തായമ്പകയിൽ 125 മണിക്കൂറെന്ന പുതുചരിത്രം രചിച്ച് ഫറോക്ക് സ്വദേശി മനു നല്ലൂർ
text_fieldsഫറോക്ക്: തായമ്പകയിൽ 104 മണിക്കൂറെന്ന നിലവിലെ ലോക റൊക്കോഡ് മറികടന്ന ഫറോക്ക് സ്വദേശി മനു നല്ലൂർ 125 മണിക്കൂറെന്ന പുതുചരിത്രം സൃഷ്ടിച്ചു. ആറു പകലും അഞ്ചു രാത്രിയും ചെണ്ടയിൽ താള വിസ്മയം തീർത്ത് മനു കൊട്ടിക്കയറിയത് 125 മണിക്കൂറും 18 മിനിറ്റുമെന്ന റെക്കോഡ് നേട്ടത്തിലേക്കാണ്.
ഞായറാഴ്ച രാവിലെ 10ന് നല്ലൂർ ജി.ജി.യു.പി സ്കൂളിൽ ആരംഭിച്ച തായമ്പക യജ്ഞം വെള്ളിയാഴ്ച വൈകീട്ട് അഞ്ച് മണിക്കാണ് അവസാനിപ്പിച്ചത്. റെക്കോഡ് നേട്ടത്തിന് സാക്ഷിയാകാൻ നൂറുക്കണക്കിനാളുകളാണ് ജി.ജി.യു.പി സ്കൂൾ ഓഡിറ്റോറിയത്തിലേക്ക് ഒഴുകിയെത്തിയത്.
104 മണിക്കൂർ റെക്കോഡ് മറികടന്ന മനുവിന് ബെസ്റ്റ് ഓഫ് ഇന്ത്യ ചീഫ് എഡിറ്റർ എം.കെ. ജോസ്, ചീഫ് കോഓഡിനേറ്റർ പി.പി. പീറ്റർ എന്നിവർ സർട്ടിഫിക്കറ്റും ബാഡ്ജും മെഡലും നൽകി. റെക്കോഡ് മറികടന്നയുടൻ കരിമരുന്ന് പ്രയോഗവും മധുര പലഹാര വിതരണവും നടന്നു. തായമ്പക യജ്ഞം അവസാനിപ്പിച്ചതിനു ശേഷം നടന്ന പൊതുസമ്മേളനം മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു.
മനുവിനെ മന്ത്രി പൊന്നാടയണിയിച്ച് ഉപഹാരം നൽകി. സംഘാടക സമിതി ചെയർമാൻ കെ.ടി. മുരളീധരൻ അധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ കെ.ടി.എ. മജീദ്, പി. ബിജീഷ്, സംഘാടക സമിതി കൺവീനർ ഷിബു പൊന്നേംപറമ്പത്ത്, മനുവിന്റെ ഗുരു സുകു നല്ലൂർ, സുന്ദരൻ, മോഹൻ ചാലിയം.
നല്ലൂർ കലാകേന്ദ്രം പ്രസിഡന്റ് എ.പി. ബബീഷ്, കെ.സി. സജീന്ദ്ര ബാബു, കെ.എ. വിജയൻ, സുജീഷ് , എൻ. രാജീവൻ, പി. സോമസുന്ദരൻ, നിധീഷ്. പി, സദാനന്ദൻ എന്നിവർ സംസാരിച്ചു. മനുവിന്റെ ഭാര്യ സ്വേതസി, മകൻ ദശരഥ്, അമ്മ ദേവി, സഹോദരങ്ങളായ മഹേഷ്, സുനിൽ, തുടങ്ങിയവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.