റവന്യൂ വകുപ്പിൽ കൂട്ടത്തോടെ സ്ഥാനക്കയറ്റം
text_fieldsകോഴിക്കോട്: റവന്യൂ വകുപ്പിൽ വില്ലേജ് ഓഫിസർമാർക്ക് കൂട്ടത്തോടെ പ്രമോഷൻ. പകരം ഉദ്യോഗസ്ഥർ വരുന്നതുവരെ കാത്തുനിൽക്കാതെ തന്നെ 147 വില്ലേജ് ഓഫിസർ/റവന്യൂ ഇൻസ്പെക്ടർമാർക്ക് ഡെപ്യൂട്ടി തഹസിൽദാർ/ജൂനിയർ സൂപ്രണ്ടുമാരായാണ് സ്ഥാനക്കയറ്റം നൽകിയത്.
സംസ്ഥാനത്തെ വിവിധ ജില്ലകളിൽനിന്ന് 30ഉം 35ഉം വില്ലേജ് ഓഫിസർമാരെ ഒറ്റയടിക്ക് ഡെപ്യൂട്ടി തഹസിൽദാർമാരായി ഉയർത്തുകവഴി ഒഴിവുവന്ന വില്ലേജുകളിൽ പകരം വില്ലേജ് ഓഫിസർമാരെ നിയമിക്കാത്തതിനാൽ ചാർജ് ഭരണമാകും നടപ്പാകുക. പതിവിൽനിന്ന് വ്യത്യസ്തമായി ഇത്രയധികം ഉദ്യോഗസ്ഥർക്ക് ഒന്നിച്ച് സ്ഥാനക്കയറ്റം നൽകിയത്വഴി വില്ലേജ് ഓഫിസുകളുടെ താളം തെറ്റുമെന്ന് ബന്ധപ്പെട്ടവർ ആരോപിക്കുന്നു.
സാധാരണ വില്ലേജുകളിൽ സ്പെഷൽ വില്ലേജ് ഓഫിസർമാരും വില്ലേജ് ഓഫിസർമാരും വില്ലേജ് അസിസ്റ്റന്റുമാണ് ഉണ്ടാകുക. പകരക്കാർ എത്തിയതിനുശേഷമാണ് ഉദ്യോഗസ്ഥർക്ക് വിടുതൽ നൽകുക. പുതിയ ഉത്തരവുപ്രകാരം മിക്ക വില്ലേജുകളിലും ഏതെങ്കിലും ഒരുദ്യോഗസ്ഥന് ചാർജ് നൽകുകയാണ് ചെയ്യുക. താഴെക്കിടയിലുള ഉദ്യോഗസ്ഥർക്ക് സ്ഥാനക്കയറ്റം നൽകാതെ വില്ലേജ് ഓഫിസർമാർക്ക് മാത്രം സ്ഥാനക്കയറ്റം നൽകുന്നതുവഴി വില്ലേജുകളിലെ ജോലിഭാരം വർധിക്കുമെന്ന് ജീവനക്കാർ ആശങ്കപ്പെടുന്നു.
ഡെപ്യൂട്ടി തഹസിൽദാർമാരെ തഹസിൽദാർമാരാക്കാനുള്ള നടപടികൾ വകുപ്പിൽ ഊർജിതമായി നടക്കുന്നതിന്റെ മുന്നോടിയായാണ് വില്ലേജ് ഓഫിസർമാർക്ക് സ്ഥാനക്കയറ്റം നൽകുന്നതെന്നാണ് വിവരം. ഈ പട്ടിക ഉടനിറക്കാനാണ് നീക്കം.
സ്ഥാനക്കയറ്റം ലഭിച്ചവരിൽ ആർക്കെങ്കിലും അച്ചടക്ക നടപടിയോ വിജിലൻസ് കേസോ ഉണ്ടെങ്കിൽ അനുവദിച്ച സ്ഥാനക്കയറ്റം പുനഃപരിശോധിക്കുമെന്നും ഉത്തരവിലുണ്ട്. ഉദ്യാഗസ്ഥരെക്കുറിച്ച് പ്രാഥമിക പരിശോധനപോലും നടത്താതെയാണ് സ്ഥാനക്കയറ്റം നൽകിയതെന്നാണ് ആരോപണം.
ദുരന്ത നിവാരണത്തിന്റെ പശ്ചാത്തലത്തിലാണ് ധിറുതിപിടിച്ച് നൽകിയതെന്ന് പറയുമ്പോൾതന്നെയാണ് വില്ലേജിന്റെ താളം തെറ്റലിന് ഇടയാക്കുന്ന സ്ഥാനക്കയറ്റം നൽകിയതും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.