണമെന്നാണ് കൗൺസിലറടക്കമുള്ളവരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.