തായമ്പകയിൽ മനു നല്ലൂർ കൊട്ടിക്കയറിയത് ലോക റെക്കോഡിലേക്ക്
text_fieldsഫറോക്ക്: തായമ്പകയജ്ഞത്തിലെ ലോക റെക്കോഡായ 104 മണിക്കൂർ വ്യാഴാഴ്ച രാത്രി എട്ടുമണിയോടെ ഫറോക്ക് സ്വദേശി മനു നല്ലൂർ ഭേദിച്ചു. തുടർന്നും മനു തായമ്പക യജ്ഞവുമായി മുന്നോട്ടുപോവുകയാണ്. ആരോഗ്യ പ്രശ്നങ്ങൾ ഇല്ലെങ്കിൽ വെള്ളിയാഴ്ച വൈകീട്ടുവരെ യജ്ഞം തുടരണമെന്നാണ് തീരുമാനമെന്ന് സംഘാടകർ അറിയിച്ചു. തായമ്പകയിൽ ആറുപകലും അഞ്ച് രാത്രിയുമായി, പുതിയ ലോക റെക്കോഡ് പട്ടികയിൽ മനു നല്ലൂരിന്റെ പേരാണ് ഇനിയുണ്ടാവുക.
നല്ലൂർ ദേശത്തിന്റെ കലാകാരനും നല്ലൂർ കലാലയത്തിന്റെ തേരാളികളിൽ പ്രധാനിയുമായ മനോജ് കുമാർ എന്ന മനുവാണ് തായമ്പകയിലൂടെ 104 മണിക്കൂർ റെക്കോഡ് ഭേദിച്ചത്. തായമ്പകയജ്ഞ മത്സരം വ്യാഴാഴ്ച രാത്രി എട്ടോടെ നിലവിലെ ലോക റെക്കോഡായ 104 മണിക്കൂർ പിന്നിട്ടു. കഴിഞ്ഞ ഞായറാഴ്ച രാവിലെ 10നാണ് യജ്ഞം ആരംഭിച്ചത്.
ബെസ്റ്റ് ഓഫ് ഇന്ത്യ, ലിംക ബുക്ക് എന്നീ ലോക റെക്കോഡുകൾ ലക്ഷ്യമിട്ട് തുടർച്ചയായ അഞ്ചുപകലും രാത്രിയുമായി തായമ്പക അവതരിപ്പിച്ച് നിലവിലെ 104 മണിക്കൂർ റെക്കോഡ് ഭേദിക്കുകയാണ് ലക്ഷ്യമിട്ടിരുന്നത്. നല്ലൂർ ജി.ജി.യു.പി സ്കൂൾ അങ്കണത്തിലാണ് മത്സരം നടക്കുന്നത്. ചെണ്ടമേളവും തായമ്പകയും പഠിച്ച മനു ചെറുപ്പം മുതൽ കേരളത്തിന് പുറത്തും നിരവധി പ്രശസ്ത ക്ഷേത്രങ്ങളിൽ ചെണ്ടമേളം അവതരിപ്പിച്ചുവരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.