വളയം പഞ്ചായത്തിലെ മഞ്ഞപ്പള്ളി ഭൂമി പ്രശ്നം
text_fieldsനാദാപുരം: വളയം മഞ്ഞപ്പള്ളിയിൽ ഉടമസ്ഥാവകാശത്തെ ചൊല്ലി വിവാദത്തിലായ മൂന്നരയേക്കർ തരിശുഭൂമി അളന്നുതിട്ടപ്പെടുത്താൻ വടകര സബ് കോടതിയുടെ ഉത്തരവുമായെത്തിയ കമീഷനെയും സർവേയറെയും ഭൂസംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ നാട്ടുകാർ തടഞ്ഞു.
വ്യാഴാഴ്ച ഉച്ചയോടെ സ്ഥലത്തെത്തിയ ഉദ്യോഗസ്ഥരെ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.പി. പ്രദീഷ്, മെംബർ വി.പി. ശശിധരൻ എന്നിവരുടെ നേതൃത്വത്തിലുള്ള അമ്പതോളം വരുന്ന നാട്ടുകാരാണ് തടഞ്ഞത്. കോടതി ഉത്തരവ് കാണിച്ചിട്ടും പ്രവർത്തകർ വഴങ്ങിയില്ല.
സ്ഥലത്തുണ്ടായിരുന്ന പൊലീസ് ക്രമസമാധാന പ്രശ്നം ഉയർത്തി പിൻമാറുകയായിരുന്നു. ഇതേത്തുടർന്ന് ഉദ്യോഗസ്ഥർ സ്ഥലത്തിന്റെ അതിരുകൾ രേഖപ്പെടുത്തി മടങ്ങി. പതിറ്റാണ്ടുകളായി കോടതി വ്യവഹാരത്തിൽ പെട്ട ഭൂമി നാട്ടുകാർ കളിസ്ഥലമായി ഉപയോഗിച്ചുവരുകയാണ്.
ഭൂമിക്ക് അവകാശ വാദമുന്നയിച്ച് പ്രദേശത്തെ തയ്യിൽ പുനത്തിൽ കുടുംബാംഗങ്ങളും തമ്മിൽ കോടതിയിൽ കേസ് നടന്നുവരുകയാണ്. കേസ് നടപടികളുടെ ഭാഗമായാണ് കോടതി ഭൂമി അളന്ന് തിട്ടപ്പെടുത്താൻ കമീഷനെ നിയമിച്ചത്.
എന്നാൽ, പ്രസ്തുത ഭൂമി പൊതുസ്ഥലമാണെന്നും അത് വിട്ടുകൊടുക്കില്ലെന്നും കാണിച്ച് നാട്ടുകാർ സർവകക്ഷി കർമസമിതിക്ക് രൂപം നൽകുകയായിരുന്നു.
ഇതിന്റ ഭാഗമായി സ്ഥലത്ത് ഇ.കെ. വിജയൻ എം.എൽ.എ, വളയം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.പി. പ്രദീഷ് എന്നിവരുടെ നേതൃത്വത്തിൽ പ്രതിഷേധ കൂട്ടായ്മയും റവന്യൂ മന്ത്രിക്ക് നിവേദനം നൽകുകയും ചെയ്തിരുന്നു. ഇതിനിടയിലാണ് കോടതി നിയോഗിച്ച കമീഷൻ ഭൂമി അളന്ന് തിട്ടപ്പെടുത്താനായി സ്ഥലത്തെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.