ചക്കിട്ടപ്പാറയിൽ മാവോയിസ്റ്റ് സാന്നിധ്യം; പഞ്ചായത്ത് പ്രസിഡൻറിന് ഭീഷണി
text_fieldsപേരാമ്പ്ര: ചക്കിട്ടപ്പാറ ഗ്രാമപഞ്ചായത്തിലെ മുതുകാട്ടിൽ മാവോയിസ്റ്റ് സംഘമെത്തി. മുതുകാട്ടിലെ ഒരു വീട്ടിൽ കയറി ഭക്ഷണം കഴിക്കുകയും ഭക്ഷ്യവസ്തുക്കൾ പിടിച്ചെടുത്ത് കൊണ്ടുപോകുകയും ചെയ്തു. നാലാം ബ്ലോക്കിൽ പയ്യാനകോട്ട ദേവി ക്ഷേത്രത്തിന് സമീപം ഉള്ളാട്ടിൽ ചാക്കോയുടെ വീട്ടിലാണ് ചൊവ്വാഴ്ച്ച വൈകീട്ട് ഏഴ് മണിയോടെ സംഘമെത്തിയത്.
രണ്ട് പുരുഷൻമാരും ഒരു സ്ത്രീയുമാണ് സംഘത്തിലുണ്ടായിരുന്നത്. മൂന്ന് പേരുടെ കൈയ്യിലും തോക്കുണ്ട്. വലിയ ബാഗുമുണ്ടായിരുന്നതായി വീട്ടുകാർ പറഞ്ഞു. കർഷകനായ ചാക്കോയും (68) റിട്ട: അംഗനവാടി ടീച്ചറായ ഭാര്യ അച്ചാമ്മയും (60) ആണ് വീട്ടിൽ ഉണ്ടായിരുന്നത്. ഭക്ഷണമാവശ്യപ്പെട്ടപ്പോൾ ആദ്യം കട്ടൻ ചായയും ഇഡ്ഡലിയും നൽകിയെങ്കിലും അത് കഴിക്കാൻ തയ്യാറായില്ല. ചോറ് വേണമെന്ന് നിർബന്ധം പിടിച്ചപ്പോൾ ചോറ് നൽകി. പിന്നീട് അരി, ചെറുപയർ മണ്ണെണ്ണ തുടങ്ങിയ ബലമായി എടുത്തു കൊണ്ടു പോകുകയുമായിരുന്നെന്ന് വീട്ടുകാർ പറഞ്ഞു.
ലാപ്ടോപ്പ്, മൊബൈൽ ഫോൺ എന്നിവ വീട്ടിൽ നിന്ന് ചാർജ് ചെയ്തു. വീട്ടുകാരെ ഫോൺ ഉപയോഗിക്കാൻ അനുവദിച്ചില്ല. പഞ്ചായത്ത് പ്രസിഡൻറിനെതിരെയും കേന്ദ്ര- സംസ്ഥാന സർക്കാരുകൾക്കെതിരെയും ഇവർ സംസാരിച്ചു. പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും ഖനന മാഫിയക്കും എതിരായ പോസ്റ്റർ വീട്ടിൽ ഏൽപ്പിച്ചു. സംഭവം പുറത്ത് പറയരുതെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് കെ. സുനിലിെൻറ വീടിെൻറ 50 മീറ്ററർ മാത്രം അകലെയുള്ള വീട്ടിലാണ് മാവോയിസ്റ്റുകളെത്തിയത്.
ഗ്രാമ പഞ്ചായത്ത് പ്രസിഡൻറിനെതിരെയുള്ള ഭീഷണി ഗൗരവത്തോടെയാണ് പൊലീസ് കാണുന്നത്. മാവോയിസ്റ്റുകൾക്ക് പ്രാദേശീക സഹായം ലഭിക്കുന്നുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. പൊലീസ് സംരക്ഷണമുൾപ്പെടെയുള്ള കാര്യങ്ങൾ പാർട്ടിയുമായി ആലോചിച്ച് സ്വീകരിക്കുമെന്ന് കെ. സുനിൽ മാധ്യമത്തോട് പറഞ്ഞു. പേരാമ്പ്ര ഡി.വൈ.എസ്.പി ജയൻ ഡൊമിനിക്ക്, പെരുവണ്ണാമൂഴി പൊലീസ് ഇൻസ്പക്ടർ കെ. ഷാജിബ് എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് എത്തി സ്ഥലത്ത് പരിശോധന നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.